'റെട്രോയുടെ തിരക്കഥ എഴുതിയത് ആ സൂപ്പർ താരത്തെ മനസിൽ കണ്ട്; ചിലർ ഊഹിക്കുന്നതുപോലെ അത് വിജയ് അല്ല' -കാർത്തിക് സുബ്ബരാജ്
text_fieldsസൂര്യയും പൂജ ഹെഗ്‌ഡെയും ഒന്നിക്കുന്ന റെട്രോ തിയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ചിത്രത്തിന്റെ തിരക്കഥ എഴുതുന്ന സമയത്ത് പ്രധാന കഥാപാത്രമായി സൂര്യക്ക് പകരം മറ്റൊരു നടനെയാണ് തീരുമാനിച്ചിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്‍റെ സംവിധായകൻ കാർത്തിക് സുബ്ബരാജ്. മെയ് ഒന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്.
ചിലർ ഊഹിക്കുന്നതുപോലെ ഒരിക്കലും അത് ദളപതി വിജയ് ആയിരുന്നില്ലെന്നും കാർത്തിക് സുബ്ബരാജ് വ്യക്തമാക്കി. സൂപ്പർ സ്റ്റാർ രജനീകാന്തിനെ മനസിൽ വെച്ചുകൊണ്ടാണ് ആദ്യം കഥ എഴുതിയത്. പ്രാരംഭ തിരക്കഥയിൽ ധാരാളം ആക്ഷൻ മാസ് ഘടകങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും, തിരക്കഥയിൽ കൂടുതൽ മുന്നിലേക്ക് പോയപ്പോൾ അവിടെ ശക്തമായ ഒരു പ്രണയകഥയുണ്ടെന്ന് മനസ്സിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
തിരക്കഥ ഒരു പ്രണയകഥയായി മാറിയതിനുശേഷം ചിത്രത്തിനായി സൂര്യയെ സമീപിക്കാൻ കാർത്തിക് സുബ്ബരാജ് തീരുമാനിക്കുകയായിരുന്നു. സൂര്യ അനുമതി നൽകിയതോടെ, നായകന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരുത്തി. ആദ്യ ഡ്രാഫ്റ്റ് വായിച്ചപ്പോൾ, ഇത് രജനി സാറിനു വേണ്ടി എഴുതിയതാണോ എന്ന് സൂര്യ തന്നോട് ചോദിച്ചതായി കാർത്തിക് വ്യക്തമാക്കി. പിന്നീട് നായകനെ കൂടുതൽ മയപ്പെടുത്തി. അതിനർഥം കഥാപാത്രത്തിന് മാസ് ആക്ഷൻ സീക്വൻസുകൾ ഉണ്ടാകില്ലെന്നല്ല എന്നും കാർത്തിക് വ്യക്തമാക്കി.
തന്റെ നഷ്ടപ്പെട്ട പ്രണയി രുക്മിണിയെ കണ്ടെത്താനുള്ള പാരിവേൽ കണ്ണന്‍റെ പരിശ്രമമാണ് റെട്രോ. അന്വേഷണത്തിൽ അയാൾ നേരിടുന്ന തടസങ്ങളും അതിലൂടെ വികസിക്കുന്ന വൈകാരിക യാത്രയുമാണ് ചിത്രത്തിൽ. കങ്കുവ എന്ന പരാജയ ചിത്രത്തിന് ശേഷം സൂര്യയുടേതായി പുറത്തെത്തുന്ന ചിത്രമാണ് റെട്രോ. ജയറാം, നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.