Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ഈ യുദ്ധം എന്നാണ്...

‘ഈ യുദ്ധം എന്നാണ് അവസാനിക്കുക? പ്രാർത്ഥനയോടെ കാത്തിരിക്കുന്നു’; മിസൈൽ ആക്രമണത്തെത്തുടർന്ന് അമീഷ പട്ടേൽ സഞ്ചരിച്ച വിമാനം വഴിതിരിച്ചുവിട്ടു

text_fields
bookmark_border
‘ഈ യുദ്ധം എന്നാണ് അവസാനിക്കുക? പ്രാർത്ഥനയോടെ കാത്തിരിക്കുന്നു’; മിസൈൽ ആക്രമണത്തെത്തുടർന്ന് അമീഷ പട്ടേൽ സഞ്ചരിച്ച വിമാനം വഴിതിരിച്ചുവിട്ടു
cancel
camera_alt

അമീഷ പട്ടേൽ 

മുംബൈ: പശ്ചിമേഷ്യയിൽ ഇറാൻ-യു.എ.ഇ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ, ബോളിവുഡ് നടി അമീഷ പട്ടേൽ സഞ്ചരിച്ച വിമാനം ആകാശമധ്യേ വഴിതിരിച്ചുവിട്ടു. മിസൈൽ ആക്രമണങ്ങൾ രൂക്ഷമായതിനെത്തുടർന്ന് യു.എ.ഇ അടിയന്തരമായി വ്യോമപാത അടച്ചതാണ് വിമാനയാത്ര തടസ്സപ്പെടാൻ കാരണമായത്. ന്യൂയോർക്കിൽ നിന്നും ദുബൈ വഴി മുംബൈയിലേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനമാണ് ഒമാനിലെ മസ്കത്തിലേക്ക് തിരിച്ചുവിട്ടത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് വിമാനത്തിലെ യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചത്. മേഖലയിൽ പുതുതായി മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് യു.എ.ഇ തങ്ങളുടെ വ്യോമപാത പൂർണ്ണമായും അടച്ചു. ഇതോടെ വിമാനം അടിയന്തരമായി മസ്കത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഡിജെ ചേതസ്, ബിസിനസ് പങ്കാളി കുനാൽ ഗൂമർ എന്നിവരും അമീഷ പട്ടേലിനൊപ്പം വിമാനത്തിലുണ്ടായിരുന്നു.

വിമാനം വഴിതിരിച്ചുവിട്ടതോടെ കടുത്ത ആശങ്കയിലാണ് അമീഷ. ‘ന്യൂയോർക്കിൽ നിന്നും മുംബൈയിലേക്കുള്ള യാത്രയിലാണ്. ദുബൈയിൽ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മിസൈൽ ആക്രമണം കാരണം വ്യോമപാത അടച്ചത്. വിമാനം ഇപ്പോൾ മസ്കത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുന്നു. ഈ യുദ്ധം എന്നാണ് അവസാനിക്കുക? എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു’ അമീഷ എക്സിൽ കുറിച്ചു.

ന്യൂയോർക്കിൽ നിന്ന് യാത്ര തിരിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാത്തതിന്റെയും, എയർപോർട്ട് ലോഞ്ചുകളിലെ അവസാനിക്കാത്ത കാത്തിരിപ്പിന്റെയും ചിത്രങ്ങളും കുനാൽ ഗൂമർ പങ്കുവെച്ചു.

കഴിഞ്ഞ ഏപ്രിൽ 8ന് പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാൻ യു.എ.ഇക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാക്കിയത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മിസൈൽ ഭീഷണിയുണ്ടായതായി വിദേശകാര്യ-പ്രതിരോധ മന്ത്രാലയങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ (Air Defence Systems) സജ്ജമാക്കുകയും അതീവ ജാഗ്രത നിർദേശം നൽകുകയും ചെയ്തു.

ദുബൈ, ഷാർജ വിമാനത്താവളങ്ങളിലേക്ക് എത്തേണ്ടിയിരുന്ന നൂറുകണക്കിന് വിമാനങ്ങളെ ഈ സാഹചര്യം ബാധിച്ചിട്ടുണ്ട്. പല സർവീസുകളും റദ്ദാക്കുകയോ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്.

സണ്ണി ഡിയോളിനൊപ്പം അഭിനയിച്ച 'ഗദർ 2' എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം അമീഷ പട്ടേൽ സിനിമാ തിരക്കുകളിലായിരുന്നു. ചിത്രത്തിൽ പാകിസ്താനിൽ കുടുങ്ങിപ്പോകുന്ന കഥാപാത്രത്തെയാണ് അമീഷ അവതരിപ്പിച്ചത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ യുദ്ധസമാനമായ സാഹചര്യത്തിൽ വിമാനയാത്ര തടസ്സപ്പെട്ടതിന്റെ ആഘാതത്തിലാണ് താരം ഇപ്പോൾ. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missile StrikeUAEAmeesha Patelcelebrity news
News Summary - Ameesha Patel’s New York-Mumbai Flight Diverted Following Missile Strikes In UAE
Next Story