ഇന്ന് അത്തം; ഇനി പൊന്നോണപ്പൂവിളിക്കാലം
text_fieldsഓണത്തോടനുബന്ധിച്ച് എടപ്പാൾ ടൗണിൽ വിൽപനക്കെത്തിയ പൂക്കൾ
തിരുനാവായ: ഗതകാലസ്മരണകള്‍ ഉണര്‍ത്തി മലയാളി മനസില്‍ ഇനി പൂവിളിക്കാലം. അത്തം തൊട്ട് പത്താം നാളാണ് തിരുവോണം. അതുകൊണ്ടുതന്നെ അത്തം മുതൽ തുടങ്ങുന്ന പൂക്കളമൊരുക്കൽ ഓണം വരെ തുടരും. മുൻകാലങ്ങളിൽ പാടത്തും തൊടിയിലും നിന്നു പറിച്ചെടുക്കുന്ന പൂക്കൾ കൊണ്ടാണു പൂക്കളം തീർത്തിരുന്നത്.
നാട്ടിൻപുറങ്ങൾ കുറഞ്ഞതോടെ നാടൻ പൂക്കളും കാണാക്കാഴ്ചയായി. മറുനാടൻ പൂക്കളാണ് പതിവു പോലെ ഇക്കുറിയും ഓണത്തെ നിറച്ചാർത്തണിയിക്കുന്നത്. കർണാടകയിലെ ഗുണ്ടൽപേട്ടിൽനിന്നും മറ്റും വൻതോതിൽ ഓണപ്പൂക്കളാണ് അതിര്‍ത്തി കടന്നെത്തുന്നത്. അത്തമായതോടെ വിപണിയിൽ വൈവിധ്യമാർന്ന പൂക്കൾ വന്നു നിറയാൻ തുടങ്ങിയിട്ടുണ്ട്.
ജമന്തി തന്നെ പല നിറങ്ങളിലുണ്ട്. മഞ്ഞ, ഓറഞ്ച്, വയലറ്റ്, പിങ്ക്, വെള്ള നിറങ്ങളിലുള്ള ജമന്തിക്കും പല വിലയാണ്. വിലക്കുറവും ലഭ്യതയും പൊലിമയും കാരണം കൂടുതലായി വിറ്റുപോകുന്നതും ജമന്തിപ്പൂക്കളാണ്. പനിനീർപ്പൂക്കൾ റോസ്, പിങ്ക്, വെള്ള എന്നിങ്ങനെ നിറങ്ങൾ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ട്. അരളിപ്പൂക്കൾ ചുവപ്പ്, വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങളിലുണ്ട്.
പൂക്കളത്തിനു പച്ച നിറം നൽകാൻ ഇലയാണ് വിപണിയിൽ കിട്ടുക. തുളസിയില മുതൽ പേരറിയാത്ത പലയിനം ഇലകളും പൂ വിപണിയിലെ അതിഥി താരങ്ങളായുണ്ട്. അത്തം തുടങ്ങുമ്പോൾ പൂ വിപണിയിൽ വില അൽപം കുറവാണ്. തിരുവോണത്തോട് അടുക്കുന്തോറും പൂവിലയും കൂടുകയാണ് പതിവ്.
വിദ്യാലയങ്ങളിൽ ഓണത്തിനു മുന്നോടിയായി വ്യാപകമായി പൂക്കൾ കൃഷി ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇത്തവണ പ്രതീക്ഷിക്കാതെ വന്ന കനത്ത മഴയിൽ ഒട്ടുമുക്കാലും പൂക്കൾ നശിച്ചു. വില അൽപം കൂടിയാലും ഇത്തവണ പൂർണമായും മറുനാടൻ പൂക്കളെത്തന്നെ ആശ്രയിക്കേണ്ടതായിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.