ആറന്മുള കണ്ണാടിയെന്ന വിസ്മയം
text_fieldsആറന്മുള കണ്ണാടി
ഓട്ടുപാത്ര നിർമാണത്തിനിടെ പ്രത്യേകതരം കൂട്ടിൽ നിർമിച്ച പാത്രം ഉരച്ച് മിനുസപ്പെടുത്തിയപ്പോൾ കണ്ണാടിപോലെ തിളക്കമുണ്ടായി. ഈ കൂട്ട് മനസ്സിലാക്കിയ ശില്പികൾ ഇതുപയോഗിച്ച് രാജപ്രീതിക്കായി ഒരു കിരീടം നിർമിച്ചു. ഇതിൽ ഗോപിക്കുറിയുടെ ആകൃതിയിൽ തിളക്കമാർന്ന ഈ ലോഹവും ഉപയോഗിച്ചിരുന്നു
അകലമില്ലാത്ത കാഴ്ചയുടെ തെളിമ പ്രദാനം ചെയ്യുന്ന ലോഹനിർമിത വിസ്മയമാണ് ആറന്മുള കണ്ണാടി. ആറന്മുള ക്ഷേത്ര നിർമിതിയുമായി ബന്ധപ്പെട്ടാണ് ആറന്മുള കണ്ണാടിയുടെ ഉത്ഭവം. രാജഭരണകാലത്ത് തമിഴ്നാട്ടിലെ ശങ്കരൻകോവിൽനിന്ന് പ്രഗത്ഭ ശില്പികളെ കൊണ്ടുവന്നാണ് ആറന്മുള ക്ഷേത്രം നിർമിച്ചത്. ക്ഷേത്രത്തിലേക്ക് ആവശ്യമായ വിളക്ക് ഉൾപ്പെടെ ഓട്ടുപാത്രങ്ങളും പൂജാസാമഗ്രികളും നിർമിച്ചിരുന്നതും വിശ്വകർമ വിഭാഗത്തിൽപ്പെട്ടവരാണ്.
ഒട്ടുപാത്ര നിർമാണത്തിനിടെ പ്രത്യേകതരം കൂട്ടിൽ നിർമിച്ച പാത്രം ഉരച്ച് മിനുസപ്പെടുത്തിയപ്പോൾ കണ്ണാടിപോലെ തിളക്കമുണ്ടായി. ഈ കൂട്ട് മനസ്സിലാക്കിയ ശില്പികൾ ഇതുപയോഗിച്ച് രാജപ്രീതിക്കായി ഒരു കിരീടം നിർമിച്ചു. ഇതിൽ ഗോപിക്കുറിയുടെ ആകൃതിയിൽ തിളക്കമാർന്ന ഈ ലോഹവും ഉപയോഗിച്ചിരുന്നു. കണ്ണാടിയിലേ പ്രതിബിംബം കാണാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു ഇത്. കിരീടത്തിന്റെ തിളക്കം കണ്ട് അത്ഭുതം തോന്നിയ രാജാവ് ഇത് തിരുവാറന്മുളയപ്പന് സമർപ്പിച്ചു .
കിരീട നിർമാണത്തിലെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ തിരുവിതാംകൂർ രാജാവ് ശില്പികളോട് ആറന്മുളയിൽ താമസമാക്കാൻ നിർദേശിക്കുകയും ഇവർക്ക് സ്ഥലവും വീട് വെക്കാനുള്ള സൗകര്യവും ഒരുക്കികൊടുക്കുകയും ചെയ്തു. തമിഴ്നാട്ടിൽനിന്ന് എത്തിയ ശില്പികളുടെ പിന്മുറക്കാരായ 26 കുടുംബങ്ങൾ പാരമ്പര്യമായി ലോഹക്കണ്ണാടിയുടെ നിർമാണത്തിലേർപ്പെട്ട് ഇപ്പോഴും ആറന്മുളയിലുണ്ട്.
ആറന്മുള പുഞ്ചയിലെ പശപ്പുള്ള ചെളി ഉണക്കി പൊടിച്ചെടുത്തശേഷം ഇത് പുത്തൻ ചെളിയുമായി കൂട്ടിച്ചേർക്കും. തുടർന്ന് വിത്ത്ചണം, ചാണകം എന്നിവകൂടി ചേർത്താണ് ലോഹക്കണ്ണാടി നിർമാണത്തിനാവശ്യമായ മൺമൂശകൾ ഉണ്ടാക്കുന്നത്. കണ്ണാടിയുടെ വലിപ്പത്തിനനുസരിച്ചാണ് മൂശകൾ സംയോജിപ്പിക്കുന്നത്. ഈ മൂശയിലേക്ക് ആറന്മുള കണ്ണാടിയുടെ നിർമാണത്തിനുള്ള ചെമ്പിന്റെയും വെളുത്തീയത്തിന്റെയും (വെങ്കലം) ലോഹക്കൂട്ട് പ്രത്യേക അനുപാതത്തിൽ ഉരുക്കി ഒഴിക്കും.
തുടർന്ന് 24 മണിക്കൂറിനുശേഷം മൂശ ഉടച്ച് ലോഹഫലകം പുറത്തെടുക്കും. ഫലകത്തെ കണ്ണാടിയുടെ വലിപ്പത്തിനനുസരിച്ച് മുറിച്ചെടുക്കും. ഈ ഫലകം മെഴുകും ചാഞ്ചല്യവും എണ്ണയും ചേർത്ത് നിർമിക്കുന്ന പ്രത്യേകതരം പശ ഉപയോഗിച്ച് തടിയിൽ ഒട്ടിച്ചെടുക്കും. തുടർന്ന് ഉരച്ച് മിനുസപ്പെടുത്തിയെടുക്കുന്നതോടെ കണ്ണാടിയുടെ തിളക്കം ലഭിക്കും. സാധാരണ കണ്ണാടിയിൽ രസം പുരട്ടിയ പിൻഭാഗത്തുനിന്നാണ് പ്രതിബിംബമെങ്കിൽ കണ്ണാടിയുടെ മുൻഭാഗത്തുനിന്ന് അകലമില്ലാത്ത കാഴ്ചയാണ് ആറന്മുള കണ്ണാടിയുടെ പ്രത്യേകത.
സൂക്ഷ്മമായ നിർമാണം
സൂക്ഷ്മമായ അർപ്പണ -നിർമാണബോധവും വൈഭക്ഷമയുമുളള വിദഗ്ധ ശില്പികളാണ് ആറന്മുള കണ്ണാടി നിർമിക്കുന്നത്. തങ്ങൾക്ക് ലഭിച്ച ദൈവിക നിയോഗമായി കരുതിയാണ് ഈ കുടുംബങ്ങൾ ആറന്മുള കണ്ണാടിയുടെ നിർമാണം ഇപ്പോഴും നടത്തുന്നത്. ആറന്മുള കണ്ണാടി പോസിറ്റിവ് എനർജി പ്രധാനം ചെയ്യുന്നുവെന്നാണ് മറ്റൊരു വിശ്വാസം. കണ്ണാടിയുടെ സാന്നിധ്യം വീട്ടിലും സ്ഥാപനങ്ങളിലും ജോലിസ്ഥലത്തും ഉണ്ടാകുന്നത് ഐശ്വര്യദായകമെന്നും കരുതുന്നു.
ക്ഷേത്ര ആവശ്യങ്ങൾക്കും അഷ്ടമംഗല്യത്തിന്റെ ഭാഗമായും വിഷുക്കണി ദർശനത്തിനും ആറന്മുള കണ്ണാടി വെക്കാറുണ്ട്. ആറന്മുള വാൽക്കണ്ണാടി ലോകപ്രശസ്തമാണ്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് അവിടെ സൂക്ഷിച്ചിരിക്കുന്ന 45 സെ.മീ വലിപ്പമുള്ള ആറന്മുള കണ്ണാടി. പൈതൃക ഗ്രാമമായ ആറന്മുളയിലല്ലാതെ മറ്റൊരിടത്തും ഇത്തരത്തിൽ ലോഹക്കണ്ണാടി നിർമിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
മിനുക്കിയെടുക്കുന്ന ലോഹപ്രതലത്തിൽ കണ്ണാടിയേക്കാൾ വ്യക്തമായ പ്രതിബിംബകാഴ്ച പ്രദാനം ചെയ്യുന്ന ആറന്മുള ലോഹക്കണ്ണാടി ആളുകൾക്ക് എന്നും വിസ്മയമാണ്. അതുകൊണ്ടുതന്നെ ആറന്മുളയിലെത്തുന്ന ഏതൊരാളും ക്ഷേത്രദർശനത്തിനുശേഷം ആറന്മുള കണ്ണാടികൂടി വാങ്ങിയാണ് മടങ്ങുന്നത്. ആറന്മുള കണ്ണാടിയെന്ന പേരിൽ വ്യാജ കണ്ണാടികളും നിർമിച്ച് വില്പന നടത്തുന്നുണ്ട്. ഇത്തരം കണ്ണാടികൾ വാങ്ങുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുക.
പള്ളിയോട നിർമാണം
ആറന്മുള ചൈതന്യം കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന പള്ളിയോടങ്ങളുടെ നിർമാണം സൂഷ്മവും പ്രത്യേകത നിറഞ്ഞതുമാണ്. ചെമ്പകശ്ശേരി രാജാവിന്റെ നിർദേശപ്രകാരം വെങ്കിടിയിൽ നാരായണനാചാരിയാണ് യുദ്ധക്കപ്പൽ എന്ന രീതിയിൽ ആദ്യത്തെ ചൂണ്ടൻവള്ളം രൂപകല്പന ചെയ്യത്. തിരുവോണ വിഭവങ്ങളുമായി ആറന്മുള ക്ഷേത്രത്തിലേക്ക് എത്തുന്ന മങ്ങാട്ട് ഭട്ടതിരി സഞ്ചരിച്ച തിരുവോണത്തോണിക്കുനേരെ നദീകൊള്ളക്കാരുടെ ആക്രമണം ഉണ്ടായി.
ഇതേ തുടർന്നാണ് തിരുവോണത്തോണിക്ക് സംരക്ഷണം ഒരുക്കാൻ പള്ളിയോടങ്ങളുടെ നിർമാണം ആരംഭിച്ചത്. അമരവും കൂമ്പും ഉയർന്നുനിൽക്കുന്ന പള്ളിയോടങ്ങളുടെ നിർമാണം ഏറെ സങ്കീർണത നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ വ്രതാനുഷ്ഠാനങ്ങളോടെയും ആചാരപരമായ നിഷ്ഠയോടെയുമാണ് ശില്പികൾ ഇത് നിർമിക്കുന്നത്. പള്ളിയോട നിർമാണത്തിനായി മരം മുറിക്കുന്നതുമുതൽ നീറ്റിലിറക്കുന്നതുവരെ പ്രാർഥാനാപൂർവമായ വിവിധ ചടങ്ങുകളും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.