ദായ്റയുടെ മലയാളം പതിപ്പിൽ കരീനയുടെ ശബ്ദമായി പാർവതി; ‘അനുകരണമല്ല, കഥാപാത്രത്തിന്റെ ആത്മാവാണ് പ്രധാനം’
text_fieldsകരീന കപൂർ, പാർവതി തിരുവോത്ത്
മേഘ്ന ഗുൽസാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രമാണ് 'ദായ്‌റ'. ബോളിവുഡ് താരം കരീന കപൂറും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ മലയാളം പതിപ്പിൽ കരീനയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് നടി പാർവതി തിരുവോത്താണ്.
തന്റെ കരിയറിലെ ആദ്യ ഡബ്ബിങ് അനുഭവത്തെക്കുറിച്ചും, കരീനയുടെ പ്രകടനത്തോടുള്ള സമീപനത്തെക്കുറിച്ചും പാർവതി 'വെറൈറ്റി ഇന്ത്യ'യോട് മനസ് തുറന്നു. മറ്റൊരു ഭാഷയിലെ അഭിനയത്തിന് ശബ്ദം നൽകുമ്പോൾ അത് വെറുമൊരു തർജ്ജമ മാത്രമല്ലെന്നും, മറിച്ച് ആ പ്രകടനത്തിന്റെ ആത്മാവിനെ മറ്റൊരു ഭാഷയിലേക്ക് ഒപ്പിയെടുത്തു നൽകുകയാണെന്നും പാർവതി പറയുന്നു.
നടിയുടെ തെരഞ്ഞെടുപ്പുകളെ പൂർണ്ണമായും ബഹുമാനിക്കുക എന്നതാണ് പ്രധാനം. കരീനയുടെ ശബ്ദം ബോധപൂർവ്വം അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പാർവതി വ്യക്തമാക്കി. എങ്കിലും, ചില ഇംഗ്ലീഷ് സംഭാഷണങ്ങൾ ഡബ്ബ് ചെയ്യുമ്പോൾ തന്റെ ശബ്ദം കരീനയുടെ ശബ്ദത്തോട് അസാധാരണമാംവിധം സാദൃശ്യം പുലർത്തിയത് കൗതുകമുണർത്തിയെന്നും അവർ തമാശരൂപേണ പങ്കുവെച്ചു.
കരീനയുടെ ശബ്ദത്തിന്റെ ആവൃത്തി, സ്വരഭേദം, സംസാരത്തിലെ വേഗത എന്നിവ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചാണ് ഞാൻ മുന്നോട്ട് പോയത്. എന്നാൽ ഈ പ്രക്രിയയിലെ ഏറ്റവും വലിയ വെല്ലുവിളി ചുണ്ടുകളുടെ ചലനം കൃത്യമായി ഒപ്പിയെടുക എന്നതായിരുന്നുവെന്ന് പാർവതി ചൂണ്ടിക്കാണിക്കുന്നു. സംഭാഷണങ്ങളുടെ തുടക്കവും അവസാനവും ചുണ്ടിന്റെ ആകൃതിയും ചലനങ്ങളും ഒരേപോലെ നിലനിർത്തുക എന്നത് ഡബ്ബിങ് വേളയിൽ ഏറെ ശ്രദ്ധ ആവശ്യപ്പെട്ട ഒന്നായിരുന്നു.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന 'ദായ്‌റ', സങ്കീർണ്ണമായ ജുവനൈൽ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സമൂഹത്തെ പിടച്ചുകുലുക്കുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന വിവാദങ്ങളും അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ കരീന കപൂറും പൃഥ്വിരാജ് സുകുമാരനും വ്യത്യസ്ത സമീപനങ്ങളുള്ള രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായി മുഖാമുഖം എത്തുന്നു. നീതിയും നിയമവും തമ്മിലുള്ള അതിരുകൾ ചോദ്യം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

