'ലിയോ'യുടെ വിജയത്തിനുശേഷം 'കൂലി'യിലെ പ്രതിഫലം ഇരട്ടിയായെന്ന് ലോകേഷ് കനകരാജ്
text_fieldsരജനീകാന്ത്, നാഗാർജുന അക്കിനേനി, ആമിർ ഖാൻ, ശ്രുതി ഹാസൻ തുടങ്ങിയവർ അഭിനയിക്കുന്ന കൂലി കോളിവുഡിലെ ഏറ്റവും പുതിയ പ്രോജക്ടുകളിൽ ഒന്നാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മുമ്പുതന്നെ വൻ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ തന്റെ പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
'രജനി സാറിന്റെ ശമ്പളത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ല. അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. എന്നാൽ എനിക്ക് കൂലിയിൽ 50 കോടി രൂപ ശമ്പളമുണ്ട്. മുൻ ചിത്രമായ ലിയോയുടെ വലിയ വിജയമാണ് ഈ തുക പ്രതിഫലമായി ലഭിക്കാൻ കാരണമായത്. 600 കോടിയിലധികം രൂപയാണ് ലിയോയുടെ കളക്ഷൻ. മുമ്പ് എനിക്ക് ലഭിച്ചതിനേക്കാൾ ഇരട്ടി തുകയാണ് ഇപ്പോൾ ഞാൻ നേടുന്നത്.
ഈ നിലയിൽ എത്താൻ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് എനിക്ക് പരാതികളൊന്നുമില്ല. കഴിഞ്ഞ രണ്ട് വർഷം പൂർണമായും 'കൂലി'യുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയാണ് ചിലവഴിച്ചത്. അത് എന്റെ ഉത്തരവാദിത്വമാണ്. രണ്ട് വർഷമായി കൂലിയാണ് എന്‍റെ ജീവിതം. കുടുംബമില്ല, സുഹൃത്തുക്കളില്ല. ആ രണ്ട് വർഷം ജീവിതത്തിൽ ഞാൻ ചെയ്തതെല്ലാം കൂലിക്ക് വേണ്ടിയുള്ളതായിരുന്നു.
ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന കൂലി ആഗസ്റ്റ് 14 ന് തിയറ്ററുകളിലെത്തും. ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിങ് ഡീൽ നേടിക്കൊടുത്തതിലൂടെയാണ് കൂലി അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വലിയ ഡീലാണിത്. രജനീകാന്തിന് പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.