അഭിനയ ജീവിതത്തിന്റെ 51ാം വര്‍ഷത്തിലേക്ക് പൗളി വത്സന്
text_fieldsവൈപ്പിൻ: അഭിനയ ജീവിതത്തിന്റെ 51ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പൗളി വത്സനെ ആദരിക്കാനൊരുങ്ങി ജന്മനാട്. ഈ മാസം 24ന് വൈകുന്നേരം അഞ്ചിന് വൈപ്പിന്‍ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പള്ളിക്കു സമീപം ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കും. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സിപ്പി പള്ളിപ്പുറം തുടങ്ങിയ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈപ്പിനിലുള്ള ജയദര്ശന് മ്യൂസിക്കല്‍ അക്കാദമിയുടെയും വിവിധ കലാസംഘടനകളുടെയും നേതൃത്വത്തിലാണു പരിപാടി നടത്തുന്നത്.
1975ല്‍ ‘ഫണ്ടമെന്റല്‍’ എന്ന നാടകത്തിലൂടെയാണ് പ്രഫഷനല്‍ നാടകവേദിയിലേക്ക് പൗളി വത്സന് പ്രവേശിച്ചത്. പി.ജെ. ആന്റണിയുടെ നാടകക്കളരിയില്‍ തുടങ്ങി രാജന് പി. ദേവ്, സേവ്യര്‍ പുല്‍പ്പാട്, കുയിലന്‍, ആലുംമൂടന്‍, സലിംകുമാര്‍ എന്നിവരുടെ ട്രൂപ്പുകളിലൂടെ നൂറുകണക്കിനു നാടകങ്ങളില്‍ വേഷമിട്ടു. 2008ല്‍ മമ്മൂട്ടി നായകനായ ‘അണ്ണന് തമ്പി’ എന്ന ചിത്രത്തില്‍ അഭിനയിച്ച് മലയാള ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നു. ഈ.മ.യൗ, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിന് 2017ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ‘സൗദി വെള്ളക്ക’ ചിത്രത്തില്‍ ശബ്ദം നല്‍കിയതിനു 2022ലെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന അവാര്‍ഡും പൗളി വത്സന് ലഭിച്ചു.
മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പം അഭിനയിച്ച പൗളി വത്സന് ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളാണു കൂടുതലും കൈകാര്യം ചെയ്തത്. ‘അപ്പന്’ എന്ന സിനിമയിലെ കുട്ടിയമ്മ എന്ന ഗൗരവമുള്ള കഥാപാത്രം വേറിട്ടു നിന്നു. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഇതിനോടകം 98 സിനിമകളില്‍ അഭിനയിച്ചു. ഹിന്ദി സിനിമയിലേക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വൈപ്പിനിലെ വളപ്പിലാണു പൗളി വത്സന് താമസിക്കുന്നത്. ഭര്‍ത്താവ് വത്സന് 2021ല്‍ മരിച്ചു. യേശുദാസ്, ആദര്‍ശ് എന്നിവരാണ് മക്കള്‍. ആദര്‍ശ് സംഗീത അധ്യാപകനും ഗായകനുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.