Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ടീച്ചറെ കണ്ടാൽ ഞാൻ കിണറ്റിൻകരയിലേക്കോടും... പ്രിയപ്പെട്ട സാവിത്രി ടീച്ചറെ ഞങ്ങൾ മിസ്സ് ചെയ്യും’ - സാവിത്രി ശ്രീധരന്റെ ഓർമകളിൽ സജിത മഠത്തിൽ

text_fields
bookmark_border
Sajitha Madathil
cancel
camera_alt

സജിത മഠത്തിൽ, സാവിത്രി ശ്രീധരൻ

'സുഡാനി ഫ്രം നൈജീരിയ'യിലെ ജമീലയായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടി സാവിത്രി ശ്രീധരൻ വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. താരത്തിന്റെ വിയോഗത്തിൽ സിനിമ-നാടക രംഗത്തെ നിരവധി പേർ അനുശോചനം അറിയിച്ചു. കുട്ടിക്കാലത്ത് തനിക്ക് ആദ്യമായി നൃത്തം പഠിപ്പിച്ച ഗുരുവാണ് സാവിത്രി ടീച്ചർ എന്ന് ഓർമിച്ചുകൊണ്ട് നടി സജിത മഠത്തിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

കുറിപ്പിന്‍റെ പൂർണരൂപം

എന്റെ പ്രിയപ്പെട്ട സാവിത്രി ടീച്ചർ

കോഴിക്കോട് നാടകവേദിയുടെ പ്രിയപ്പെട്ട സാവിത്രി ശ്രീധരൻ!!

We will miss you!🥲

അമ്മയുടെ ആഗ്രഹത്തിന് വഴങ്ങിയാണ് നൃത്തം പഠിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ എനിക്ക് നൃത്തപഠനം ഒട്ടും ഇഷ്ടമായിരുന്നില്ല. ഒറ്റയ്ക്ക് വീടിന്റെ തളത്തില്‍ ചെയ്യുന്ന ആ നൃത്തച്ചുവടുകളും അതിന്റെ ചിട്ടകളും എന്നെ ബോറടിപ്പിച്ചു. കാരണം ഞാൻ കളിയുടെ മൂര്‍ദ്ധന്യത്തിലിരിക്കുന്ന സമയത്താവും ടീച്ചർ വരിക.

കോഴിക്കോട്ടെ പ്രസിദ്ധ നാടക-സിനിമാ നടിയായ സാവിത്രി ശ്രീധരന്‍ ആയിരുന്നു എന്നെ ആദ്യം നൃത്തം പഠിപ്പിച്ചത്. അവരുടെ വട്ടമുഖം ഇടവഴിയുടെ അറ്റത്തു പ്രത്യക്ഷപ്പെടും. ടീച്ചറുടെ നീണ്ട മുടിയുടെ അറ്റത്തു ചെറുതായി കെട്ടിയതു നടത്തതിനൊപ്പം കിടന്നാടും. ഞാന്‍ അപ്പോൾ കിണറ്റിന്‍കരയിലേക്കോടും.

ആരെങ്കിലും കോരിവെച്ച കുടത്തില്‍നിന്ന് മുഖത്തും കൈകാലുകളിലും അല്പം വെള്ളം തളിച്ച് വൃത്തി വരുത്തിയെന്ന് വരുത്തും. കളിച്ചു മുഷിഞ്ഞ എന്റെ പെറ്റിക്കോട്ട് വലിച്ചെറിഞ്ഞ് മറ്റൊന്ന് എടുത്ത് ചാർത്തും. കൊട്ടിന്റെ ഊക്കിനനുസരിച്ച് കാലുകളമരും. കൈകള്‍ ശരീരത്തിനുചുറ്റും ഉലയും. അതിനപ്പുറം തിറകളുടെ ആടിത്തിമിർക്കലിന്റെ ഉന്മാദത്തിന്റെ ഒരറ്റംപോലും എനിക്കതില്‍ അന്ന് കണ്ടെത്താനായില്ല. എങ്കിലും ആ നിര്‍ബന്ധിത നൃത്തപഠനം ഊര്‍ജ്ജിതമായിത്തന്നെ തുടര്‍ന്നു.

സ്കൂൾ വാര്‍ഷികത്തിന് രംഗപൂജ അവതരിപ്പിക്കേണ്ടത് ഞാനാണെന്ന് മനസ്സിലാവുന്നത് തലേന്ന് റിഹേഴ്സലിനായി ടീച്ചര്‍ കൊണ്ടുപോകുമ്പോഴാണ്. എന്റെ വീടിന്റെ തളത്തില്‍, ചെറിയമ്മമാരുടെ സാന്നിദ്ധ്യത്തില്‍ നൃത്തം ചെയ്തുമാത്രം പരിചയിച്ച എനിക്ക് സ്കൂളിലെ കാഴ്ചക്കാർക്ക് മുമ്പില്‍ താളവാദ്യത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്യുക കഠിനമായി തോന്നി. ഞാൻ പഠിച്ചതെല്ലാം മറന്നു. ടീച്ചര്‍ക്ക് ശരിക്കും ദേഷ്യം വന്നു. ഒരുപക്ഷേ ടീച്ചറോടുള്ള പേടികൊണ്ടു മാത്രമായിരിക്കും ഞാന്‍ തെറ്റാതെ, വൃത്തിയായി അരങ്ങത്ത് ആദ്യ നൃത്തച്ചുവടുകൾ വെച്ചത്.

സ്കൂൾ ഹാളിന്റെ അറ്റത്ത് സിമൻറുകൊണ്ട് കെട്ടിപ്പൊക്കിയ ഒരു സ്റ്റേജ്. വേദിയിൽ നിറയെ കുട്ടികളും അച്ഛനമ്മമാരും. മൈക്കിലൂടെ പാട്ടിന്റെയും തബലയുടെയും ഹാർമോണിയത്തിന്റെയും അകമ്പടിയോടെ ഞാൻ നൃത്തം ചെയ്തു. അതുവരെ മനസ്സിനെ ഭരിച്ചിരുന്ന പേടി സ്റ്റേജിൽ കയറി നിന്നതോടെ ഒഴിഞ്ഞുപോയി. പക്ഷേ അരങ്ങില്‍ എന്തോ സംഭവിക്കുന്നതായി എനിക്ക് തോന്നി, സ്റ്റേജിലേക്ക് കയറുന്നതു വരെയുള്ള പിരിമുറുക്കം മാറി, കാഴ്ചക്കാരുടെ കണ്ണുകള്‍ എനിക്ക് ഊര്‍ജ്ജം പകർന്നു. ഒഴിഞ്ഞ പന്തിന് വായു നിറച്ച പോലെ ഞാന്‍ അരങ്ങില്‍ ഒഴുകി നടക്കാൻ തുടങ്ങി. എന്നെ തന്നെ മറന്ന് ഞാൻ ചുവടുകൾ വച്ചു. പഠിച്ച നൃത്തം തന്നെയാണോ ഞാൻ ആടിയത് എന്ന് ഇപ്പോൾ നിശ്ചയമില്ല. പക്ഷെ രംഗ പൂജ അവസാനിച്ചപ്പോൾ എനിക്ക് ദു:ഖം തോന്നി....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sajitha Madathil Remembers Savitri Sreedharan
Next Story