ഷോർട്ട്സും കറുത്ത ഫുൾസ്ലീവ് ഷർട്ടും, കൈയിൽ പേനയും പേപ്പറും; റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന നടിയെ രക്ഷപ്പെടുത്തി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ അമില ബസാറിനടുത്തുള്ള റോഡരികിൽ ഷോർട്ട്സും കറുത്ത ഫുൾസ്ലീവ് ഷർട്ടും ധരിച്ച്, പേപ്പറും പേനയുമായി ഒരു മധ്യവയസ്‌ക ഇരിക്കുന്നത് പലരും കണ്ടിരുന്നു. അവർ ബംഗാളിയിലും ഇംഗ്ലീഷിലും പരസ്പരവിരുദ്ധമായി സംസാരിക്കുന്നുണ്ട്. ആദ്യ കാഴ്ചയിൽ തിരിച്ചറിയാനായില്ലെങ്കിലും കുറച്ച് സമയമെടുത്ത് നാട്ടുകാർ അവരെ തിരിച്ചറിഞ്ഞു. മുൻ ചലച്ചിത്ര-ടെലിവിഷൻ നടിയായ സുമി ഹർ ചൗധരിയായിരുന്നു അത്.
മഴയിൽ നിന്ന് രക്ഷപ്പെടാൻ റോഡരികിലെ വിശ്രമ സ്ഥലത്ത് കയറിനിന്നപ്പോൾ അടുത്തുവന്ന നാട്ടുകാരോട് താൻ സുമി ഹർ ചൗധരിയാണെന്നും നടിയാണെന്നും അവർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ആ പേര് ഓൺലൈനിൽ തിരഞ്ഞ് അവർ പറഞ്ഞത് സത്യമാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
കൊൽക്കത്തയിൽ നിന്നാണ് വരുന്നതെന്നും ബോൾപൂരിൽ നിന്നുള്ളയാളാണെന്നും അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ സുമിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ അഭിപ്രായപ്പെട്ടു. ഒരിക്കൽ കൊൽക്കത്തയിലെ ബെഹാലയിൽ താമസിച്ചിരുന്ന മുൻ നടി കുറച്ചുകാലം ബിർഭും ജില്ലയിലെ ബോൾപൂരിലും താമസിച്ചിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എങ്ങനെയാണ് ഖണ്ഡഘോഷിൽ എത്തിയതെന്ന് ഇതുവരെ അറിയാനായിട്ടില്ല.
അലഞ്ഞുതിരിഞ്ഞ സുമി ഹർ ചൗധരിയെ ഒരു ഷെൽട്ടർ ഹോമിലേക്ക് അയച്ചതായും അവരുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബർദ്ധമാൻ സദർ സൗത്തിലെ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ അഭിഷേക് മണ്ഡൽ പറഞ്ഞു. കൊൽക്കത്തയിലെ ബെഹാല പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൈമാറിയതായും അദ്ദേഹം പറഞ്ഞു.
സുമി ഹർ ചൗധരി ജനപ്രിയ ബംഗാളി ചിത്രങ്ങളായ ദ്വിതിയോ പുരുഷ്, നസീറുദ്ദീൻ ഷാ അഭിനയിച്ച ഖാഷി കഥ: എ ആട് സാഗ എന്നിവയിലും രൂപസാഗോർ മോനേർ മാനുഷ്, തുമി ആഷേ പാഷേ തക്ലെ തുടങ്ങിയ ടി.വി. സീരിയലുകളിലും പ്രവർത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.