Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പാർവതിയെ മലയാള സിനിമയിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചു, സ്ത്രീയുടെ ആത്മവിശ്വാസവും നിലപാടും തലമുറകളെ സ്വാധീനിക്കും'; ആലപ്പി അഷ്റഫ്

text_fields
bookmark_border
ആലപ്പി അഷ്റഫ്, പാർവതി തിരുവോത്ത്
cancel
camera_alt

ആലപ്പി അഷ്റഫ്, പാർവതി തിരുവോത്ത്

മലയാള സിനിമയിൽ സ്വന്തം നിലപാടിൽ ഉറച്ചുനിന്നതിന്റെ പേരിൽ നടി പാർവതി തിരുവോത്ത് നേരിട്ട വെല്ലുവിളികളെയും അതിജീവനത്തെയും വിജയത്തെയും പരാമർശിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. സ്ത്രീയുടെ ആത്മവിശ്വാസവും സ്വതന്ത്രമായ നിലപാടുകളും ഒരു കുടുംബത്തെയും സമൂഹത്തെയും തലമുറകളെയും സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാർവതിയുടെ ജീവിതയാത്രയെ ധൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഉദാഹരണമായാണ് വിശേഷിപ്പിച്ചത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് പാർവതിയുടെ സിനിമാജീവിതത്തെയും വ്യക്തിപരമായ പോരാട്ടങ്ങളെയും കുറിച്ചുള്ള ആലപ്പി അഷ്റഫിന്റെ പ്രസ്താവന.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയ്ക്കൊപ്പം നിലയുറപ്പിച്ചതും മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതും പാർവതി നേരിട്ട എതിർപ്പുകൾക്ക് കാരണമായെന്ന് ആലപ്പി അഷ്റഫ് കുറിച്ചു. താരസംഘടനയായ 'അമ്മ'യിൽനിന്ന് രാജിവെച്ചതും സമാന ചിന്താഗതിക്കാരായവരുമായി ചേർന്ന് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) രൂപീകരിച്ചതും ഈ പോരാട്ടത്തിന്റെ ഭാഗമായാണെന്നും ആലപ്പി അഷ്റഫ് വിലയിരുത്തുന്നു. നിലപാടുകളിൽ ഉറച്ചുനിന്നതിന്റെ പേരിൽ പാർവതിയെ മലയാള സിനിമയിൽനിന്ന് ഒറ്റപ്പെടുത്താൻ ശ്രമങ്ങളുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

'കസബ' സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചതിനു പിന്നാലെ പാർവതിക്ക് നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളും ഭീഷണികളും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഒരു അവാർഡ് ചടങ്ങിനിടെ പുരസ്കാരം സ്വീകരിക്കാൻ വേദിയിലെത്തിയപ്പോൾ ആയിരക്കണക്കിനാളുകളുടെ കൂക്കുവിളി നേരിടേണ്ടിവന്ന അനുഭവം പാർവതി അഭിമുഖത്തിൽ പങ്കുവെച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. ആ ഏഴ് മിനിറ്റുകൾ ഏഴ് വർഷംപോലെ തോന്നിയെന്നും ആ അനുഭവം തന്നെ മാനസികമായി മാറ്റിയെന്നും പാർവതി പറഞ്ഞതായി കുറിപ്പിൽ വ്യക്തമാക്കുന്നു.

ആ സമയത്ത് പാർവതിയുടെ മാതാപിതാക്കളും സുഹൃത്തുക്കളും നൽകിയ പിന്തുണയ്ക്കൊപ്പം നടന്മാരായ ആസിഫ് അലിയുടെയും ടൊവിനോ തോമസിന്റെയും നിലപാടുകളെയും ആലപ്പി അഷ്റഫ് എടുത്തുപറഞ്ഞു. പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഉയരെ' എന്ന ചിത്രത്തിൽ അവർക്കൊപ്പം അഭിനയിക്കാൻ ഇരുവരും തയാറായതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. എതിർപ്പുകൾക്കിടയിലും സിനിമാരംഗത്ത് സ്വന്തം ഇടം കണ്ടെത്താൻ പാർവതിക്ക് കഴിഞ്ഞതിന്റെ ഉദാഹരണമായാണ് അദ്ദേഹം 'ഉയരെ' ചിത്രത്തെ ചൂണ്ടിക്കാട്ടിയത്.

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും അഭിനയത്തിൽ തന്റേതായ ശൈലി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിലും പാർവതി പുലർത്തുന്ന മികവിനെക്കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. പൊലീസ് വേഷത്തിൽ പാർവതി നടത്തിയ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. സിനിമകളുടെ വിജയം നായകപ്രാധാന്യത്തെ മാത്രം ആശ്രയിക്കുന്നതല്ലെന്ന് പാർവതിയുടെ സിനിമകൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലപാടുകളുടെ പേരിൽ പാർവതിയോട് അകൽച്ച പുലർത്തിയവരെക്കുറിച്ച് നടി ഉർവശി ഒരഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളും ആലപ്പി അഷ്റഫ് കുറിപ്പിൽ ഉദ്ധരിക്കുന്നുണ്ട്. 'ഉള്ളൊഴുക്ക്' സിനിമയിൽ പാർവതിക്കൊപ്പം അഭിനയിച്ചപ്പോൾ ചിലർ അവരോട് വിരോധം കാണിക്കുന്നതായി തോന്നിയെന്നും അതിന് തക്ക എന്ത് തെറ്റാണ് പാർവതി ചെയ്തതെന്ന് ചിന്തിച്ചെന്നുമുള്ള ഉർവശിയുടെ വാക്കുകളാണ് അദ്ദേഹം പരാമർശിച്ചത്.

സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടുന്ന പാർവതി തിരുവോത്തിന്റെ അഭിനയജീവിതം മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാണെന്നും പ്രതിസന്ധികൾക്കിടയിലും നിലപാടുകളിൽ വെള്ളം ചേർക്കാതെ മുന്നോട്ടുപോയ അവരുടെ യാത്ര പ്രചോദനകരമാണെന്നും പറഞ്ഞാണ് ആലപ്പി അഷ്റഫ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parvathy Thiruvothu Inspires Malayalam Cinema
Next Story