'അദ്ദേഹം മുഖ്യമന്ത്രിയായതിൽ അതിരറ്റ സന്തോഷം, ചെന്നൈയിലും ലോകോത്തര റേസിങ് ട്രാക്ക് വരണം'; വിജയ്യെ പ്രശംസിച്ച് അജിത് കുമാർ
text_fieldsലണ്ടൻ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ നേരിൽ കണ്ട് അഭിനന്ദനങ്ങളറിയിച്ച് സുഹൃത്തും പ്രിയ താരവുമായ അജിത് കുമാർ. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിന് മുഖ്യമന്ത്രി വിജയ് പച്ചക്കൊടി വീശിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. സ്വന്തം റേസിംഗ് ടീമുമായി നടൻ അജിത്തും ഇതേ ട്രാക്കിൽ മത്സരരംഗത്തുണ്ടായിരുന്നു. റേസിങ് ട്രാക്കിലെത്തിയ വിജയ് ഓടിച്ചെന്ന് അജിത്തിനെ ആലിംഗനം ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച് റേസിങ് വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് അജിത് കുമാർ പ്രത്യേകം നന്ദി അറിയിച്ചു. റേസിങ്ങിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് തങ്ങളുടെ 34 വർഷം നീണ്ട സൗഹൃദത്തെക്കുറിച്ച് അദ്ദേഹം വാചാലനായത്.
"കഴിഞ്ഞ 34 വർഷമായി ഞങ്ങൾ സിനിമാരംഗത്ത് സഹപ്രവർത്തകരാണ്. അദ്ദേഹം ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് അതിരറ്റ സന്തോഷമുണ്ട്. തന്റെ തിരക്കുപിടിച്ച ഷെഡ്യൂളിൽ നിന്ന് സമയം കണ്ടെത്തി സിൽവർസ്റ്റോണിൽ ഞങ്ങളെ കാണാൻ എത്തിയതിന് അദ്ദേഹത്തോട് അങ്ങേയറ്റം നന്ദി പറയുന്നു."
തമിഴ്നാട്ടിൽ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന ഇടപെടലുകളെയും അജിത് പ്രശംസിച്ചു. സിൽവർസ്റ്റോൺ മാതൃകയിൽ ചെന്നൈയിലും ഒരു അന്താരാഷ്ട്ര റേസിങ് ട്രാക്ക് നിർമ്മിക്കാൻ മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സും നേരിൽ കണ്ടുമനസ്സിലാക്കാനാണ് വിജയ് സിൽവർസ്റ്റോണിലെത്തിയത്. ഭാവിയിൽ ഇത്തരം റേസിങ് ചാമ്പ്യൻഷിപ്പുകൾ ഇന്ത്യയിലേക്ക് വരണമെന്നും ചെന്നൈയിൽ വെച്ച് റേസ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അജിത് കൂട്ടിച്ചേർത്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമാ ലോകത്തെ ഏറ്റവും വലിയ താരരാജാക്കന്മാരാണ് ഇരുവരും. 1995-ൽ 'രാജാവിൻ പാർവയിലെ' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇവർ പിന്നീട് ബോക്സ് ഓഫീസിലെ പ്രധാന എതിരാളികളായി മാറി. ആരാധകർ തമ്മിൽ പതിവായി വാക്പോരുകൾ നടക്കാറുണ്ടെങ്കിലും, ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം വ്യക്തമാക്കുന്നതാണ് സിൽവർസ്റ്റോണിലെ പുതിയ കൂടിക്കാഴ്ച. 'ജനനായകൻ' എന്ന ചിത്രത്തോടെ വിജയ് അഭിനയജീവിതം അവസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോൾ, അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് നിലവിൽ അജിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

