മമ്മൂട്ടി ഗേയായ രാഷ്ട്രീയക്കാരനായി അഭിനയിച്ചു, ആ മനുഷ്യന് അങ്ങനെയൊരു സിനിമ ചെയ്യാൻ ധൈര്യമുണ്ട്; മലയാള സിനിമയെ പുകഴ്ത്തി ജോൺ എബ്രഹാം
text_fieldsജോൺ എബ്രഹാം, മമ്മൂട്ടി
മലയാള സിനിമയെ പ്രശംസിച്ച് ബോളിവുഡ് നടനും നിർമാതാവുമായ ജോൺ എബ്രഹാം. ദി ഇന്ത്യൻ എക്‌സ്‌പ്രസ് ആതിഥേയത്വം വഹിച്ച ഐഡിയ എക്‌സ്‌ചേഞ്ച് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമകൾ നിർമിക്കാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് ജോൺ സംസാരിച്ചു. താൻ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും വലിയ ആരാധകനാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
സംഭാഷണത്തിനിടയിൽ ജോൺ എബ്രഹാം മലയാളം സിനിമ വ്യവസായത്തെ ധീരമെന്ന് വിശേഷിപ്പിച്ചു. 'ആ വ്യവസായം വളരെ ധീരമാണ്. അതിനാൽ, ഇന്നത്തെ നിലയിൽ രാജ്യത്തെ ഏറ്റവും മികച്ച സിനിമകൾ വരുന്നത് മലയാള സിനിമയിൽ നിന്നാണ്. എന്‍റെ പ്രിയപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചാൽ, മോഹൻലാൽ എന്ന് ഞാൻ പറയും. മെറിൽ സ്ട്രീപ്പിനെയും ഞാൻ സ്നേഹിക്കുന്നു' -അദ്ദേഹം പറഞ്ഞു.
കാതൽ -ദി കോർ എന്ന സിനിമയിൽ മമ്മൂട്ടി ഒരു സ്വവർഗ്ഗാനുരാഗിയായ രാഷ്ട്രീയക്കാരനായി അഭിനയിച്ചതിനെ ജോൺ അഭിനന്ദിച്ചു. 'മമ്മൂട്ടി ഒരു സ്വവർഗാനുരാഗിയായ രാഷ്ട്രീയക്കാരനായി അഭിനയിക്കുന്നു. അതായത്, ആ മനുഷ്യന് അങ്ങനെയൊരു സിനിമ ചെയ്യാൻ ധൈര്യമുണ്ട്' -ജോൺ എബ്രഹാം പറഞ്ഞു. കൂടുതൽ മലയാളം ചിത്രങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്നെന്നും മലയാള സിനിമകൾ മികച്ചവയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, 'ദി ഡിപ്ലോമാറ്റ്' എന്ന ചിത്രത്തിലാണ് ജോൺ എബ്രഹാം അവസാനമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ 'ടെഹ്‌റാൻ' ആഗസ്റ്റ് 14ന് സീ5ൽ നേരിട്ട് റിലീസ് ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.