ഭാര്യ എന്ന് പറഞ്ഞു കൊണ്ട് നടന്നു, ഇത് പറ്റിക്കലല്ലേ? മരിച്ച് കഴിഞ്ഞാലും നീതി ലഭിക്കുമെന്ന് കരുതുന്നില്ല -ഡോ. എലിസബത്ത് ഉദയൻ
text_fieldsആശുപത്രി കിടക്കയിൽ നിന്നുള്ള വിഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച് അവശ നിലയിൽ സംസാരിക്കുന്ന എലിസബത്തിനെയാണ് വിഡിയോയിൽ കാണാൻ കഴിയുക. ഇങ്ങനെ ഒരു വിഡിയോ പങ്കുവെക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും ഇനിയും ഒരുപാട് കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നുണ്ടെന്നും എലിസബത്ത് ഉദയൻ വിഡിയോയിൽ പറയുന്നു.
മരിക്കുന്നതിന് മുമ്പെങ്കിലും എനിക്ക് നീതി കിട്ടുമോ എന്ന തലക്കെട്ടോടെയാണ് എലിസബത്ത് വിഡിയോ പങ്കുവെച്ചത്. ഈ അവസ്ഥയിൽ വിഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചതല്ല. പല കാര്യങ്ങളും സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഞാൻ ഇപ്പോൾ മരിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി ആ വ്യക്തി ആണ്. ഞാൻ മുഖ്യമന്ത്രിക്കും പൊലീസിനും ഒക്കെ പരാതി കൊടുത്തിരുന്നു. പക്ഷേ ആരും എന്റെ പരാതി കാര്യമാക്കിയില്ല.
ഒരുതവണ വീട്ടിൽ വന്ന് അന്വേഷിച്ചിരുന്നു ഇപ്പോൾ അതിന്റെ അവസ്ഥ അറിയില്ല. കോടതിയിൽ കേസ് നടക്കുന്നുണ്ട്. കുറെ തവണ പ്രതിയും വക്കീലും കോടതിയിൽ വന്നില്ല. ഒടുവിലത്തെ തവണ വക്കീൽ കോടതിയിൽ വന്നപ്പോൾ അയാൾക്ക് തീരെ പണമില്ലാത്ത ആളാണ് എന്നാണ് കൗണ്ടർ പെറ്റീഷൻ കൊടുത്തിരിക്കുന്നത്. 250 കോടി ഉണ്ട് എന്ന് പറയുന്ന ആളാണ്. സ്ത്രീകൾ കേസ് കൊടുത്താൽ സ്ത്രീകൾക്ക് പ്രാധാന്യം കിട്ടും എന്നൊക്കെ ആളുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ എല്ലാം വിളിച്ചു പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. കോടതിയിൽ കേസ് കൊടുത്തു. പക്ഷേ എനിക്ക് നീതി കിട്ടിയിട്ടില്ല.
ഞാനിപ്പോൾ ആശുപത്രിയിലാണ് കിടക്കുന്നത്. സംശയമുണ്ടെങ്കിൽ ടെസ്റ്റുകളും സ്റ്റേറ്റ്മെന്റും എല്ലാം പരിശോധിച്ച് നോക്കാം. ഞാൻ മരിക്കുകയാണെങ്കിൽ ഈ ഒരാൾ എന്നെ ചതിച്ചത് കാരണമാണ്. അയാൾ എന്നെ ശാരീരികമായി ഉപദ്രവിച്ചു. മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി. അയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവനും. എല്ലാവരും പറയും പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്ന്. പക്ഷേ നീതി ലഭിക്കുന്നത് കാശുള്ളവനും വലിയവനുമാണെന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. ഇത് പോസ്റ്റ് ചെയ്ത് കഴിഞ്ഞാൽ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല.
ഒരു സ്ത്രീക്ക് നീതി കിട്ടാൻ ഇത്ര പാടാണോ എന്ന് അറിയില്ല. അതൊരു കല്യാണമായി നടത്തിയതല്ലേ, ഇൻവിറ്റേഷൻ കാർഡ് വരെ അച്ചടിച്ചതാണ്. ഭാര്യ എന്ന് പറഞ്ഞു കൊണ്ടു നടന്നു. ഇതു പറ്റിക്കലല്ലേ? അതിനു കേസ് കൊടുക്കേണ്ടതല്ലേ? ഇനി എന്തു സംഭവിക്കും എന്നറിയില്ല. ഇപ്പോൾ ഇതെല്ലാം പറയണം എന്ന് തോന്നി. രണ്ടുപേർക്കും ഓർഡർ വന്നിട്ടുണ്ട്. ഇരുവരുടെയും കാര്യത്തിൽ ഇടപെടാൻ പാടില്ല, വിഡിയോ ഇടാൻ പാടില്ല എന്നൊക്കെ പറഞ്ഞ്. എന്നിട്ടും അയാൾ പങ്കുവെച്ച അവസാന വിഡിയോ എന്നെ ഭീഷണിപ്പെടുത്തുന്നതായിരുന്നു.
ഞാൻ ഇത്രയുമൊന്നും പ്രതീക്ഷിച്ചില്ല. ഞാൻ നീതിക്ക് വേണ്ടി പരമാവധി പോരാടി. ഇതോടു കൂടി എല്ലാം അവസാനിക്കുമോ എന്നറിയില്ല. കേസ് കൊടുത്തത് അബദ്ധമായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. മാസത്തിൽ രണ്ടു തവണ വക്കീലിന് പണം കൊടുത്ത് കേസിന് ഹാജരായി എനിക്ക് മതിയായി. ഇത്രയൊക്കെ ഒരു പെണ്ണ് കരഞ്ഞ് പറഞ്ഞിട്ടും നിങ്ങൾക്കൊന്നും ചെവിക്കൊള്ളാൻ പറ്റിയില്ലെങ്കിൽ, ഞാൻ മരിച്ചാലെങ്കിലും ഇവിടുത്തെ സിസ്റ്റം മാറുമോ എന്നു നോക്കാം. ഇതുവരെ സ്നേഹവും പിന്തുണയും തന്ന എല്ലാവരോടും നന്ദിയുണ്ട് എന്ന് പറഞ്ഞാണ് എലിസബത്ത് വിഡിയോ അവസാനിപ്പിക്കുന്നത്. ആശുപത്രിയിൽ കിടക്കുകയാണെങ്കിലും തനിക്ക് എന്ത് പറ്റിയെന്നോ ഏത് ആശുപത്രിയിലാണെന്നോ എലിസബത്ത് ഉദയൻ വ്യക്തമാക്കിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.