‘നീ അത്ഭുതകരമായ കാര്യങ്ങളാണ് ചെയ്യുന്നത്, കൂടുതൽ കരുത്തുണ്ടാകട്ടെ’; മുൻ ഭാര്യക്ക് പിറന്നാളാശംസകൾ നേർന്ന് ഹൃത്വിക് റോഷൻ
text_fieldsഹൃത്വിക് റോഷൻ കുടുംബത്തോടൊപ്പം
ഹൃത്വിക് റോഷനും സുസൈൻ ഖാനും വേർപിരിഞ്ഞെങ്കിലും ഇന്നും സൗഹൃദത്തിന്റെ മികച്ച മാതൃകയാണ്. ഒക്ടോബർ 26ന് 51-ാം പിറന്നാൾ ആഘോഷിച്ച സുസൈൻ ഖാന് രണ്ട് ദിവസത്തിന് ശേഷം ഹൃത്വിക് റോഷൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ പിറന്നാൾ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മക്കളായ ഹൃഹാൻ, ഹൃദാൻ എന്നിവർക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും നാല് പേരും ഒന്നിച്ചുള്ള കുടുംബ ചിത്രവും ഉൾപ്പെടുത്തിയാണ് ഹൃത്വിക് പോസ്റ്റ് പങ്കുവെച്ചത്.
കുറിപ്പ് വൈകിയതാണെങ്കിലും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ടാണ് ഹൃത്വിക് തുടങ്ങുന്നത്. ‘ഈ ആശംസ വൈകിയാണെങ്കിലും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ളതാണ്. ഹാപ്പി, ഹാപ്പി ബർത്ത്ഡേ സുസൈൻ. നീ ചുറ്റുമുള്ളവർക്ക് നൽകുന്ന അതേ സ്നേഹവും ഊഷ്മളതയും സന്തോഷവും മാജിക്കും ഈ വർഷം നിനക്കും തിരികെ ലഭിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം ഹൃത്വിക് കുറിച്ചു.
നീ ജീവിച്ച ജീവിതത്തിലും, നീ നേരിട്ട വെല്ലുവിളികളിലും, നീ വളർന്നുവന്ന വ്യക്തിത്വത്തിലും ഞാൻ അഭിമാനിക്കുന്നു. സത്യത്തിൽ, അമ്മയുടെ ആത്മാവ് നിന്നിൽ ജീവിക്കുന്നുണ്ട്. റേയ്ക്കും റിഡ്‌സിനും നീ ഏറ്റവും മികച്ച അമ്മയാണ്. അവർക്ക് അമ്മയെന്ന നിലയിൽ ഇത്ര പോസിറ്റീവായ ഒരു വെളിച്ചം ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. ജീവിതത്തിന്റെ എപ്പോഴും നല്ല വശം കാണാൻ ഒരിക്കലും മടുക്കാത്ത ഒരാൾ.
നീ അത്ഭുതകരമാണ്, അച്ഛൻ പറയുന്നതുപോലെ, 'Amazing is what amazing does!' നീ അത്ഭുതകരമായ കാര്യങ്ങളാണ് ചെയ്യുന്നത്. നിനക്ക് കൂടുതൽ കരുത്തുണ്ടാകട്ടെ. ദി ചാർക്കോൾ പ്രോജക്റ്റ് നീ സ്വപ്നം കാണുന്ന ലോകത്തിലെ എല്ലാ നഗരങ്ങളിലും എത്തിച്ചേരട്ടെ. ഞാൻ എപ്പോഴും നിനക്ക് വേണ്ടി കൈയടിച്ച് ഇവിടെ ഉണ്ടാകും. ഒക്ടോബർ 26, 2026,’ എന്ന് പറഞ്ഞാണ് ഹൃത്വിക് കുറിപ്പ് അവസാനിപ്പിച്ചത്.
ഹൃത്വിക്കിന്റെ പോസ്റ്റിന് സുസൈൻ സ്നേഹത്തോടെ മറുപടി നൽകി. ‘ഒരുപാട് നന്ദി, റൈ! നമ്മുടെ റേയ്ക്കും റിഡ്‌സിനും വേണ്ടി മികച്ച മാതാപിതാക്കളായി തുടരാം. നമുക്കെല്ലാവർക്കും... നിനക്കും സബയ്ക്കും എനിക്കും അർസ്ലാനും മുന്നിൽ ഏറ്റവും സന്തോഷകരമായ സമയവും തിളക്കമുള്ള പുഞ്ചിരികളും ഉണ്ടാകട്ടെ എന്നായിരുന്നു സുസൈന്റെ കമന്റ്.
ഹൃത്വിക്കിന്റെ കാമുകി സബ ആസാദും പോസ്റ്റിൽ ഹാർട്ട് ഇമോജികളുമായി പ്രതികരിച്ചു. 2000ത്തിലാണ് ഹൃത്വിക്കും സുസൈനും വിവാഹിതരായത്. 2014ൽ ഇരുവരും വിവാഹമോചനം നേടി. എന്നാൽ മക്കളായ ഹൃഹാനും ഹൃദാനും വേണ്ടി ഇരുവരും മികച്ച രീതിയിൽ സഹകരിച്ച് മാതാപിതാക്കളുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്.

