തന്റെ മയ്യിത്ത് ഖബറടക്കണമെന്നായിരുന്നു നർഗീസിന്റെ ആഗ്രഹം, മറ്റുള്ളവർ സമ്മർദത്തിലാക്കിയിട്ടും സുനിൽ ദത്ത് വഴങ്ങിയില്ല; ‘അവളുടെ അന്ത്യാഭിലാഷം നടപ്പാക്കേണ്ടത് ഞങ്ങളുടെ കടമ’
text_fieldsനർഗീസ് ദത്ത്, സുനിൽ ദത്ത്
മുംബൈ: ഇന്ത്യൻ സിനിമാ ചരിത്രത്തിലെ നക്ഷത്രത്തിളക്കമേറിയ നായികയായിരുന്നു നർഗീസ്. 1981ൽ അർബുദ ബാധയെ തുടർന്നായിരുന്നു അവരുടെ അന്ത്യം. മകൻ സഞ്ജയ് ദത്തിന്റെ അരങ്ങേറ്റ സിനിമയായ ‘റോക്കി’ റിലീസ് ചെയ്യുന്നതിന് നാലു ദിവസം മുമ്പായിരുന്നു നർഗീസിന്റെ മരണം. മുതിർന്നപ്പോൾ രാഷ്ട്രീയത്തിന്റെ ഗോദയിലിറങ്ങിയ മകൾ പ്രിയ ദത്ത് അന്ന് കൗമാരക്കാരിയായിരുന്നു. മാതാവിന്റെ അസുഖവും യു.എസിലെ ചികിത്സയും ഉൾപ്പെടെ കുടുംബം ഏറെ ദുഃഖകരമായ അവസ്ഥയിലൂടെ കടന്നുപോയ നാളുകളെക്കുറിച്ച് പ്രിയ ഒരു അഭിമുഖത്തിൽ മനസ്സു തുറക്കുകയാണ്. പിതാവും നടനുമായ സുനിൽ ദത്തും സഞ്ജയ് ദത്തും ആ സങ്കടകരമായ നാളുകളെ മറികടന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചു.
ഒരു ആഴ്ചയിൽ മാത്രം ഏഴു ശസ്ത്രക്രിയകൾക്ക് നർഗീസിന് വിധേയയാകേണ്ടി വന്നതായി വിക്കി ലൽവാനിക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ ദത്ത് പറഞ്ഞു. ‘ആ സങ്കീർണതകളെ മമ്മ മറികടക്കുമോയെന്ന ആശങ്ക ഡോക്ടർമാർ പിതാവിനോട് പങ്കുവെച്ചിരുന്നു. എന്നാൽ, അതിനോടെല്ലാം പൊരുതി ശസ്ത്രക്രിയക്കുശേഷം അവർ ഇന്ത്യയിൽ തിരിച്ചെത്തി. തനിക്ക് അധികകാലമില്ലെന്ന് മമ്മയ്ക്ക് അറിയാമായിരുന്നു. എന്നാൽ, സഞ്ജയിന്റെ ആദ്യ സിനിമ റിലീസാവാൻ നാലു ദിവസം മാത്രമിരിക്കേ അവർ വിടപറഞ്ഞത് വല്ലാത്ത നൊമ്പരമായി. സ്ട്രെച്ചറിൽ വരാൻ കഴിയുന്ന അവസ്ഥയാണെങ്കിലും റിലീസ് ഷോ കാണാൻ താനുണ്ടാകുമെന്ന് അവർ പറയുമായിരുന്നു. ഒടുവിൽ തിയറ്ററിൽ ‘റോക്കി’ കാണാൻ ഞങ്ങൾ പോയപ്പോൾ പപ്പയുടെ തൊട്ടടുത്ത് ഒരു സീറ്റ് ഞങ്ങൾ ഒഴിച്ചിട്ടു. മമ്മയ്ക്കു വേണ്ടിയായിരുന്നു അത്.
അധികകാലം മുന്നിലില്ലെന്ന് തിരിച്ചറിഞ്ഞ വേളയിൽ തന്റെ സംസ്കാരം ഏതുവിധത്തിലാവണമെന്ന് നർഗീസ് നിർദേശിച്ചിരുന്നു. കുടുംബ ഖബർസ്ഥാനിൽ തന്റെ മാതാവിന്റെ ഖബറിന് തൊട്ടടുത്തായി മുസ്‍ലിം ആചാരപ്രകാരമാവണം അന്ത്യനിദ്രയെന്നായിരുന്നു അവരുടെ ആഗ്രഹം.
അന്ത്യയാത്രക്കു മുന്നോടിയായി വിവിധ മതത്തിൽനിന്നുള്ള പുരോഹിതർ പ്രാർഥനാ ചടങ്ങിത്തെിയിരുന്നു. ‘അവർ വിവാഹം കഴിച്ചത് ഹിന്ദുവിനെയല്ലേ.. അതുകൊണ്ട് ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണം’-പലരും ഈ രീതിയിൽ പപ്പയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം വഴങ്ങിയില്ല. ‘തന്റെ ഉമ്മക്കരികിൽ ഖബറടക്കണമെന്നാണ് അവളുടെ ആഗ്രഹം. എല്ലാം അവളുടെ ആഗ്രഹങ്ങൾക്കൊത്തായിരിക്കാൻ ഞങ്ങൾ എല്ലാം ചെയ്യും’- പപ്പയുടെ മറുപടി ഇതായിരുന്നു.
മമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പത്രക്കാരൊക്കെ അവിടെയുണ്ടായിരുന്നു. ഒരു മാധ്യമ പ്രവർത്തകൻ എന്നോട് പ്രതികരണമാരാഞ്ഞപ്പോൾ പപ്പ ഞങ്ങളെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കരയുകയോ നിലവിളിക്കുകയോ ചെയ്യണമെങ്കിൽ പപ്പക്കൊപ്പം ആവാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുറത്ത്, മനഃസാന്നിധ്യം കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
നർഗീസിന്റെ മരണത്തിനുശേഷം പിതാവ് സുനിൽ ദത്ത് ആകെ തകർന്ന മട്ടായിരുന്നുവെന്നും പ്രിയ ദത്ത് പറഞ്ഞു. അടിസ്ഥാനപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിൽ വരെ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അർധരാത്രി എഴുന്നേറ്റിരിക്കുമായിരുന്നു. മമ്മയുടെ ഖബറിടത്തിൽ ഒറ്റക്കുപോയി ഇരിക്കുമായിരുന്നുവെന്നും പ്രിയ ഓർക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.