Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാഷ്ട്രീയ വിഷു
cancel

ജ്യോതിശാസ്​ത്രപരവും കാർഷികവും ഋതുപരവും സാംസ്​കാരികവും മിത്തോളജിക്കലുമായ പ്രാധാന്യങ്ങൾ തീർച്ചയായും വിഷുവിനുണ്ട്. ജ്യോതിശാസ്​ത്രപരമായി സൗരവർഷാരംഭവും രാവും പകലും തുല്യമായ ദിനവുമാണത്. കാർഷിക വിളവെടുപ്പുകളുടെയും പുതുകൃഷി സംരംഭങ്ങളുടെയും സന്ദർഭവുമാണ് വിഷു. ഋതുമാറി വസന്തത്തെ ആഗതമാക്കുന്ന ഈ ഉത്സവം വിഷുസദ്യ, വിഷുക്കണി, വിഷുക്കൈനീട്ടം എന്നിവയിലൂടെ ശുഭപ്രതീക്ഷയുടെ സാംസ്​കാരികമാനവും ഉൽപാദിപ്പിക്കുന്നു. മേൽപറഞ്ഞ തലങ്ങളെല്ലാം പരിഗണിച്ചാൽ വിഷു കേരളത്തിലെ ഹിന്ദുവിന്റേത് മാത്രമല്ല, ഓരോ മലയാളിയുടേതുമാണെന്ന് പറയേണ്ടിവരും. ഇനി മിത്തോളജിക്കൽ പ്രതലത്തെ പരിശോധിക്കാം. ശ്രീകൃഷ്ണൻ ധർമരക്ഷാർഥം നരകാസുരവധം നിർവഹിച്ചതിന്‍റെ ആഘോഷമാണ് വിഷുവെന്നും ശ്രീരാമൻ രാവണനിഗ്രഹം നടത്തി സൂര്യോദയത്തെ ക്രമപ്പെടുത്തിയതിന്‍റെ സന്തോഷസൂചകമാണ് വിഷുവെന്നും ഐതിഹ്യങ്ങളുണ്ട്. പ്രസ്​തുത ഐതിഹ്യങ്ങൾ ഉണ്ട് എന്നതിനാൽ മലയാള ദേശത്തെ മുസ്‍ലിംകളും മറ്റും വിഷുവിനെ മാറ്റിനിർത്തേണ്ടതുണ്ടോ? ഇല്ല എന്നാണ് എന്‍റെ അഭിപ്രായം. മുഹമ്മദ് നബി അനുഷ്ഠിച്ച ധർമപ്രതിഷ്ഠക്ക് സമാനം ഇന്ത്യൻ പ്രവാചകരാകാവുന്നവർ ചെയ്ത ധർമസംസ്​ഥാപനത്തിന്റെ ഓർമപ്പെരുന്നാളല്ലേ സത്യത്തിൽ വിഷു? വേദഗ്രന്ഥ പാരായണം വിശാലമാക്കിയാൽ ക്രിസ്​ത്യാനികളുടെ വിഷു ആഘോഷത്തിനും തിയോളജിക്കൽ ബേസ്​ കണ്ടെത്താൻ കഴിയും.

(photo: ബിമൽ തമ്പി)

അതിനെല്ലാമുപരി ഇത്തരം കാഴ്ചപ്പാടിന്റെ രാഷ്ട്രീയ പ്രസക്തിയാണ് ഏറെ മനോഹരം. വിശ്വാസത്തിന്‍റെ പേരിൽ മാത്രമല്ല, ആഘോഷത്തിന്‍റെ പേരിലും വർഗീയ ഭ്രാന്ത് പെരുപ്പിക്കാൻ ഫാഷിസ്റ്റുകൾ ശ്രമിക്കുമ്പോൾ ഓണവും വിഷുവും ഈദുൽ ഫിത്റും ബക്രീദും ക്രിസ്മസും എല്ലാ ഹിന്ദുക്കളും മുസ്‍ലിംകളും ക്രിസ്​ത്യാനികളും ഒരേപോലെ ആഘോഷിക്കുന്നത് തീർച്ചയായും പൊളിറ്റിക്കലി കറക്ടാണ്.

അതേപോലെ ഏത് മതത്തിന്റെ ആഘോഷമായാലും സമകാലികമായി വായിച്ചാലേ അർഥ സമ്പുഷ്​ടി സിദ്ധിക്കുകയുമുള്ളൂ. ആ പരിപ്രേക്ഷ്യത്തിൽ വിഷുവിന് പിറകിലെ ധർമസങ്കൽപത്തെ ഒന്ന് വിലയിരുത്താം. ദേവതകളെ, അതായത് പ്രകൃതി പ്രതിഭാസങ്ങളെ വെല്ലുവിളിച്ചതിന്റെ പേരിലാണ് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചത്. ശ്രീരാമ കഥയിലാണെങ്കിൽ ഭൂമിസേവകനായ സൂര്യനെ മര്യാദക്ക് ഉദിക്കാൻ സമ്മതിക്കാത്തവനെ കൊന്ന് അർക്കസഞ്ചാരം ക്രമപ്പെടുത്തിയതിന്റെ ആഘോഷവുമാണ് വിഷു.

(photo: ബിമൽ തമ്പി)

ഇന്ന് പ്രകൃതി നിയമങ്ങളെയും പ്രതിഭാസങ്ങളെയും വെല്ലുവിളിച്ച് ഭൂമിയെയും മനുഷ്യകുലത്തെയും മുച്ചൂടും മുടിക്കാൻ മുതിരുന്നവർ ആരാണെന്ന് നമുക്കറിയാം. അവരിൽ പ്രമുഖനാണ് അധികാരമേറ്റ ഉടൻ പാരിസ്​ ട്രീറ്റിയിൽ നിന്ന് സ്വരാജ്യത്തെ പിൻവലിച്ച് കാർബൺ വമനത്തിന് മുഖ്യഹേതുവായ ഫോസിൽ ഫ്യൂവലിന്റെ ഖനനം വിപുലമാക്കിയത്. ഈ നരകാസുരനെയും അവന് തുല്യംചാർത്തുന്ന മനുഷ്യ-പ്രകൃതി വിദ്രോഹികളായ അധികാരിവർഗത്തെയും ഒതുക്കാനുള്ള ധാർമികാഹ്വാനമായിക്കൂടി 2025ലെ വിഷുവിനെ നമ്മൾ എടുക്കേണ്ടതുണ്ട്.

ശ്രീകൃഷ്ണനും ശ്രീരാമനും ദൂരീകരിച്ച അസുരന്മാർ ഒരിക്കലും ദ്രാവിഡരോ ദലിതരോ ആദിവാസികളോ അല്ല എന്നാണ് എന്റെ പക്ഷം. പുരാണേതിഹാസങ്ങളിലെ അസുരന്മാർ തിന്മയുടെ മൊത്തം പ്രതീകങ്ങൾ മാത്രമാണ്. നന്മനിറഞ്ഞ കീഴാളവർഗത്തെ ആ കാറ്റഗറിയിലേക്ക് തള്ളുന്നത് അതിക്രൂരമായ സിനിസിസമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishu 2025
News Summary - Vishu article by KP Ramanunni
Next Story