ആറാം വയസ്സിൽ സിനിമയിലേക്ക്, ആദ്യ പ്രതിഫലം 15 ലക്ഷം, ഇന്ന് ഇന്ത്യൻ സിനിമയിലെ ജനപ്രിയ നടി
text_fieldsമികച്ച തുടക്കം കുറിക്കുക എന്നത് സിനിമ മേഖലയിൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന് കഴിവ് മാത്രമല്ല ഭാഗ്യം കൂടി തുണക്കണം. ആറ് വയസ്സുള്ളപ്പോൾ ബിഗ് സ്‌ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട താരം. ഇന്നവർ ഇന്ത്യൻ സിനിമയിലെ ജനപ്രിയ നടിയാണ്. രശ്മിക മന്ദാന, ദീപിക പദുക്കോൺ, കത്രീന കൈഫ് ബോളിവുഡിലെ പല പ്രമുഖ താരങ്ങൾക്കും അവർ വെല്ലുവിളിയായി. മറ്റാരുമല്ല, ബോളിവുഡ് നടി ആലിയ ഭട്ടാണത്.
1999ൽ പുറത്തിറങ്ങിയ സംഘർഷ് എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് ആലിയ ഭട്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ 19 വയസ്സുള്ളപ്പോൾ അഭിനയിച്ച സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന സിനിമയാണ് ആലിയയുടെ അഭിനയ അരങ്ങേറ്റമായി പൊതുവെ കണക്കാക്കപ്പെടുന്നത്. ആദ്യമായി നായികയാകുന്നതും സ്റ്റുഡന്റ് ഓഫ് ദി ഇയറിലാണ്.
താരത്തിന് സ്റ്റുഡന്റ് ഓഫ് ദി ഇയറിന് 15 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോർട്ട്. ഫിൻകാഷിന്റെ റിപ്പോർട്ട് പ്രകാരം ഇപ്പോൾ ഒരു പ്രോജക്റ്റിന് അവർ 20 മുതൽ 25 കോടി രൂപ വരെ ഈടാക്കുന്നുണ്ട്. ബോളിവുഡിൽ മാത്രമല്ല, ചില ഹോളിവുഡ് ചിത്രങ്ങളിലും ആലിയ അഭിനയിച്ചിട്ടുണ്ട്.
2025ൽ ബോളിവുഡിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ നടിമാരിൽ ഒരാളാണ് ആലിയ. മാത്രമല്ല, മെറ്റ് ഗാല, ലോറിയൽ പ്രൊഫഷനൽ തുടങ്ങിയ പരിപാടികളിൽ അന്താരാഷ്ട്ര തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി തവണ ആലിയ എത്തിയിട്ടുണ്ട്. ഗൂച്ചി പോലുള്ള ആഡംബര ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ അംബാസഡറാകാനും ആലിയക്ക് സാധിച്ചു.
ദേശീയ ചലച്ചിത്ര അവാർഡും ആറ് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ആലിയക്ക് ലഭിച്ചിട്ടുണ്ട്. 2024ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി ആലിയ തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര നിർമാതാവ് മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. നടൻ രൺബിർ കപൂറാണ് ജീവിത പങ്കാളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.