കിഴക്കുണരും ഓണം
text_fieldsകർഷകർക്ക് ആശ്വാസം
ഓണവിപണിയിൽ തേങ്ങ ഉൾപ്പെടെ കാർഷികോൽപന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമായി. കിഴക്കൻ മേഖലയിലെ പ്രധാന ഉൽപന്നമായ പൈനാപ്പിളിനും മരച്ചീനിക്കും കഴിഞ്ഞ വർഷത്തെയത്ര വിലയില്ലെങ്കിലും നഷ്ടം വന്നിട്ടില്ല. തേങ്ങയും ഏത്തക്കായുമാണ് റെക്കോഡ് വില നേടി മുന്നിൽ.
പൈനാപ്പിൾ വില വലിയ തോതിൽ താഴ്ന്നിട്ടില്ല. കപ്പ കിലോക്ക് 30 മുതൽ 40 രൂപ വരെ വിലയുണ്ട്. കാറ്റിലും മഴയിലും നാശമുണ്ടായെങ്കിലും നേന്ത്രക്കായക്കും നല്ല വില ലഭിക്കുന്നു. നാടൻ എത്തക്കായക്ക് 60 രൂപ വരെ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചു. ഞാലിപ്പൂവന് 90 രൂപയായി ഉയർന്നിട്ടുണ്ട്. പാളയൻകോടന് 30ഉം പൂവൻപഴത്തിന് 40ഉം രൂപയായി.
കോളാതുരുത്തിലെ ഓണത്തപ്പന്മാർ
കോളാതുരുത്ത് ഗ്രാമം ഇത്തവണവും പതിവുതെറ്റിക്കാതെ ഓണത്തപ്പന്മാരെ ഒരുക്കുകയാണ്. ഓണത്തറയിൽ വെക്കാൻ ആയിരക്കണക്കിന് ഓണത്തപ്പന്മാരാണ് ഇവിടെ ഒരുങ്ങുന്നത്. ഓണത്തറയിൽ പ്രതിഷ്ഠിക്കാനുള്ള ചിരകയും ഉരലും അരകല്ലും മുത്തിയമ്മമാരുമൊക്കെ ഓണത്തപ്പന്മാരെപോലെതന്നെ ചുവന്ന വർണത്തിലാണ് നിർമിച്ചിരിക്കുന്നത്.
വാളകം പഞ്ചായത്തിലെ ബഥനിപടിക്കു സമീപമാണ് കോളാതുരുത്ത്. മധ്യകേരളത്തിലെ പല സ്ഥലങ്ങളിലേക്കും ഓണത്തപ്പന്മാരെ എത്തിക്കുന്നത് ഇവിടെനിന്നാണ്. 200 രൂപക്ക് അഞ്ച് ഓണത്തപ്പന്മാരും മുത്തിയമ്മയും ചിരകല്ലും പിള്ളക്കല്ലും അരകല്ലും ലഭിക്കും. കഴിഞ്ഞ വർഷം 150 രൂപയായിരുന്നു. കളിമണ്ണിനടക്കം വില വർധിച്ചതാണ് ഇത്തവണ വില കൂടാൻ കാരണം. കർണാടകയിൽനിന്നാണ് കളിമണ്ണ് എത്തിക്കുന്നത്. മാവേലിയുടെയും ഗണപതിയുടെയുമൊക്കെ കളിമൺരൂപങ്ങളും കോളാതുരുത്തിൽ ഒരുങ്ങിയിട്ടുണ്ട്. 100 മുതൽ 1000 രൂപയുടെവരെ മാവേലി രൂപങ്ങൾ ഇവിടെ കിട്ടും.
കോളാതുരുത്തില് മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയ 32 കുടുംബങ്ങളാണുള്ളത്. പലരും തൊഴിലിൽനിന്ന് മാറിയെങ്കിലും ഭൂരിഭാഗം കുടുംബങ്ങളിലെയും പ്രായമായവർ ഇന്നും ഇതിൽ തുടരുന്നു. കര്‍ക്കടകം പകുതിയാകുമ്പോഴേക്കും കളിമണ്ണ് ആവശ്യത്തിനു എത്തിച്ച് പാരമ്പര്യ രീതികളനുസരിച്ച് ഓണത്തപ്പന്മാരെ ഒരുക്കിയെടുക്കാനാരംഭിക്കും.
വ്രതശുദ്ധിയോടെയാണ് ഇവർ കളിമണ്ണിൽ രൂപങ്ങൾ കടഞ്ഞെടുക്കാൻ പുലർച്ചതന്നെ പണിപ്പുരിയിൽ എത്തുക. മറ്റ് കളിമണ്‍ ശില്പങ്ങളെപോലെ ഓണത്തപ്പന്മാരെ ചുട്ടെടുക്കുകയോ വെയിലത്ത് ഉണക്കുകയോ ചെയ്യരുതെന്നാണ് വിശ്വാസം. വലിയ പന്തലൊരുക്കിയാണ് ഓണത്തപ്പന്മാരെ സൂക്ഷിക്കുന്നത്. തുടർന്നാണ് വിൽപനക്ക് എത്തിക്കുന്നത്..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.