പ്രായമായ അമ്മയെ ഉപേക്ഷിക്കണമെന്ന് ഭർത്താവ്; ഭർത്താവിനെ ഉപേക്ഷിച്ച് അമ്മയോടൊപ്പം വൃദ്ധസദനത്തിൽ നടി ലൗലി ബാബു
text_fieldsപത്തനാപുരം: വാർധക്യസഹജമായ അസുഖങ്ങളാൽ പ്രയാസപ്പെടുന്ന അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവ് നിർബന്ധിച്ചപ്പോൾ, ഭർത്താവിനെ ഉപേക്ഷിച്ച് അമ്മയെ ചേർത്തുപിടിച്ച് കലാകാരിയും നടിയുമായ ലൗലി ബാബു. തന്റെ ജീവിതം തന്നെ മാറ്റിവെച്ചാണ് പത്തനാപുരം ഗാന്ധിഭവനിൽ അമ്മക്ക് കൂട്ടായി മകളെത്തിയത്.
ചേർത്തല എസ്.എൽ. പുരം കുറുപ്പ് പറമ്പിൽ കുഞ്ഞമ്മ പോത്തനു(98)മായി മകൾ ഗാന്ധിഭവനിൽ എത്തിയത് 2024 ജൂലൈ 16 നായിരുന്നു. 18 വയസ്സുമുതൽ നാടകാഭിനയം ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്ന ലൗലി, അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. ലൗലിയുടെ ഭർത്താവിന് കുഞ്ഞമ്മ പോത്തനെ ഇഷ്ടമല്ലായിരുന്നു. കൂടെ കഴിയണമെങ്കിൽ അമ്മയെ ഉപേക്ഷിച്ചു വരാൻ നിർബന്ധിച്ചു. എന്നാൽ, ഏകമകളായ ലൗലി അമ്മയെ ഉപേക്ഷിച്ച് ഒരു ജീവിതം വേണ്ടെന്നു വച്ചു. അങ്ങനെയാണ് ഗാന്ധിഭവനിൽ അഭയം തേടിയത്.
ഭർത്താവിന്റെ വാശിക്ക് മുൻപിൽ നാടകവും സിനിമയുമൊക്കെ ലൗലി ഉപേക്ഷിച്ചിരുന്നു. ദ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ലൗലി ആദ്യം അഭിനയിച്ച സിനിമ. നാല് പെണ്ണുങ്ങൾ, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പുതിയ മുഖം, പ്രണയം, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകളിലും അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും ലൗലി ബാബു വേഷമിട്ടിട്ടുണ്ട്.
‘മക്കളെയും കൊച്ചു മക്കളെയും പൊന്നുപോലെ വളർത്തി. വലുതായപ്പോൾ അവർ ഭർത്താവിന്റെ വാക്കുകൾക്ക് മൗന സമ്മതം മൂളി. ഇപ്പോൾ ഞാനും അമ്മയും ഇവിടെ ഇങ്ങനെ കഴിയുന്നു’ -ഓർമകൾ അയവിറക്കുമ്പോൾ ലൗലിയുടെ വാക്കുകൾ ഇടമുറിഞ്ഞു. എല്ലാവർക്കും വാർധക്യം ഉണ്ടെന്ന് ഓർമിപ്പിക്കുമ്പോൾ, തിരശീലക്ക് പിന്നിൽ അവർ ജീവിതത്തോട് പോരാടുകയാണവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.