`തിയറ്ററിൽ ചിരി നിർത്താനായില്ല; നിവിൻ പോളിയുടെയും മമിതയുടെ കടുത്ത ആരാധിക'; ബെത്ലഹേം ടീമിന് കയ്യടിച്ച് രുക്മിണി വസന്ത്
text_fields200 കോടി കലക്ഷൻ പിന്നിട്ട് തിയറ്ററിൽ ജൈത്രയാത്ര തുടരുന്ന നിവിൻ പോളി, മമിത ബൈജു ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിച്ച് തെന്നിന്ത്യൻ നടി രുക്മിണി വസന്ത്. കുടുംബത്തോടൊപ്പമാണ് സിനിമ കണ്ടതെന്നും സിനിമ കണ്ട് തനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മികച്ച സിനിമാ അനുഭവമായിരുന്നെന്നും രുക്മിണി വസന്ത് വ്യക്തമാക്കി.
നിവിൻ പോളിയുടെയും മമിത ബൈജുവിന്റെയും വലിയ ആരാധികയാണ് താനെന്നും താരം കൂട്ടിച്ചേർത്തു. പ്രസന്നതയുള്ള പ്രകടനമാണ് മമിതയുടേതെന്നാണ് രുക്മിണിയുടെ അഭിപ്രായം. ചിത്രത്തിലെ മുഴുവൻ അഭിനേതാക്കളുടെ പേരുകൾ അറിയില്ലെങ്കിലും എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും താരം അറിയിച്ചു. പ്രേക്ഷകർക്ക് ഇത്രയും നല്ലൊരു സിനിമ നൽകിയ അണിയറ പ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
`കുടുംബത്തോടൊപ്പമാണ് സിനിമ കണ്ടത്. തിയറ്ററിൽ എനിക്ക് ചിരി നിർത്താനായില്ല. ഞാൻ നിവിൻ പോളിയുടെയും മമിത ബൈജുവിന്റെയും വലിയ ഫാൻ ആണ്. ചിത്രത്തിലെ സംഗീതം ഗംഭീരമായിരുന്നു' രുക്മിണി വസന്ത് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് രുക്മിണി വസന്തിന്റെ വീഡിയോ പങ്കുവെച്ചത്.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പ്രണയവും കുടുംബബന്ധങ്ങളും നർമവും കോർത്തിണക്കിയ റൊമാന്റിക് കോമഡി ചിത്രമാണ്. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി–മമിത ബൈജു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അജ്മൽ സാജുവാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിച്ചു. സംഗീത് പ്രതാപ്, ശ്രിന്ദ, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ, സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

