കശ്മീർ ഫയൽസ് പോലുള്ള സിനിമകൾ ചെയ്യില്ല; വലതുപക്ഷ സിനിമകൾക്ക് പ്രേക്ഷകരെ ലഭിക്കുന്നത് ഭയപ്പെടുത്തുന്നു -ജോൺ എബ്രഹാം
text_fieldsജോൺ എബ്രഹാം
രാഷ്ട്രീയ പ്രമേയങ്ങളുള്ള സിനിമകൾ നിർമിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കുകയാണ് നടനും നിർമാതാവുമായ ജോൺ എബ്രഹാം. ഇന്ത്യാ ടുഡേയുടെ രാജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലെ ഒരു ദൗത്യത്തിൽ കുടുങ്ങിയ ഒരു ഇന്ത്യൻ ചാരന്റെ വേഷത്തിലാണ് ജോൺ എബ്രഹാം തന്‍റെ ഏറ്റവും പുതിയ ചിത്രമായ ടെഹ്‌റാനിൽ അഭിനയിക്കുന്നത്. സെൻസർഷിപ്പ് ആവശ്യമാണെന്ന് കരുതുന്നതായും എന്നാൽ അത് എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നത് ഒരു വലിയ ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ സിനിമകൾ നിർമിച്ച രീതിയിൽ എനിക്ക് ഉത്തരവാദിത്തമുണ്ട്. ഞാൻ വലതുപക്ഷമോ ഇടതുപക്ഷമോ അല്ല, പക്ഷേ രാഷ്ട്രീയമായി ബോധവാനാണ്. സത്യസന്ധമായ പ്രസ്താവന നടത്തേണ്ടത് എനിക്ക് പ്രധാനമാണ്. വലതുപക്ഷ സിനിമകൾക്ക് വലിയ പ്രേക്ഷകരെ ലഭിക്കുമ്പോഴാണ് വിഷമം തോന്നുന്നത്. അപ്പോഴാണ് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഏത് പാതയാണ് സ്വീകരിക്കാൻ പോകുന്നത് എന്ന് സ്വയം ചോദിക്കേണ്ടി വരുന്നത്. കൂടുതൽ പണം സമ്പാദിക്കാൻ വാണിജ്യ പാത സ്വീകരിക്കണോ, അതോ എനിക്ക് പറയാനുള്ളത് പാലിക്കണോ? ഞാൻ രണ്ടാമത്തേതാണ് തെരഞ്ഞെടുത്തത്.
ഛാവ, ദി കശ്മീർ ഫയൽസ് പോലുള്ള സിനിമകൾ നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹത്തിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. 'ഛാവ കണ്ടിട്ടില്ല, പക്ഷേ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ദി കശ്മീർ ഫയൽസും അങ്ങനെ തന്നെ. എന്നാൽ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ ആളുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെ സിനിമകൾ നിർമിക്കുകയും അത്തരം സിനിമകൾക്ക് പ്രേക്ഷകരെ ലഭിക്കുകയും ചെയ്യുമ്പോൾ, അതെന്നെ ഭയപ്പെടുത്തുന്നു. ഞാൻ ഒരിക്കലും അത്തരം സിനിമകൾ നിർമിക്കില്ല' ജോൺ പറഞ്ഞു.
അരുൺ ഗോപാലൻ സംവിധാനം ചെയ്യുന്ന ടെഹ്‌റാൻ എന്ന ചിത്രത്തിൽ മാനുഷി ചില്ലാർ, നീരു ബജ്‌വ, മധുരിമ തുലി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 14 മുതൽ സീ5-ൽ ചിത്രം സ്ട്രീം ചെയ്യും. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്‍റെ പശ്ചാത്തലമെന്നാണ് വിവരം. 2012ൽ ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം നടന്ന ബോംബാക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.