ഹാപ്പി ‘ഓനം’
text_fieldsകേരളീയ വേഷമണിഞ്ഞ് വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന വിദേശ വനിതകൾ
ഓണാഘോഷത്തിന് കൊച്ചിയിലെത്തുന്ന വിദേശികളുടെ എണ്ണം ഓരോ വർഷവും ഏറിവരികയാണ്. യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഓണം സീസണിൽ സ്ഥിരമായി വന്നു പോകുന്നവർ കുറവല്ല. ഓണം സീസണിൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രത്യേക ടൂറിസം പദ്ധതികൾ ഒരുക്കുന്നതും പതിവായിരിക്കുന്നു.
ഇക്കുറിയും ചില ഏജൻസികളും ടൂറിസം ക്ലബുകളും സഞ്ചാരികളെ ആകർഷിക്കാൻ വിപുല പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. തുടർച്ചയായ മഴ പ്രതിസന്ധി സൃഷ്ടിക്കുമോഎന്ന ആശങ്കയുണ്ടെങ്കിലും ടൂർ ഏജൻസികൾ മുന്നോട്ട് തന്നെയാണ്. അതേ സമയം, മഴയുണ്ടെങ്കിൽ വിദേശികൾക്കായി മഴക്കാല ഫുട്ബാൾ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഫോർട്ട്കൊച്ചിയിൽ എല്ലാ വർഷവും വലിയ പൂക്കളം ഒരുക്കാറുണ്ട്.
വിദേശികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചാണ് ഭീമൻ പൂക്കളം തയ്യാറാക്കുന്നത്. വടം വലി മത്സരം, ഓലമെടയൽ മത്സരം, ആംഗ്ളിങ് ( ചൂണ്ടയിടൽ) എന്നിവയും വിദേശികൾക്കായി മാത്രം സംഘടിപ്പിക്കാറുണ്ട്. മൂന്ന് വർഷം മുമ്പ് പള്ളുരുത്തി വെളിയിൽ വിദേശികളും നാട്ടുകാരും ഉൾപ്പെടുന്ന ടീം ആനയുമായി വടം വലി മത്സരം നടത്തിയത് ശ്രദ്ധേയമായിരുന്നു. ആനയായിരുന്നു അന്നത്തെ മത്സര വിജയി.
ആനകളെ ഉപയോഗിക്കുന്നതിൽ നിയമത്തിന്റെ നൂലാമാലകൾ ഉണ്ടെങ്കിലും ജില്ല ഭരണാധികാരിയുടെ അനുമതിയോടെ വീണ്ടും അത്തരം ഒരു മത്സരം സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി ഒരു സംഘടനയുടെ ഭാരവാഹികൾ പറഞ്ഞു . രാജ്യത്തെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്പളങ്ങിയിലും ഇക്കുറി വിദേശികൾക്കായി വിവിധ പരിപാടികൾ ഒരുക്കുന്നുണ്ടെന്ന് ഹാറ്റ്സ് ചെയർമാൻ എം.പി ശിവദത്തൻ അറിയിച്ചു.
എല്ലാ വർഷവും വിദേശികളെ ആകർഷിക്കുന്ന കല, കായിക പരിപാടികൾ കുമ്പളങ്ങിയിൽ നടത്താറുണ്ട്. കുട്ട, മൺപാത്ര നിർമാണം അടക്കം വിദേശികൾക്ക് ഗ്രാമീണത പരിചയപ്പെടാനും അവസരമൊരുക്കിവരുന്നു.
ഇത്തവണ ഓണം സീസണിൽ വലിയ പ്രതീക്ഷയാണ് ടൂറിസം രംഗത്തുള്ളവർ വെച്ചുപുലർത്തുന്നത്. അത്യാവശ്യം ബുക്കിങുകൾ ഹോം സ്റ്റേകളിലും ഹോട്ടലുകളിലും ലഭിച്ചിട്ടുണ്ട്. വിദേശികളെ ആകർഷിക്കുന്ന കേരള സാരികൾ, മുണ്ടുകൾ, ജുബ്ബകൾ എന്നിവയും വിപണിയിലെത്തിക്കഴിഞ്ഞു. സഞ്ചാരികളുടെ വരവ് മുന്നിൽ കണ്ട് പൊതു സ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ഊർജിതമാക്കണമെന്നാണ് ടൂറിസം രംഗത്തുള്ളവരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.