'പഞ്ചായത്ത്' സീസൺ 3 താരത്തിന് 34ാം വയസ്സിൽ ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsആസിഫ് ഖാൻ
മുംബൈ: ജനപ്രിയ വെബ് സീരീസുകളായ 'പഞ്ചായത്ത്', 'പതാൾ ലോക്', 'മിർസാപൂർ' എന്നിവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ ആസിഫ് ഖാനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 34കാരനായ താരത്തിന് രണ്ട് ദിവസം മുമ്പാണ് ഹൃദയാഘാതമുണ്ടായത്. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലുള്ള താരം സുഖംപ്രാപിച്ചുവരികയാണ്.
തന്‍റെ അസുഖവിവരങ്ങൾ താരം തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. 'ജീവിതം അത്രയും ചെറുതാണ്. ഒരു ദിവസത്തെ പോലും നിസ്സാരമായി കാണരുത്. എല്ലാം ഒരു നിമിഷം കൊണ്ട് മാറിമറിയാവുന്നതേയുള്ളൂ. നിങ്ങൾക്ക് എന്തുണ്ട് എന്നതോർത്ത് സന്തോഷിക്കുക. ജീവിതം ഒരു സമ്മാനമാണ്, നമ്മൾ അനുഗ്രഹിക്കപ്പെട്ടവരുമാണ് ' -താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
തന്‍റെ അസുഖവിവരവും ആസിഫ് ഖാൻ പങ്കുവെച്ചു. 'കഴിഞ്ഞ ഏതാനും മണിക്കൂറുകൾ ആരോഗ്യകാരണങ്ങളാൽ എനിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. ഇപ്പോൾ ഭേദപ്പെട്ടുവരികയാണെന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. നിങ്ങളുടെ ആശംസകൾക്കും കരുതലിനും സ്നേഹത്തിനും ഞാൻ നന്ദി അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയാണ് എന്‍റെ ലോകം. ഞാൻ എത്രയും വേഗം തിരിച്ചുവരും. അതുവരേയ്ക്കും എന്നെ നിങ്ങളുടെ ചിന്തകളിൽ ഉൾപ്പെടുത്തുന്നതിൽ നന്ദി' - താരം പറഞ്ഞു.
ഏറെ ജനപ്രീതി നേടിയ പ്രൈം വെബ് സീരീസായ പഞ്ചായത്ത് 3യിൽ ഗണേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആസിഫ് ഖാൻ ശ്രദ്ധേയനായിരുന്നു. ക്രൈംത്രില്ലർ സീരീസായ പതാൾ ലോകിൽ കബീർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നെറ്റ്ഫ്ലിക്സിലെ 'ജംതാരാ-സബ്കാ നമ്പർ ആയേഗാ' എന്ന സീരീസിലും അഭിനയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.