രാജ്യത്തെ ഓർത്ത് ലജ്ജ തോന്നുന്നു; നായ്ക്കളെ ഓർക്കുമ്പോൾ ഹൃദയം തകരുന്നു, പൊട്ടിക്കരഞ്ഞ് സദ
text_fieldsഡൽഹിയിലെ തെരുവുനായ്ക്കളെ എട്ടാഴ്ചക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതികരിച്ച് നടി സദ. ഇത്രയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിനു വരുന്ന നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാൻ കഴിയില്ലെന്ന് സദ പറഞ്ഞു. ഇന്‍സ്റ്റഗ്രാം വിഡിയോയിൽ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു പ്രതികരണം. നായ്ക്കളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.
സദ പറഞ്ഞത്
അടുത്തിടെ ഒരു പെൺകുട്ടി പേവിഷബാധയേറ്റ് മരിച്ചു. തുടർന്ന്, ഏകദേശം മൂന്ന് ലക്ഷത്തോളം നായ്ക്കളെ മാറ്റി പാർപ്പിക്കുകയോ കൊല്ലുകയോ ചെയ്യും. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഈ നായ്ക്കളെയെല്ലാം ഉൾക്കൊള്ളാൻ ആവശ്യമായ ഷെൽട്ടറുകൾ നിർമിക്കുക സർക്കാറിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ അസാധ്യമാണ്. ഇത് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്ന ഒരു അവസ്ഥയിലേക്ക് നയിക്കും.
സർക്കാറിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നായ്ക്കൾക്ക് വാക്സിനേഷൻ നൽകാനോ വന്ധ്യംകരിക്കാനോ കഴിയാത്തതാണ് നിലവിലെ അവസ്ഥക്ക് കാരണം. മൃഗ ജനന നിയന്ത്രണ പരിപാടി വർഷങ്ങളായി നിലവിലുണ്ട്. ശരിയായ ബജറ്റ് വകയിരുത്തുകയും അത് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തിരുന്നെങ്കിൽ, ഇന്ന് നമ്മൾ ഈ അവസ്ഥയിലാകുമായിരുന്നില്ല.
എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഏത് അധികാരികളെ സമീപിക്കണമെന്നോ പ്രതിഷേധിക്കാൻ എവിടേക്ക് പോകണമെന്നോ എനിക്കറിയില്ല. പക്ഷേ എനിക്ക് ഒരു കാര്യം മാത്രമേ പറയാൻ കഴിയൂ - ഇത് എന്നെ ഉള്ളിൽ നിന്ന് കൊല്ലുകയാണ്. ഇത് ശരിയല്ല. നമ്മളെക്കുറിച്ച്, നമ്മുടെ രാജ്യത്തെക്കുറിച്ചോർത്ത്, ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാത്തവരെക്കുറിച്ചോർത്ത് എനിക്ക് ലജ്ജ തോന്നുന്നു. ദയവായി ഈ തീരുമാനം പിൻവലിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.