ഓർക്കുമ്പോൾ സഹിക്കുന്നില്ല; ‘നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അഭിനയ ശൈലി അവനിലെത്തിയതായി തോന്നി’ -നിയാസ് ബക്കർ
text_fieldsമലയാളികളെ കണ്ണീരണിയിച്ചാണ് പ്രിയ താരം കലാഭവൻ നവാസ് വിടവാങ്ങിയത്. നടനെ ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കലാഭവൻ നവാസ് അവസാനം അഭിനയിച്ച സിനിമയാണ് പ്രകമ്പനം. ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുമ്പോൾ നവാസിനെക്കുറിച്ച് ഹൃദയത്തിൽ തൊടും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സഹോദരനും നടനുമായ നിയാസ് ബക്കർ.
നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി തോന്നി. നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് അവന്റെ മക്കൾക്ക് സാധ്യമാവട്ടെയെന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ എന്നായിരുന്നു നിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് നിയാസിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.
കുറിപ്പിന്റെ പൂർണരൂപം
ഞങ്ങളെത്ര നന്നായി അഭിനയിച്ചാലും ഞങ്ങളുടെ വാപ്പിച്ചിയെ ( actor അബൂബക്കർ late ) അടുത്തറിയുന്നവർ വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവർ പറയും കൊള്ളാം... എങ്കിലും അബൂബക്കറിനോളം വന്നില്ല എന്ന്. അങ്ങിനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങൾക്കും അറിയാം. എന്നാൽ ഇന്നലെ പ്രകമ്പനം എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി. ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്.
ഓർക്കുമ്പോൾ സഹിക്കുന്നില്ല. എങ്കിലും ജീവിതയാഥാർഥ്യങ്ങളെ ഞാൻ ഉൾകൊള്ളുന്നു. ഞങ്ങളുടെ നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് അവന്റെ മക്കൾക്ക് സാധ്യമാവട്ടെയെന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ. പ്രകമ്പനം ഒരു തികഞ്ഞ entertainment movie യാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങൾ തിയ്യേറ്ററിൽ തന്നെ പോയി കാണണം നഷ്ടം വരില്ല. എന്റെ അനുജന് ഈ ഹിറ്റ് സിനിമയിൽ ഒരു നല്ല വേഷം നൽകിയ പ്രകമ്പനത്തിന്റെ പ്രൊഡ്യൂസർ, ഡയറക്ടർ, and all members ന് എന്റെ നിറഞ്ഞ സ്നേഹം പ്രാർത്ഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

