'ജോലിയിൽ പിന്നോട്ട് പോയി, ഒരുപാട് ഓഫറുകൾ ഉപേക്ഷിച്ചു; സ്തനാർബുദം ബാധിച്ചശേഷം ആളുകൾ ഒപ്പം പ്രവർത്തിക്കാൻ മടിക്കുന്നു' -ഹിന ഖാൻ
text_fieldsഹിന ഖാൻ
തനിക്ക് സ്തനാർബുദം ബാധിച്ചതായി കഴിഞ്ഞ വർഷം ജൂലൈയിലാണ് നടി ഹിന ഖാൻ വെളിപ്പെടുത്തിയത്. രോഗനിർണയം നടത്തി ഒരു വർഷത്തിനു ശേഷവും, ഇൻഡസ്‌ട്രിയിൽ നിന്നുള്ള ആളുകൾ തന്നോടൊപ്പം പ്രവർത്തിക്കാൻ മടിക്കുന്നുവെന്ന് പറയുകയാണ് നടി. അസുഖം വന്നതോടെ ജോലിയിൽ പിന്നോട്ട് പോയെന്നും ഒരുപാട് ഓഫറുകൾ ഉപേക്ഷിക്കേണ്ടി വന്നെന്നും താരം പറഞ്ഞു. പുതിയ പ്രൊജക്ടിലൂടെ ഇപ്പോൾ ടെലിവിഷനിൽ തിരിച്ചെത്തിയിരിക്കുകയാണ് നടി.
'സ്തനാർബുദ നിർണയം നടത്തിയതിന് ശേഷമുള്ള എന്‍റെ ആദ്യ പ്രോജക്‌റ്റാണിത്. എനിക്ക് ജോലി ചെയ്യണം. നിങ്ങൾ ഇപ്പോഴും പൂർണമായി സുഖം പ്രാപിച്ചിട്ടില്ല എന്ന് ആരും എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. പക്ഷേ ആളുകൾ എന്നോടൊപ്പം പ്രവർത്തിക്കാൻ മടിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും' -ഹിന പറയുന്നു.
താൻ ഓഡിഷനുകൾക്ക് തയാറാണെന്നും കഴിഞ്ഞ ഒരു വർഷമായി ആരും വിളിച്ചിട്ടില്ലെന്നും അവർ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ, കസൗതി സിന്ദഗി കേ 2, ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 8, ബിഗ് ബോസ് 11 തുടങ്ങിയ ഷോകളിലൂടെയാണ് ഹിന പ്രശസ്തയായത്.
സ്റ്റേജ് 3 അർബുദത്തിനുള്ള ചികിത്സയിലാണ് താനെന്നും കരുത്തോടെ രോഗത്തെ നേരിടുകയാണെന്നും ഹിന ഒരിക്കൽ സമൂഹമാധ്യമത്തിൽ പറയുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.