വിവാദം കടുക്കുന്നു; പറഞ്ഞതിലുറച്ച് അടൂർ
text_fieldsതിരുവനന്തപുരം: സിനിമ പോളിസി കോൺക്ലേവിന്റെ സമാപന ചടങ്ങിൽ ഉന്നയിച്ച വിവാദ പരാമർശങ്ങളിൽ ഉറച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഞാൻ പറഞ്ഞ പോസിറ്റീവായ കാര്യങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ഈ രംഗത്ത് വരുന്നവർ ഒരു സിനിമയെടുത്ത് അപ്രത്യക്ഷരാകരുത്. സ്ത്രീകളും പിന്നാക്ക വിഭാഗത്തിൽനിന്ന് വരുന്നവരും ഈ രംഗത്ത് തുടർന്നും ഉണ്ടാവണം. സിനിമ ചിത്രീകരണത്തെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്നം.
അവര്‍ക്ക് ആവശ്യമായ പരിശീലനം നൽകിയാൽ പിന്നീട് ഈ രംഗത്ത് തന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കും. അതിനെയാണ് തെറ്റായി വ്യാഖ്യാനിച്ചത്. ഞാൻ പറഞ്ഞത് എല്ലാ മാധ്യമങ്ങളുടെയും പക്കലുണ്ട്. അതിൽ എവിടെയെങ്കിലും ദലിത് വിഭാഗത്തെയോ സ്ത്രീകളെയോ മോശമായി പറഞ്ഞിട്ടില്ല. മാധ്യമങ്ങളുടെ വ്യാഖ്യാനത്തിന് ഞാൻ ഉത്തരവാദിയല്ല. പരിശീലനം കൊടുക്കണമെന്ന് പറഞ്ഞതാണ് ആർക്കും ഇഷ്ടപ്പെടാതെപോയത്.
അറിവുകേടുകൊണ്ടാണ് അതിനെതിരെ പറയുന്നത്. സിനിമ എന്നത് ഒരു മനുഷ്യായുസ്സ് കൊണ്ട് പഠിച്ച് ചെയ്യുന്നൊരാളാണ് ഞാൻ. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്കാരിക വകുപ്പ് മന്ത്രി എതിർത്ത് സംസാരിച്ചത് അദ്ദേഹം സിനിമ സ്പെഷലിസ്റ്റ് അല്ലാത്തതുകൊണ്ടാണ്. ആദ്യമായി സിനിമയെടുക്കുന്നവര്‍ക്ക് ഒന്നരക്കോടിയെന്ന തുക വളരെ കൂടുതലാണ്. ഞാൻ ഇതുവരെ ഒന്നരക്കോടിയിൽ സിനിമ എടുത്തിട്ടില്ല. പണം സൂക്ഷിച്ച് ചെലവാക്കേണ്ടതാണ്.
അതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. മുന്നൊരുക്കമില്ലാതെ സിനിമ എടുക്കുമ്പോഴാണ് ചെലവ് കൂടുന്നത്. 50 ലക്ഷം വെച്ച് മൂന്നുപേര്‍ക്ക് നൽകിയാൽ അത്രയും പേര്‍ക്ക് അവസരം ലഭിക്കും. ഒന്നരക്കോടി തികയുന്നില്ലെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. മുൻപരിചയമില്ലാത്തവര്ക്കാണ് സഹായം നൽകുന്നത്. അവര്‍ക്ക് ഓറിയന്റേഷൻ നൽകണമെന്നാണ് പറഞ്ഞത്. സ്ക്രിപ്റ്റ് പരിശോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അത് മാത്രം നോക്കി എടുക്കുന്ന പടം പപ്പടം ആയിരിക്കും.
സിനിമയെടുക്കണമെങ്കിൽ ആഗ്രഹം മാത്രം പോര, അതിനെക്കുറിച്ച് പഠിക്കണം. ഇത്തരത്തിൽ സിനിമ ചെയ്തവർ എന്നോട് സംസാരിച്ചിട്ടുണ്ട്. കൃത്യമായ പരിശീലനം കിട്ടാത്തതിന്റെ കുറവ് ആ സിനിമകൾക്കുണ്ട്. 60 വർഷത്തെ അനുഭവ സമ്പത്തിലാണ് താൻ സംസാരിക്കുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.അടൂരിന്റെ പരാമർശം വിവാദമായതിനെ തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
അടൂരിന്റെ വിവാദ പരാമർശം; മന്ത്രിമാർ രണ്ടുതട്ടിൽ
തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശങ്ങളിൽ മന്ത്രിമാർ രണ്ടുതട്ടിൽ. മന്ത്രി ആർ. ബിന്ദു രൂക്ഷവിമർശനവുമായി രണ്ടാം ദിവസവും രംഗത്തെത്തിയപ്പോൾ മന്ത്രി വി.എൻ. വാസവൻ അടൂരിനെ പരസ്യമായി പിന്തുണച്ചു. വിവാദ പരാമർശങ്ങളെ മന്ത്രി സജി ചെറിയാൻ തള്ളിപ്പറഞ്ഞപ്പോൾ പട്ടിക ജാതി വകുപ്പ് മന്ത്രി ഒ.ആർ. കേളു അടൂരിനോട് തിരുത്താനാണ് ആവശ്യപ്പെട്ടത്.
സിനിമ നയരൂപവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച കോൺക്ലേവിൽ അപ്രതീക്ഷിത ക്ലൈമാക്സുണ്ടായതോടെ തള്ളാനോ കൊള്ളാനോ കഴിയാതെ സർക്കാറും വെട്ടിലാണ്. വിവാദമുണ്ടായ ഘട്ടത്തിൽ തന്നെ കടുത്ത വാക്കുകളിലായിരുന്നു മന്ത്രി ആർ. ബിന്ദുവിന്റെ പ്രതികരണം. ‘വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല. ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം’’ എന്നായിരുന്നു കഴിഞ്ഞ ദിവസം പേര് സൂചിപ്പിക്കാതെയുള്ള ബിന്ദുവിന്റെ ഫേസ്ബുക് പോസ്റ്റ്.
സർക്കാർ ധനസഹായം കൊണ്ട് ആവിഷ്കരിക്കപ്പെട്ട സിനിമകൾ കണ്ട ശേഷം വേണമായിരുന്നു അദ്ദേഹം അഭിപ്രായം പറയാനെന്ന് തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടപ്പോൾ ബിന്ദു വിമർശിച്ചു. സ്ത്രീകൾ സംവിധാനം ചെയ്ത നാല് സിനിമകൾ കണ്ട ആളാണ് ഞാൻ. ഏറ്റവും മനോഹരമായാണ് സിനിമ ആവിഷ്കരിച്ചത്. കാമറയുടെ നോട്ടം എല്ലാക്കാലത്തും പുരുഷനോട്ടമാണ്. അതുകൊണ്ട് ചില ബദൽ നോട്ടങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ആദരണീയനായ അടൂർ ഗോപാലകൃഷ്ണൻ ദുരുദ്ദേശത്തോടെ പറഞ്ഞതായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞതിനെ വ്യത്യസ്ത രൂപത്തിൽ തിരിച്ചുവിട്ടതാണോ എന്ന് സംശയിക്കുന്നുവെന്നുമായിരുന്നു വി.എൻ. വാസവന്റെ പ്രതികരണം. അടൂർ പറഞ്ഞതിനെ മറ്റൊരു രൂപത്തിലേക്ക് വ്യാഖ്യാനിക്കേണ്ടതില്ല. പണം കൊടുക്കരുത് എന്നല്ല, തെറ്റായ രൂപത്തിൽ പോകരുത് എന്നാണ് പറഞ്ഞതെന്നും മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ വിലപ്പെട്ട സംഭാവന നൽകിയ ആളാണ് അടൂരെന്നും വാസവൻ പറഞ്ഞു.
പരാമർശം അടൂർ തിരുത്തണമെന്ന് വാർത്തസമ്മേളനം വിളിച്ച് ആവശ്യപ്പെട്ട മന്ത്രി ഒ.ആർ. കേളു, ആരെങ്കിലും മുൻപരിചയത്തോടെയാണോ സിനിമ തുടങ്ങിയതെന്നും ചോദിച്ചു. അദ്ദേഹത്തിന്റെ സംസാരം താൻ മാത്രമല്ല, കേരളത്തിൽ എല്ലാവരും കേട്ടതാണ്. പട്ടിക ജാതി വർഗ വിഭാഗങ്ങൾക്ക് ഇത്തരം മേഖലകളിൽ സാമ്പത്തിക സഹായം ചെയ്യേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമർശങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഇത് ദൗർഭാഗ്യകരമാണ്. സർക്കാർ തുടർന്നും ഫണ്ട് ചെലവഴിക്കുമെന്നും കേളു വ്യക്തമാക്കി.
അടൂർ അധിക്ഷേപ പരാമർശം നടത്തിയ ചടങ്ങിൽ തന്നെ ‘പട്ടികജാതിക്കാര്‍ സര്‍ക്കാറിന്റെ ധനസഹായത്തോടെ നിര്‍മിച്ചത് മികച്ച സിനിമകളാണെന്ന്’ മറുപടി പറഞ്ഞ മന്ത്രി സജി ചെറിയാന് പക്ഷേ രൂക്ഷവിമർശനങ്ങൾക്ക് മുതിർന്നില്ല. പരാമർശം തള്ളിയെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കടുത്ത പരാമർശങ്ങൾക്ക് തയാറായില്ല.
അടൂർ അങ്ങനെ പറയരുതായിരുന്നു -പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കെതിരായ പരാമർശം അടൂര്‍ ഗോപാലകൃഷ്ണൻ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുരുഷ മേധാവിത്വ-സവര്‍ണ മനോഭാവ സമൂഹത്തില്‍ ഉപയോഗിക്കുന്നതു പോലുള്ള വാക്കുകള്‍ അടൂരിനെ പോലെ ഒരാള്‍ പറയരുതായിരുന്നു.
സ്ത്രീകളും പട്ടികജാതി പട്ടിക വര്‍ഗത്തില്‍പെട്ടവരും സിനിമ ഉള്‍പ്പെടെയുള്ള കലാപരമായ കാര്യങ്ങള്‍ നന്നായി ചെയ്യുന്നവരാണ്. എത്രയോ മനോഹരമായ സിനിമകളാണ് സ്ത്രീകളും പിന്നാക്ക വിഭാഗത്തിലുള്ളവരും എടുത്തിട്ടുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.