സ്ത്രീകളെ തളർത്താൻ എപ്പോഴും ‘സ്വഭാവഹത്യ’യാണ് ആയുധം; തൃഷ-ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ കങ്കണ റണാവത്ത്
text_fieldsന്യൂഡൽഹി: ജോലി ചെയ്യുന്നവരോ ഉയർന്ന പദവികളിൽ ഇരിക്കുന്നവരോ ആയ സ്ത്രീകളെ തളർത്താൻ അവരുടെ സ്വഭാവത്തെ ലക്ഷ്യമിട്ട് അപകീർത്തിപ്പെടുത്തുന്നത് പഴയൊരു തന്ത്രം മാത്രമാണെന്ന് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. തമിഴ്നാട് രാഷ്ട്രീയത്തിൽ തൃഷയെയും ഉദയനിധി സ്റ്റാലിനെയും ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം. കുല്ലുവിൽ ജില്ല വികസന ഏകോപന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ലോകത്തെവിടെയും സ്ത്രീകൾ നേരിടുന്ന അവസ്ഥയാണിത്. ജോലിയിലോ നേതൃസ്ഥാനത്തോ ഉള്ള സ്ത്രീകൾക്ക് നേരെ വരുമ്പോൾ എപ്പോഴും അവരുടെ സ്വഭാവഹത്യ നടത്താനാണ് ശ്രമിക്കാറുള്ളതെന്ന് വ്യക്തിപരമായ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള കങ്കണ പറഞ്ഞു. സ്ത്രീകൾക്കെതിരായ ഈ സ്വഭാവഹത്യകൾ എപ്പോഴാണ് അവസാനിക്കുക?, ഒരു സമൂഹമെന്ന നിലയിൽ നമ്മൾ സ്ത്രീകളെ എങ്ങനെ വീക്ഷിക്കുന്നുവെന്നും അവരെ ശരിയായ രീതിയിൽ ബഹുമാനിക്കുന്നുണ്ടോയെന്നും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഗസ്റ്റിൽ നടന്ന കാവേരി പ്രതിഷേധ യോഗത്തിനിടയിൽ ഉദയനിധി സ്റ്റാലിൻ അർഥഗർഭമായ പരാമർശം നടത്തിയെന്ന ആരോപണമാണ് വിവാദത്തിന് കാരണമായത്. എന്നാൽ ഈ പരാമർശം ബോധപൂർവ്വം എഡിറ്റ് ചെയ്ത് തെറ്റായി ചിത്രീകരിച്ചതാണെന്നും, താരം ഒരിക്കലും നടിയുടെ പേര് ഉച്ചരിച്ചിട്ടില്ലെന്നുമാണ് ഡി.എം.കെയുടെ വാദം.
അതേസമയം, രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകാമെങ്കിലും സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പാടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ ആക്രമണങ്ങളോ അധിക്ഷേപങ്ങളോ ഉണ്ടായാൽ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

