ദക്ഷിണേന്ത്യയിൽ സിനിമ പോസ്റ്ററുകളിൽ പോലും സ്ത്രീകൾക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ജ്യോതിക; പോസ്റ്ററുകള്‍ പങ്കുവെച്ച് നെറ്റിസൺസ്
text_fieldsദക്ഷിണേന്ത്യൻ സിനിമയിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ജ്യോതിക. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ജ്യോതിക ഇടവേള എടുത്തിരുന്നു. ഇപ്പോൾ ദക്ഷിണേന്ത്യൻ സിനിമക്ക് പുറമേ ബോളിവുഡിലും സജീവമാണ്. ഇപ്പോഴിതാ, തെന്നിന്ത്യൻ സിനിമയെക്കുറിച്ച് ജ്യോതിക പണ്ട് പറഞ്ഞ വാക്കുകൾ വീണ്ടും സമൂഹമാധ്യമത്തിൽ പ്രചരിക്കുകയാണ്.
'ദക്ഷിണേന്ത്യയിലെ മിക്ക മുൻനിര നടന്മാരോടൊപ്പവും ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അവിടെ സ്ത്രീകൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്നില്ല, പോസ്റ്ററുകളിൽ പോലും. മമ്മൂട്ടി, അജയ് ദേവ്ഗൺ പോലുള്ളവർ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നു' -എന്നാണ് ജ്യോതിക പറഞ്ഞത്. ഒരു വർഷം മുമ്പ് പറഞ്ഞ അഭിപ്രായമാണെങ്കിലും അടുത്തിടെ അത് വീണ്ടും വിവാദത്തിന് തിരികൊളുത്തി. ഒരു എക്‌സ് ഉപയോക്താവ് ജ്യോതികയെ പ്രധാനമായി അവതരിപ്പിക്കുന്ന തമിഴ് സിനിമ പോസ്റ്ററുകളുടെ ചിത്രങ്ങളുടെ ഒരു കൊളാഷ് പങ്കിട്ടുകൊണ്ടാണ് നടിയുടെ പരാമർശത്തിന് മറുപടി പറഞ്ഞത്.
സ്ത്രീകൾക്ക് വേണ്ടിയുള്ള സിനിമകൾ ചെയ്യാൻ കെ. ബാലചന്ദറിനെ പോലെ വലിയ സിനിമാക്കാരോ പരിചയസമ്പന്നരായ സംവിധായകരോ ഇപ്പോഴില്ലെന്ന് ജ്യോതിക നേരത്തെ പറഞ്ഞിരുന്നു. സ്ത്രീകൾക്ക് വേണ്ടിയുള്ള സിനിമകളോ സ്ത്രീകൾക്ക് പ്രധാന പങ്കുവഹിക്കുന്ന കഥകളോ ഇല്ല. വമ്പന്മാർക്ക് വേണ്ടി സിനിമകൾ നിർമിക്കുന്നവർ മാത്രമേ നമുക്കുള്ളൂ. ഈ കാലത്ത് ഒരു വനിത അഭിനേതാവിന് വേണ്ടി ഒരു വലിയ ചലച്ചിത്ര നിർമാതാവ് ഒരു സിനിമ നിർമിക്കുന്നുണ്ടെന്ന് കരുതുന്നില്ല. ദക്ഷിണേന്ത്യയിലെ ഒരു സ്ത്രീയുടെ യാത്ര അങ്ങേയറ്റം കഠിനമാണെന്ന് തോന്നുന്നതായും ജ്യോതിക പറഞ്ഞു.
അതേസമയം, തെന്നിന്ത്യൻ സിനിമയിൽ സജീവമാകാനുള്ള കാരണവും നേരത്തെ ജ്യോതിക വെളിപ്പെടുത്തിയിരുന്നു. 27 വർഷമായി തനിക്ക് ബോളിവുഡിൽ നിന്ന് ഒരു ഓഫർ പോലും ലഭിച്ചില്ലെന്നും ഇതാണ് തെന്നിന്ത്യൻ സിനിമകളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്നും നടി പറഞ്ഞു. 'ഹിന്ദി സിനിമ ചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, എന്നെ തേടി തിരക്കഥകളൊന്നും വന്നില്ല. കൂടാതെ എന്റെ ആദ്യ ഹിന്ദി ചിത്രം തിയറ്ററുകളിൽ വൻ പരാജയമായിരുന്നു. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടിട്ടും എനിക്ക് ബോളിവുഡിൽ നിന്ന് ഓഫറുകൾ ലഭിച്ചില്ല. ചില ആളുകൾ ഞാൻ തെന്നിന്ത്യക്കാരിയാണെന്നും ഹിന്ദി സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രചരിപ്പിച്ചു'- എന്നായിരുന്നു ജ്യോതിക പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.