പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്: ബി. രാകേഷ് പ്രസിഡന്‍റ്, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി; സാന്ദ്ര തോമസിന് തോൽവി
text_fieldsലിസ്റ്റിൻ സ്റ്റീഫൻ, ബി. രാകേഷ്, സാന്ദ്ര തോമസ്
കൊച്ചി: വിവാദങ്ങൾക്കൊടുവിൽ മലയാള സിനിമ നിർമാതക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്‍റായി ബി. രാകേഷ്, സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫൻ, ട്രഷററായി എൻ.പി. സുബൈർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിനയൻ, കല്ലിയൂർ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്റ്റിൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സജി നന്ത്യാട്ടിനെ പരാജയപ്പെടുത്തിയാണ് ബി. രാകേഷ് പ്രസിഡന്‍റായത്. സോഫിയ പോൾ, സന്ദീപ് സേനൻ എന്നിവർ വൈസ് പ്രസിഡന്‍റുമാരായും ആൽവിൻ ആന്‍റണി, എം.എം. ഹംസ എന്നിവർ ജോയന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മത്സരിച്ച നിർമാതാവ് സാന്ദ്ര തോമസ് പരാജയപ്പെട്ടു. പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സാന്ദ്ര നൽകിയ പത്രിക തള്ളിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എങ്ങനെയെങ്കിലും താൻ അസോസിയേഷനിൽ കയറിപ്പറ്റുമെന്നും ഇതിനായി എക്സിക്യൂട്ടിവിലേക്ക് മത്സരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ മത്സരിച്ച് തോൽപിക്കട്ടെയെന്നുമാണ് അന്ന് സാന്ദ്ര പറഞ്ഞത്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും സാന്ദ്ര പറഞ്ഞിരുന്നു. എന്നാൽ, തന്‍റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് സാന്ദ്ര നൽകിയ ഹരജി എറണാകുളം സബ് കോടതി ബുധനാഴ്ച തള്ളിയിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിൽ വലിയ വാക്പോരാണ് നടന്നത്. ദിവസങ്ങളായി തുടരുന്ന പ്രശ്നങ്ങൾക്കൊടുവിൽ വിജയ് ബാബുവിന്റെ പ്രതികരണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് സാന്ദ്ര വ്യക്തമാക്കിയത്. സാന്ദ്രയുടെ ഷോയ്ക്ക് ഉത്തരം പറയാന്‍ സമയമില്ലെന്നും വിജയ് ബാബുവും പോസ്റ്റില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം സാന്ദ്രക്ക് താക്കീത് നല്‍കിയുള്ള ഒരു കുറിപ്പ് വിജയ് ബാബു ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ‘നന്ദി സാന്ദ്ര, എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്. അവര്‍ മനുഷ്യരേക്കാള്‍ വിശ്വസ്തരാണെ’ന്ന വാക്കുകളോടെയായിരുന്നു കുറിപ്പ്. ഇതിനെതിരെ പ്രതികരണവുമായി സാന്ദ്രയും രംഗത്തെത്തി. ‘വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാം. എന്നാല്‍, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടി’യെന്നുമായിരുന്നു സാന്ദ്രയുടെ കുറിപ്പ്. സാന്ദ്രയുടെ ഈ പ്രതികരണത്തിന് പിന്നാലെ വീണ്ടും വിജയ് ബാബു കുറിപ്പിട്ടു. ‘പങ്കാളിത്തം അവസാനിച്ചപ്പോള്‍ ഞാന്‍ നിനക്ക് പകരം ഒരാളെ ദത്തെടുത്തു. അതെ സാന്ദ്ര, നീ പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വാസ്യതയുള്ളതാണ്’ എന്നായിരുന്നു ഒരു നായുടെ ചിത്രം പങ്കുവെച്ച് വിജയ് ബാബു കുറിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.