ഒരു കുഞ്ഞുമനുഷ്യൻ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് മനസിലാക്കിയില്ല; മൂന്നു തവണകൂടി പ്രസവിക്കാൻ തയാറാണ്, എന്നാൽ മുലയൂട്ടാൻ വയ്യ -മനസ് തുറന്ന് സാനിയ മിർസ
text_fieldsഅമ്മയായപ്പോൾ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നുപറഞ്ഞ് ടെന്നീസ് താരം സാനിയ മിർസ. ഗർഭ കാലത്തെ കുറിച്ചും മുലയൂട്ടാൻ നേരിടേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ചുമാണ് അവർ സംസാരിച്ചത്. ഗർഭകാലം ഒരു സ്വപ്നം പോലെ കടന്നുപോയപ്പോൾ മുലയൂട്ടൽ വേദനാജനകമായിരുന്നുവെന്നും താരം ചൂണ്ടിക്കാട്ടി. വേണമെങ്കിൽ മൂന്നു തവണ കൂടി പ്രസവിക്കാൻ തയാറാണ്. എന്നാൽ മുലയൂട്ടുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും വയ്യെന്നും പോഡ്കാസ്റ്റർ മസൂം മിനാവാലയോട് സംസാരിക്കവെ, സാനിയ വ്യക്തമാക്കി.
പ്രസവാനന്തരമുള്ള നിരവധി വികാരങ്ങളും ഹോർമോൺ വ്യതിയാനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഒരു കുഞ്ഞുമനുഷ്യൻ ഭക്ഷണത്തിനായി പൂർണമായും എന്നെ ആശ്രയിക്കുന്നു എന്നത് കൈകാര്യം ചെയ്യാൻ സാധിച്ചില്ല. എന്നെ സംബന്ധിച്ച് ഗർഭം ധരിക്കുന്നതിനേക്കാൾ കഠിനമായിരുന്നു അത്. മുലയൂട്ടുന്ന സമയമായിരുന്നു ഏറ്റവും കഠിനമായ കാലം. മുലയൂട്ടലിന്റെ ശാരീരിക വശങ്ങളല്ല, മാനസികവും വൈകാരികവുമായ വശങ്ങളാണ് തളർത്തിയത്. ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് മുലയൂട്ടൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. മൂന്നുമാസത്തിന് ശേഷം ഡോക്ടറെ സമീപിച്ച് ഇനി മുലയൂട്ടാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ ഒരുമാസം കൂടി ശ്രമിക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് ഡോക്ടറോട് പറയുകയുണ്ടായി.
കരിയർ തുടരാൻ ശരീരം അനുവദിച്ചില്ല. കരിയറിൽ നിന്ന് ബ്രേക്ക് എടുക്കാനുള്ള ഒരു കാരണം മകനായിരുന്നു. മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും തീരുമാനിച്ചു. എന്റെ മകനുവേണ്ടി കൂടുതൽ സമയം നീക്കിവയ്ക്കുക എന്നതായിരുന്നു ഞാൻ പിന്മാറിയതിന്റെ പ്രധാന കാരണം. ഇപ്പോൾ അവൻ വളർന്നു. സ്കൂളിലെത്തി.അവന്റെ വൈകാരിക സ്ഥിരത മാതാപിതാക്കളുടെ സാന്നിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വർഷങ്ങൾ നഷ്ടപ്പെട്ടതിൽ ഞാൻ ഖേദിക്കാറില്ല. കരിയറിലെ സ്വപ്നങ്ങളെല്ലാം നിറവേറ്റിയിരുന്നു. അമ്മയാവുക എന്ന എന്റെ ജീവിതത്തിലെ ഈ ഭാഗം ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു. കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള സമയത്ത് നാം ഒപ്പമുണ്ടാകണം.-സാനിയ പറഞ്ഞു.
വെറും ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടി വന്നതിനെ കുറിച്ചും സാനിയ പറഞ്ഞു.
ഇസ്ഹാന് ആറാഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ആദ്യമായി പിരിഞ്ഞിരുന്നത്. അത് ഏറ്റവും കഠിനമായ ഒരു വിമാനയാത്രയായിരുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്കായിരുന്നു ആ യാത്ര. പോകാൻ ആദ്യം തയാറായിരുന്നില്ല. അപ്പോൾ അമ്മയാണ് നിർബന്ധിച്ചത്. തീരെ ചെറിയ കുഞ്ഞായതിനാൽ വിട്ടുനിൽക്കുന്നത് അവന് മനസിലാവുക പോലുമില്ലെന്ന് അമ്മ പറഞ്ഞു. രാവിലത്തെ വിമാനത്തിലാണ് പോയത്. അക്കാലത്ത് അവനെ മുലയൂട്ടുന്നുണ്ടായിരുന്നു. അതിനാൽ വിമാനത്തിൽ വെച്ച് പാൽ പമ്പ് ചെയ്യേണ്ടി വന്നു. വളരെ ബുദ്ധിമുട്ടായിരുന്നു അത്. രാവിലെ ഹൈദരാബാദിൽ നിന്ന് പോയി വൈകീട്ടോടെ തിരിച്ചെത്തുകയും ചെയ്തു. പറഞ്ഞതു പോലെ അവന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ വിമാനത്തിലിരുന്ന് കരയുകയായിരുന്നു.
പ്രസവത്തിന് തൊട്ടുമുമ്പ് വരെയും താൻ ആക്ടീവായിരുന്ന കാര്യവും താരം എടുത്തു പറഞ്ഞു. 2018 ഒക്ടോബർ 30നാണ് ഇസ്ഹാൻ ജനിച്ചത്. അന്ന് രാത്രി പോലും സാനിയ ടെന്നീസ് കളിച്ചിരുന്നു. അതുപോലെ പ്രസവം കഴിഞ്ഞ് മൂന്നാഴ്ചയായപ്പോഴേക്കും വർക്ഔട്ടിനും പോയി.
പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കാണ് ഇസ്ഹാന്റെ പിതാവ്. സാനിയയുമായി ബന്ധം വേർപെടുത്തിയതിന് ശേഷം ശുഐബ് പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.