തിരുവോണത്തിന്റെ തൃക്കാക്കര
text_fieldsതൃക്കാക്കര ക്ഷേത്രത്തിലെ സമൂഹ ഓണസദ്യ (ഫയൽ ചിത്രം)
ഓണം വന്നെത്തുമ്പോൾ മഹാനഗരമായ കൊച്ചിയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നത് തൃക്കാക്കര ക്ഷേത്രo തന്നെയാണ്. ഓണത്തിന്റെ ആരാധനമൂർത്തിയായ തൃക്കാക്കരയപ്പന്റെ ആസ്ഥാനവും കേരളത്തിന്റെ ദേശീയോത്സവമായ തിരുവോണാഘോഷങ്ങളുടെ സമാരംഭവും തൃക്കാക്കര മഹാക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ്.
മഹാബലി എന്ന സുന്ദര സങ്കൽപ്പം സമ്യദ്ധിയുടെയും സത്യത്തിന്റെയും ധർമത്തിന്റെയും ദാനത്തിന്റെയും പ്രതീകമായി ഓണാഘോഷങ്ങളിൽ സ്മരിക്കപ്പെടുന്നു. പൂർണചന്ദ്രൻ ശ്രാവണ നക്ഷത്രത്തിൽ സഞ്ചരിക്കുന്ന പൊന്നിൻ ചിങ്ങ തിരുവോണം. ചിങ്ങത്തിലെ മാത്രമല്ല എല്ലാ മാസത്തിലെയും തിരുവോണത്തിന് തൃക്കാക്കര മഹാക്ഷേത്രത്തിൽ പ്രാധാന്യമുണ്ട്. തിരുവോണ ഊട്ട് ഇവിടുത്തെ പ്രധാന വഴിപാടാണ്. അന്നദാനത്തോട് കൂടിയ ഈശ്വരഭക്തിക്ക് പ്രാമുഖ്യമുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം.
ഈ വർഷം ക്ഷേത്രത്തിലെ തിരുവോണ മഹോത്സവം ആഗസ്റ്റ് 27ന് കൊടിയേറി സെപ്തംബർ അഞ്ചിന് ആറാട്ടോടെ സമാപിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും ഉത്സവാഘോഷ കമ്മറ്റിയും ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അത്തം മുതൽ തിരുവോണം വരെയാണ് ഉത്സവം. ആദ്യദിനത്തിൽ രാവിലെ ഏഴിന് കലവറ നിറയ്ക്കൽ ചടങ്ങോടെ ചടങ്ങുകൾ ആരംഭിക്കും.
വൈകീട്ട് ദീപാരാധനയോടെ ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും. പിന്നാലെ നൃത്തനൃത്യങ്ങളും നൃത്ത സന്ധ്യയും നടക്കും. പിറ്റേ ദിവസം ചിത്തിരനാളിൽ രാത്രി എട്ടിനാണ് കൊടിയേറ്റ്. തുടർന്നുള്ള ദിവസങ്ങളിൽ ചാക്യാർ കൂത്ത്, തിരുവാതിര, കുച്ചിപ്പുടി, ഭരതനാട്യം, നാട്ടരങ്ങ്, ഓട്ടൻ തുള്ളൽ, കഥകളി, കൈകൊട്ടിക്കളി, വില്ലടിച്ചാൻപാട്ട്, നാടകം, മോഹിനിയാട്ടം, ബാലെ, സംഗീതകച്ചേരി തുടങ്ങിയവ നടക്കും. ഉത്രാട നാളിൽ വലിയ വിളക്ക്, തിരുമുൽക്കാഴ്ച സമർപ്പണം, പകൽപ്പൂരം, ആകാശ വിസ്മയക്കാഴ്ച എന്നിവയും നടക്കും. തിരുവോണ നാളിൽ നടക്കുന്ന സദ്യയിൽ പതിനായിരങ്ങൾ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.