‘അമ്മ എന്താണ് ഇപ്പോൾ അഭിനയിക്കാത്തത്‍? ആ ചോദ്യമാണ് എന്നെ വീണ്ടും സിനിമയിലേക്ക് എത്തിച്ചത്’; പതിമൂന്ന് വർഷങ്ങൾക്ക് ശേഷം സമീറ റെഡ്ഡി തിരിച്ചുവരുന്നു
text_fields13 വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് നടി സമീറ റെഡ്ഡി സിനിമയിലേക്ക് തിരിച്ചുവരുകയാണ്. ‘ചിംനി’ എന്ന ഹൊറർ-ത്രില്ലർ ചിത്രത്തിലൂടെയാണ് താരത്തിന്‍റെ തിരിച്ചുവരവ്. ഈ വർഷം അവസാനത്തോടെ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ 'തേസ്' എന്ന സിനിമയിലാണ് സമീറ അവസാനമായി അഭിനയിച്ചത്. സിനിമയിൽ നിന്ന് വിട്ടുനിന്ന കാലയളവിൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു താരം. മകന്റെ പ്രോത്സാഹനം കാരണമാണ് സിനിമയിലേക്ക് തിരികെ വരാൻ തീരുമാനിച്ചതെന്ന് സമീറ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
കാളി എന്ന കഥാപാത്രത്തെയാണ് സമീറ അവതരിപ്പിക്കുന്നത്. മധ്യപ്രദേശിലെ ചന്ദേരിയിലുള്ള ശാപം കിട്ടിയ കൊട്ടാരത്തിലെ ഒരു ദുഷ്ടാത്മാവിനോട് പോരാടുന്ന ഒരു അമ്മയുടെ കഥയാണ് ചിംനി. സമീറ റെഡ്ഡി ആദ്യമായി മുഴുനീള ഹൊറർ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിംനിക്കുണ്ട്. സിനിമയിലേക്ക് വരാൻ മകനാണ് പ്രചോദനം. സിനിമയിലേക്ക് തിരികെ വരാനുള്ള പ്രധാന കാരണം മകൻ ഹാൻസ് ആണ്. 'റേസ്' എന്ന സിനിമ കണ്ടതിന് ശേഷം അമ്മയെ ഇപ്പോഴത്തെപ്പോലെ അല്ലല്ലോ, എന്താണ് അഭിനയിക്കാത്തത് എന്ന് മകൻ ചോദിച്ചതാണ് തിരിച്ചുവരവിന് പ്രചോദനമായതെന്ന് സമീറ പറയുന്നു.
2002ൽ 'മെയിൻ ദിൽ തുഝ്‌കോ ദിയ' എന്ന ഹിന്ദി സിനിമയിലൂടെയാണ് സമീറ അഭിനയരംഗത്തേക്ക് വരുന്നത്. 'മുസാഫിർ', 'റേസ്', 'ടാക്സി നമ്പർ 9211' തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ 'വാരണം ആയിര'ത്തിലെ മേഘ്ന എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടി. മലയാളത്തിൽ 'ഒരു നാൾ വരും' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2014ൽ വ്യവസായിയായ അക്ഷയ് വർധെയുമായി വിവാഹം. രണ്ട് കുട്ടികൾ. കുട്ടികളുടെ കാര്യങ്ങളും, ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും, പ്രായമാകുന്നതിനെക്കുറിച്ചും തുറന്നു സംസാരിച്ച സമീറക്ക് വലിയൊരു ഫാൻ ബേസുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.