സീവുഡ്‌സ് സമാജത്തിന്റെ ഓണം ഓപ്പുലൻസ് സെപ്തംബർ ആറിന്
text_fieldsകഴിഞ്ഞ വർഷം നടന്ന പൂക്കളത്തിൽനിന്ന്
മുംബൈ: സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസ് മാളും കൈകൾ കോർത്ത് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. വരുന്ന സെപ്തംബർ ആറിന് രാവിലെ പത്തര മുതൽ ഭീമൻ പൂക്കളം മാളിന്റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് ഒരുങ്ങും. വൈകിട്ട് നാലര മുതൽ ഒമ്പത് വരെ വിവിധ കലാപരിപാടികളും മാളിൽ അരങ്ങേറും. ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷമാണിത്.
ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, മാവേലിത്തമ്പുരാന്റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, എത്തിനിക് നൃത്തം എന്നിവയുമുണ്ടാവും. കൂടാതെ പരശുരാമൻ, വാമനൻ തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും കലാസന്ധ്യയിൽ അണിനിരക്കും.
ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയിരിക്കുന്നത്. ജാതി - മത - ദേശ - ഭാഷ - തൊഴിൽ - സമാജ സംഘടന - രാഷ്ട്ര - രാഷ്ട്രീയ ഭേദമന്യേ, സീവുഡ്സ് സമാജം വർഷങ്ങളായി സീവുഡ്സ് മാളിൽ ഭീമൻ പൂക്കളമൊരുക്കി പ്രളയബാധിതയായ കേരളത്തിന് കൈത്താങ്ങായി മുന്നിട്ടിറങ്ങി വന്നിരുന്നു.
ഏറ്റവും അധികം അന്യഭാഷക്കാർ പങ്കെടുക്കുന്ന ഓണാഘോഷമെന്ന ബഹുമതിയും ഓണം ഓപ്പുലൻസിനുണ്ട്. കേരളത്തിൻ്റെ സാംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കുന്നത് സീവുഡ്സ് സമാജത്തിന്റെ നൂറിൽപ്പരം കലാകാരന്മാരാണ്.
മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്സ് മലയാളി സമാജം ആറാം തവണയാണ് മെഗാപ്പൂക്കളമൊരുക്കുവാൻ സീവുഡ്സ് ഗ്രാൻറ് സെൻട്രൽ മാളുമായി കൈകോർക്കുന്നത്. ഇതാദ്യമായാണ് ഓണം ഓപ്പുലൻസിൽ പുതപ്പാട്ടും എത്തിനിക് നൃത്തവും അരങ്ങേറുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഓണം ഓപ്പുലൻസിൽ ഇത്തവണ മികച്ച ഇൻസ്റ്റാഗ്രാം റീലുകൾക്ക് സമ്മാനവുമേർപ്പെടുത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.