Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിജീവനത്തിന്റെ ‘പത്താമുദയം’; തെയ്യക്കോലങ്ങൾ പുറപ്പെടുകയാണ്

text_fields
bookmark_border
അതിജീവനത്തിന്റെ ‘പത്താമുദയം’; തെയ്യക്കോലങ്ങൾ പുറപ്പെടുകയാണ്
cancel

തോറ്റ മനുഷ്യരെ തെയ്യങ്ങളായി ആവാഹിച്ച്, നീതിക്കും ജീവിത ദുരിതങ്ങൾക്കും അതിജീവനത്തിനും സാക്ഷികളായി തെയ്യങ്ങൾ കാവുകളിലേക്ക് പുറപ്പെടുന്നു, ഇന്നാണ് ആ ദിനം ‘പത്താമുദയം’. വടക്കൻ മലബാറിൽ വിശ്വാസ-അനുഷ്ഠാനങ്ങളുടെ നിറവിൽ കാവുകളും തറവാടുകളും തെയ്യക്കോലങ്ങളെ വരവേൽക്കുന്ന ദിനമാണ് പത്താമുദയം. മനുഷ്യനും ദൈവവും തമ്മിലുള്ള അകലം മായ്ച്ചുകളയുമെന്ന് വിശ്വസിക്കുന്ന ഈ അനുഷ്ഠാനത്തിന് വടക്കൻ മലബാറിന്റെ സാംസ്കാരിക ജീവിതത്തിൽ സവിശേഷ സ്ഥാനമാണുള്ളത്.

പ്രകൃതിയും മനുഷ്യനും തമ്മിൽ

കർക്കടകത്തിന്റെ ഇരുട്ടിനെയും മഴയുടെ ദുരിതങ്ങളെയും പിന്നിട്ട് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയൊരു കാലത്തെ വരവേൽക്കുന്ന ദിനമായി പത്താമുദയത്തെ കാണുന്നവരുണ്ട്. മലയാളമാസം തുലാം പത്തിനാണ് പത്താമുദയം കൊണ്ടാടുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടയാളപ്പെടുത്തുന്ന ഇത്തരം ആചാരങ്ങൾ മലബാറിന്റെ ഗ്രാമീണ ജീവിതത്തിൽ ഇന്നും തെളിഞ്ഞുകാണാം. തെയ്യത്തിന്റെ വരവിനായി കാത്തിരിക്കുന്ന കാവുകളിൽ ദിവസങ്ങൾക്കുമുന്നേ ഒരുക്കങ്ങൾ തുടങ്ങും. പരിസരം വൃത്തിയാക്കി, വാദ്യമേളങ്ങൾക്ക് ക്രമീകരണങ്ങളൊരുക്കി ആളും ആരവവും എത്തിച്ചേരുന്നതോടെ പിന്നീട് ഉത്സവാന്തരീക്ഷമാകും. തെയ്യങ്ങളെ അണിയിച്ചൊരുക്കുന്ന കലാകാരന്മാർക്ക് ഈ ദിവസങ്ങൾ ഏറെ തിരക്കുള്ളതാണ്. മുഖത്തെഴുത്തും മെയ്യെഴുത്തും ചമയങ്ങളും ആടയാഭരണങ്ങളും ചേർന്ന് സാധാരണ മനുഷ്യൻ ദൈവസങ്കൽപത്തിന്റെ പ്രതിരൂപമായി ഇവർ മാറും.

ചെറുത്തുനിൽപ്പും പ്രതിഷേധങ്ങളും

തെയ്യങ്ങൾ വെറും ആരാധനാരൂപങ്ങളല്ല വടക്കൻ മലബാറുകാർക്ക്. അത് ഒരു നാടിന്റെ സാമൂഹിക ചരിത്രവും മനുഷ്യരുടെ ജീവിതാനുഭവവും വിശ്വാസങ്ങളുമാണ് നമുക്കുമുന്നിൽ വെക്കുന്നത്. തെയ്യങ്ങളുടെ ഐതിഹ്യങ്ങളിൽ അധികാരത്തിനെതിരായ ചെറുത്തുനിൽപ്പിന്റെയും പ്രതിഷേധത്തിന്റെയും ദുരന്തങ്ങളുടെയും ഓർമകളുണ്ട്. സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതവും അനുഭവങ്ങളും ദൈവസങ്കൽപങ്ങളായി ഉയർത്തുന്ന ഇടമാണ് തെയ്യക്കാവുകൾ. തോറ്റംപാട്ടിലൂടെയാണ് തെയ്യത്തിന്റെ ഐതിഹ്യം അവതരിപ്പിക്കുന്നത്. പാട്ടും ചെണ്ടമേളവും കുരുത്തോലയും തീയും നിറങ്ങളും തെയ്യക്കോലങ്ങൾക്ക് ജീവൻ നൽകുന്നു.

വിശ്വാസത്തിന്റെ ഉറപ്പ്

തെയ്യത്തിന്റെ ഓരോ ചുവടിലും മുഖഭാവങ്ങളിലും കലാരൂപത്തിന്റെ സൗന്ദര്യം മാത്രമല്ല, തലമുറകളായി കൈമാറിവന്ന വിശ്വാസത്തിന്റെ ശക്തികൂടിയാണ് അടയാളപ്പെടുന്നത്. തെയ്യക്കോലം ഉറഞ്ഞാടുമ്പോൾ തൊഴുതുനിൽക്കുന്ന ഭക്തർ സങ്കടങ്ങളും ആവശ്യങ്ങളും തെയ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്നു. പ്രാദേശികമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യാസങ്ങളുണ്ടെങ്കിലും പത്താമുദയം മലബാറിലെ പല ഗ്രാമങ്ങളിലും ഉത്സവകാലത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ കാവിനും തനതായ ആചാരങ്ങളും ഐതിഹ്യങ്ങളും തെയ്യക്കോലങ്ങളുമുണ്ട്. ഓരോ തെയ്യവും ഓരോ ദേശത്തിന്റെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തിവെക്കുന്നു.

തെയ്യക്കാവുകളിലേക്ക്

ആധുനിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും തെയ്യക്കാവുകളിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തുന്നുണ്ട്. അനുഷ്ഠാനകലയെന്ന നിലയിലും സാമൂഹിക ചരിത്രത്തിന്റെ അടയാളമെന്ന നിലയിലും തെയ്യം പുതിയ തലമുറക്കും പരിചയപ്പെടുത്തേണ്ട സാംസ്കാരിക സമ്പത്താണ്.

തോറ്റംപാട്ടുകൾ ഉയരുന്നു... ചെണ്ടകൾ മുഴങ്ങുന്നു... ചമയങ്ങൾ അണിഞ്ഞ തെയ്യക്കോലങ്ങൾ ഇനി പുറപ്പെടുകയാണ്. കണ്ണീരിനും പ്രതീക്ഷകൾക്കും നീതിക്കും കാത്തിരിപ്പിനും സാക്ഷിയായി തെയ്യങ്ങൾ ജനങ്ങൾക്കിടയിലെക്കിറങ്ങും. വിശ്വാസവും ചരിത്രവും കലയും ചേരുന്ന വടക്കൻ മലബാറിന്റെ ഈ പാരമ്പര്യം ഓരോ പത്താമുദയത്തിലും പുതുക്കപ്പെടുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The 'tenth sense' of survival; Theyakolams are emerging
Next Story