'എന്താ ഇർഷാദേ ഇത് എന്ന് ചോദിച്ച് സ്വന്തം ചെരിപ്പഴിച്ചു തന്നു; പണ്ടത്തെ അതേ അതിശയം തന്നെയാണ് ഇന്നും എനിക്ക് മോഹൻലാൽ' -ഇർഷാദ് അലി
text_fieldsശോഭനയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന തരുൺ മൂർത്തി ചിത്രം 'തുടരും' ഏപ്രിൽ 25ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇർഷാദ് അലി മോഹൻലാലിനെക്കുറിച്ചും ചിത്രത്തിന്‍റെ ഷൂട്ടിങ് അനുഭവത്തെക്കുറിച്ചും എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
'ഇരുപതാം നൂറ്റാണ്ട്' ഇറങ്ങിയ സമയത്താണ് മോഹൻലാലിനെ ആദ്യമായി കാണുന്നതെന്നും അന്ന് കണ്ടത് മോഹൻലാലിനെയാണെങ്കിൽ പിന്നീട് കണ്ടത് ലാലേട്ടനെയാണെന്ന് ഇർഷാദ് കുറിക്കുന്നു. പരിക്ക് പറ്റിയ കാലുമായി തന്‍റെ പുസ്തകം നൽകാൻ മോഹൻലാലിനിടുത്ത് ചെന്ന കാര്യവും ഇർഷാദ് എഴുതുന്നുണ്ട്. 'എന്താ ഇർഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്' പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു കൊടുത്ത മോഹൻലാലിന്‍റെ സ്നേഹത്തെ അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇർഷാദിന്‍റെ കുറിപ്പ്
1987 മെയ് മാസത്തിലെ ചുട്ടു പൊള്ളുന്നൊരു പകൽ. സൂര്യൻ ഉച്ചിയിൽ തന്നെയുണ്ട്. വെയിലിനെ വകവെക്കാതെ തടിച്ചു കൂടി നിൽക്കുന്നവരുടെ കൂട്ടത്തിലെ ഒരാളായി എം ജി റോഡിന് അഭിമുഖമായ തൃശ്ശൂർ രാംദാസ് തിയേറ്ററിന്റെ മെയിൻ ഗേറ്റിൽ വിയർത്തു നനഞ്ഞൊട്ടിയ ഉടുപ്പമായി അക്ഷമനായി ഞാനും!
'ഇരുപതാം നൂറ്റാണ്ട്'എന്ന മോഹൻലാൽ സിനിമ കാണാൻ തിക്കിത്തിരക്കി വന്നവരാണ്.ഗേറ്റ് തുറന്ന് ഓട്ടത്തിനിടയിൽ വീണപ്പോൾ കിട്ടിയ മുട്ട് പൊട്ടിയ നീറ്റലോടെ ഞാൻ ടിക്കറ്റ് ഉറപ്പായൊരു പൊസിഷനിൽ എത്തിയിരുന്നു. ചോര പൊടിഞ്ഞ പോറലും കൊണ്ട് ക്യൂ നിക്കുമ്പോൾ പെട്ടെന്ന് മോഹൻലാൽ മോഹൻലാൽ എന്നൊരു ആരവം. തീയേറ്ററിന്റെ എതിർവശത്തെ തറവാട്ടുവീട്ടിൽ തൂവാനത്തുമ്പികൾ ഷൂട്ട് നടക്കുന്നെന്നോ മോഹൻലാൽ എത്തിയിട്ടുണ്ടെന്നോ ആരോ പറയുന്നത് അവ്യക്തമായ് കേട്ടു.ആൾക്കൂട്ടത്തിനിടെ ഏന്തി വലിഞ്ഞും കൊണ്ട് നോക്കി.
ആ നട്ടുച്ച വെയിലിലാണ്, ഒരു ലോങ്ങ് ഷോട്ടിൽ മിന്നായംപോലെ ഞാനാ രൂപം ആദ്യമായ് കാണുന്നത്.
പിന്നീട് കാണുന്നത് നരസിംഹത്തിന്റെ സെറ്റിൽ വെച്ച്.. അപ്പോഴേക്കും സിനിമയാണെന്റെ അന്നം എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ചെറിയ വേഷങ്ങളിലൂടെ എങ്ങനെയെങ്കിലും സിനിമയിൽ കാലുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിനിടെ രഞ്ജിത്ത് എന്ന മനുഷ്യന്റെയും അഗസ്റ്റിന്റെയും സ്നേഹ സമ്മാനമായിരുന്നു ആ വേഷം. കൂട്ടത്തിലൊരാളായ് ചെന്നു.ആദ്യത്തെ കൂടിക്കാഴ്ച്ച വെച്ച് ചെറിയൊരു വ്യത്യാസമുണ്ട്. ഇക്കുറി മോഹൻലാൽ എന്നെയും കണ്ടു. അതു കഴിഞ്ഞും പ്രജയിൽ സാക്കിർ ഹുസൈനിന്റെ ഡ്രൈവറായി നിന്ന് ഒടുവിൽ ഒറ്റിക്കൊടുത്തിട്ടുണ്ട്. പരദേശിയിൽ സ്നേഹ നിധിയായ അച്ഛനെ അതിർത്തി കടത്തേണ്ടി വന്നിട്ടുണ്ട്.
ദൃശ്യത്തിൽ ജോർജ്ജ് കുട്ടിയുടെ നേരറിഞ്ഞ പൊലീസ് ഓഫിസറായിട്ടുണ്ട്. പിന്നീട് ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും ബിഗ് ബ്രദറിൽ സച്ചിദാനന്ദന്റെ സന്തതസഹചാരിയുടെ വേഷവും ചെയ്യാൻ പറ്റി. ഒടുവിലിപ്പോൾ തരുൺ മൂർത്തിയുടെ ഷാജിയായ് ഷണ്മുഖനൊപ്പം വളയം പിടിക്കാൻ!
കഴിഞ്ഞ വേനലിൽ, തുടരും സിനിമയുടെ ഷൂട്ടിനിടയിൽ പരിക്ക് പറ്റിയ കാലുമായ്
"വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയും" എന്ന എന്റെ പുസ്തകം കൊടുക്കാൻ വേച്ചു വേച്ച് മുറിയിൽ ചെന്ന എന്നെ നോക്കിക്കൊണ്ട് സ്നേഹം നിറഞ്ഞ ശാസനയോടെ "എന്താ ഇർഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്" പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്നപ്പോഴും,പിറ്റേന്ന് അത്രയും ചേർന്നു നിന്ന് എണ്ണമറ്റ ഫോട്ടോസ് എടുത്തപ്പോഴും ലാലേട്ടന്റെ പിറന്നാൾ മധുരം വായിൽ വെച്ചു തന്നപ്പോഴും ഞാനോർക്കുകയായിരുന്നു.
ഒക്കെയും ഒരേ വേനലിൽ. ഒരേ പൊള്ളുന്ന ചൂടിൽ. പക്ഷേ ഒരു മാറ്റമുണ്ട്. അന്ന് ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് മോഹൻലാലിനെ ഒരുനോട്ടം കണ്ടെന്ന് വരുത്തിയ മെലിഞ്ഞുന്തിയ ചെറുക്കൻ, പിന്നീടുള്ള ഓരോ കൂടികാഴ്ചയിലും കണ്ടത് ലാലേട്ടനെയാണ്. എന്നിട്ടും,പണ്ട് നീറ്റുന്ന കാലുമായ് നോക്കി നിന്ന അതേ അതിശയം തന്നെ, എനിക്ക് മോഹൻലാൽ!!!
പ്രിയമുള്ളവരേ...
സിനിമ ശ്വസിച്ചും സിനിമയെ പ്രണയിച്ചും ഞങ്ങളിവിടെ തുടരാൻ തുടങ്ങിയിട്ട് നാളുകളായി...നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഞങ്ങളെ ഇവിടെ നിലനിർത്തുന്നത്. നിങ്ങളുടെ ചേർത്തുപിടിക്കൽ "തുടർ"ന്നാൽ ഞങ്ങളിവിടെ "തുടരു"ക തന്നെ ചെയ്യും.
സ്നേഹപൂർവ്വം
ഇർഷാദ് അലി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.