ഗായകൻ ആതിഫ് അസ്ലമിന്‍റെ പിതാവ് അന്തരിച്ചു
text_fieldsഇസ്ലാമാബാദ്: പ്രശസ്ത പാകിസ്താൻ ഗായകൻ ആതിഫ് അസ്ലമിന്‍റെ പിതാവ് മുഹമ്മദ് അസ്ലം അന്തരിച്ചു. 77 വയസ്സായിരുന്നു. മുഹമ്മദ് അസ്ലം അസുഖബാധിതനായിരുന്നുവെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പിതാവിനൊപ്പമുള്ള ചിത്രം ആതിഫ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
ആതിഫിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. 'എന്റെ ഉരുക്കു മനുഷ്യന് ഒരു അന്തിമ വിട, സ്നേഹത്തിൽ വിശ്രമിക്കൂ അബു ജി' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. പാകിസ്താൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, തന്റെ ആരാധകരോട് പിതാവിനെ പ്രാർഥനയിൽ ഉൾപ്പെടുത്താൻ ആതിഫ് അഭ്യർഥിച്ചിട്ടുണ്ട്.
മുഹമ്മദ് അസ്ലമിന്റെ അന്ത്യകർമങ്ങൾ ലാഹോറിലെ വലൻസിയ ടൗണിൽ നടക്കും. മുഹമ്മദ് അസ്ലമിന്റെ മരണത്തിൽ സംഗീത ലോകത്തിൽ നിന്നും പുറത്തുനിന്നും അനുശോചന അറിയിച്ച് നിരവധിപ്പേരാണ് എത്തുന്നത്. സെലിബ്രിറ്റികൾ, സഹ കലാകാരന്മാർ, ആരാധകർ എന്നിവർ ആതിഫിനും കുടുംബത്തിനും പിന്തുണ അറിയിച്ചുകൊണ്ട് സന്ദേശങ്ങൾ പങ്കുവെച്ചു.
തേരാ ഹോണെ ലഗാ ഹൂൺ, ജീനെ ലഗാ ഹൂൺ, ദിൽ ദിയാൻ ഗല്ലൻ, തേരാ ബാൻ ജൗംഗ തുടങ്ങിയ ബോളിവുഡ് ഹിറ്റുകളിലൂടെ ഇന്ത്യയിലും പ്രശസ്തനാണ് ആതിഫ് അസ്ലം. തന്റെ യാത്രയിലുടനീളം ഏറ്റവും വലിയ പിന്തുണ നൽകിയതിന് ഗായകൻ പലപ്പോഴും മാതാപിതാക്കളെ പ്രശംസിക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.