ഭാര്യാമാതാവിന്‍റെ അവസാന ആഗ്രഹം നിറവേറ്റി ചിരഞ്ജീവി; പ്രശംസിച്ച് ആരാധകർ
text_fieldsഅന്തരിച്ച തെലുങ്ക് താരം അല്ലു രാമലിംഗയ്യയുടെ ഭാര്യ അല്ലു കനകരത്നം (94) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെയും രാംചരൺ തേജയുടെ മാതാവ് സുരേഖ കോനിഡേലയുടേയും അമ്മയാണ് കനകരത്നം. ഇപ്പോഴിതാ തന്‍റെ ഭാര്യാമാതാവിന്‍റെ അവസാന ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് നടൻ ചിരഞ്ജീവി.
കനകരത്നത്തിന്‍റെ കണ്ണുകൾ ദാനം ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് താരം. കനകരത്നത്തിന്‍റെ മരണത്തെക്കുറിച്ച് സംസാരിക്കവെയാണ് കണ്ണുകൾ ദാനം ചെയ്യുന്നതിനെക്കുറിച്ചും ചിരഞ്ജീവി സംസാരിച്ചത്. 'വാർത്ത കേട്ടതിനുശേഷം അല്ലു അരവിന്ദിന്റെ വസതിയിൽ ആദ്യം എത്തിയത് ഞാനായിരുന്നു. അല്ലു അരവിന്ദ് ബംഗളൂരുവിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. അമ്മയുടെ കണ്ണുകൾ ദാനം ചെയ്യാൻ തയാറാണോ എന്ന് ഞാൻ ചോദിച്ചു, അദ്ദേഹം ഉടൻ തന്നെ അതെ എന്ന് പറഞ്ഞു' -ചിരഞ്ജീവി പറഞ്ഞു.
പണ്ട് നടത്തിയ ഒരു സംഭാഷണത്തിനിടെ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ തയാറാണോ എന്ന് താൻ ചോദിച്ചിരുന്നതായി നടൻ വെളിപ്പെടുത്തി. അവർ അതെ എന്ന് മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള പ്രക്രിയകൾ പൂർത്തിയായതായും ചിരഞ്ജീവി അറിയിച്ചു. അല്ലു കനകരത്നത്തിന്റെ കണ്ണുകൾ ദാനം ചെയ്യാനുള്ള കുടുംബത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.