'വിവാദങ്ങൾ നിലനിൽക്കുക സിനിമ തിയറ്ററുകളിൽ എത്തുവോളം, മാളികപ്പുറം ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടതാണെന്ന് വാദമുണ്ടായിരുന്നു, റിലീസ് ശേഷം അതൊക്കെ നിലച്ചു; വിവാദങ്ങൾ വിജയങ്ങളെ സഹായിക്കില്ല' -അഭിലാഷ് പിള്ള
text_fieldsകഡാവെർ, നൈറ്റ് ഡ്രൈവ്, പത്താംവളവ്, മാളികപ്പുറം, ആനന്ദ് ശ്രീബാല, സുമതി വളവ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തും നടനുമായ അഭിലാഷ് പിള്ള മാധ്യമത്തോട് സംസാരിക്കുന്നു.
ട്രെൻഡുകൾ മാറ്റങ്ങൾക്ക് വിധേയം
ടെൻഡുകൾ ഡിപെൻഡഡ് ആണ്. എന്നാൽ ട്രെൻഡുകൾ എല്ലാക്കാലത്തും ഒരുപോലെ ആയിരിക്കണമെന്നില്ല. പരീക്ഷണങ്ങളാണ് ഓരോ കാലത്തും ട്രെൻഡ് മാറ്റിമറിക്കുന്നത്. ഡിവൈൻ സിനിമ എന്ന ഒരു ട്രെൻഡും ഇല്ലാത്ത കാലത്താണ് 'മാളികപ്പുറം' പോലുള്ള പരീക്ഷണ സിനിമയെടുത്ത് വിജയിപ്പിച്ചത്. ഇതുപോലെ ഒരു സിനിമ ഓടില്ലയെന്ന് എല്ലാവരും അന്ന് പറഞ്ഞിരുന്നു. അവരോടൊക്കെ ശരി നോക്കാം എന്ന് മാത്രം പറഞ്ഞാണ് ആ സിനിമയെടുത്തത്. അതിനാൽ ട്രെൻഡ് എന്നൊന്നില്ല. പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് ഏത് കാലത്തും അവർ സ്വീകരിക്കും.
എന്നാലും അങ്ങനെയൊരു സിനിമ വിജയം ആകുമ്പോൾ അതിന്റെ ചുവടുപിടിച്ച് അത്തരം സിനിമകൾ പരമ്പരയായി ഉണ്ടാവുക എന്നത് സിനിമയിൽ നിലനിൽക്കുന്നതാണ്. പക്ഷേ മാളികപ്പുറത്തിന്‍റെ ചുവടുപിടിച്ച് അധികം സിനിമകൾ ആ കാലത്ത് തന്നെ ഉണ്ടായില്ല. അതിന് ഒരു കാരണം ഒരു ഡിവൈൻ സിനിമ നിർമിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ്. ഞാൻ തന്നെ അതിനുശേഷം ചെയ്ത 'ആനന്ദ് ശ്രീബാല'യും ഇപ്പോൾ ചെയ്യുന്ന 'സുമതി വളവും' ഡിവൈൻ അല്ല. എന്നാൽ അടുത്ത സിനിമക്ക് ശേഷം ചെയ്യുന്നത് ഒരു ഡിവൈൻ സിനിമയാണ്.
ഭക്തി ചിത്രങ്ങൾ
ഭക്തി ചിത്രങ്ങൾ ഒരു ട്രെൻഡ് സെറ്റർ അല്ല. അതിന് കാരണം ജനങ്ങളെ വിശ്വസിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. ദൈവമുണ്ടെന്ന് വിശ്വസിക്കാനും ഇല്ലെന്നു പറയാനും ജനങ്ങൾക്ക് അവകാശമുണ്ട്. തീയറ്ററിലിരുന്ന് സിനിമ കാണുന്ന പ്രേക്ഷകനെ അത് വിശ്വസിപ്പിക്കണം. അതുകൊണ്ടാണ് 'മാളികപ്പുറ'ത്തിന്റെ ക്ലൈമാക്സ് വരെ അയ്യപ്പൻ ആണ് എന്ന് തോന്നിപ്പിക്കുന്ന ഉണ്ണി മുകുന്ദൻ ചെയ്യുന്ന പോലീസുകാരൻ ക്ലൈമാക്സിൽ അല്ല പോലീസുകാരൻ തന്നെയാണ് എന്ന തോന്നൽ കൂടി ഉണ്ടാക്കുന്നത്. ഇത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അയ്യപ്പൻ തന്നെയാണെന്ന് വിശ്വസിക്കാനും അതല്ല ഒരു അവിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് പോലീസുകാരൻ ആണ് എന്ന് വിശ്വസിപ്പിക്കാനും ഉള്ള സാധ്യതകൾ ഉണ്ടാക്കുന്നു. സിനിമ ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ഞാൻ ഉൾപ്പെടുത്താറുള്ളൂ. അല്ലാതെ ഓവർ ഭക്തി അടിച്ചേൽപ്പിക്കാനും വഴിയേ പോകുന്നവരെയൊക്കെ അമ്പലവാസികളായി സ്ക്രിപ്റ്റിൽ എഴുതാനും ശ്രമിക്കാറില്ല. എന്നാൽ ഭക്തി എനിക്ക് എഴുതാൻ ഇഷ്ടമുള്ള സബ്ജക്ടാണ്.
മാളികപ്പുറവും വിമർശനങ്ങളും
സോഷ്യൽ മീഡിയ എന്തു കാര്യങ്ങളെയും വളച്ചൊടിക്കാറുണ്ട്. അതു കൊണ്ട് മറ്റ് സിനിമകൾക്ക് സംഭവിച്ചത് പോലുള്ള വിവാദം മാളികപ്പുറത്തിനും സംഭവിച്ചിട്ടുണ്ട്. സംവിധായിക വിധു വിൻസെൻറ് ഒരിക്കലും മാളികപ്പുറം സിനിമയെ കുറ്റം പറഞ്ഞിട്ടില്ല. അവരുടെ പ്രസ്താവനയെയും വളച്ചൊടിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവർ മാളികപ്പുറത്തെക്കുറിച്ച് നല്ലതേ പറഞ്ഞിട്ടുള്ളൂ. മാളികപ്പുറം ഓടുന്ന ഒരു സ്ഥലത്ത് എന്തുകൊണ്ട് 'കേരള സ്റ്റോറി' 'കാശ്മീർ ഫയൽസ്' പോലുള്ള സിനിമകൾ സ്വീകരിക്കപ്പെട്ടില്ല എന്ന് നിങ്ങൾ ചിന്തിക്കണം എന്നാണ് അവർ പറഞ്ഞത്. അതിനു കാരണം രണ്ടും രണ്ടു തരത്തിലുള്ള സിനിമയാണെന്നതാണ്. മാളികപ്പുറം ഒരു കൊമേഴ്സ്യൽ സിനിമ കൂടിയാണ്. എന്നാൽ ഞാൻ അടുത്തതായി എടുക്കുന്ന ഭക്തി സിനിമ പ്രേക്ഷകർ സ്വീകരിക്കണമെന്നില്ല. പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യുകയും സാധ്യമല്ല. വിവാദമുണ്ടായ സന്ദർഭത്തിൽ വിധു വിൻസെൻറ് ആ അർഥത്തിലല്ല ഇത് പറഞ്ഞതെന്നും വിവാദങ്ങൾക്ക് പിറകെ പോകേണ്ടെന്നും പറഞ്ഞ് ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അല്ലാതെ അതിനു ബദലായി വിധു വിൻസെന്റിൻ്റെ സിനിമകൾ എടുത്ത് വിമർശിക്കുക എന്നതല്ല വേണ്ടത്. അവരും നല്ല സിനിമകൾ ചെയ്യുന്ന സംവിധായകയാണ്. ഞാൻ വിവാദങ്ങളിൽ ചാടിക്കയറി പ്രതികരിക്കുന്ന ആളല്ല.
വിവാദങ്ങൾ വിജയത്തെ സഹായിക്കില്ല
വിവാദങ്ങൾ ആ സിനിമ തീയറ്ററുകളിൽ എത്തുവോളമേ നിലനിൽക്കു. പ്രേക്ഷകര്‍ അത് കാണുന്നതോടെ എല്ലാം അവർ മനസ്സിലാക്കും. 'മാളികപ്പുറം' റിലീസിന് മുൻപേ വലിയ വിവാദങ്ങൾ ഉണ്ടായി. ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട കഥയാണ് എന്നൊക്കെ. എന്നാൽ സിനിമ റിലീസ് ആയതിൽ പിന്നെ ആ സംസാരങ്ങളൊക്കെ നിലച്ചു. പിന്നീട് ഒരു വിവാദം ഉണ്ണി മുകുന്ദൻ എന്ന ആർട്ടിസ്റ്റിനെ കേന്ദ്രീകരിച്ചായിരുന്നു. അയാൾക്ക് അയാളുടെ പൊളിറ്റിക്സ് കാണും. അതിനാൽ വിവാദങ്ങളിൽ കാര്യമില്ല. പിന്നെ ആൻ്റോ ജോസഫ് ആണ് ഈ സിനിമ നിർമിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
തിരക്കഥ എന്ന സാഹിത്യം
തിരക്കഥ ഒരു സാഹിത്യമാണ്. സിനിമയുടെ സാഹചര്യങ്ങൾ ഒരുപാട് ഇന്ന് മാറിയിട്ടുണ്ട്. നേരത്തെ എം.ടി വാസുദേവൻ നായർ, ലോഹിതദാസ് തുടങ്ങിയവർ എഴുതിവെക്കുന്നത് പോലത്തെ കാവ്യാത്മകമായ ഡയലോഗുകൾക്ക് ഇന്ന് പ്രസക്തിയില്ല. എന്നാൽ സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. അത് കറങ്ങി ഇനി അതേ കാലഘട്ടത്തിൽ എത്തിച്ചേരും. എന്നാൽ ഇന്നും സാഹിത്യപരമായി അപ്രോച്ച് ചെയ്യുന്ന സിനിമകൾ ഉണ്ട്. ഞാൻ അടുത്ത് ചെയ്യാൻ പോകുന്ന സിനിമ അങ്ങനെയുള്ള ഡ്രമാറ്റിക് ആയ ഡയലോഗുള്ള ഫാമിലി ഓറിയന്റഡ് ആണ്.
തിരക്കഥ രചനയിൽ എത്തിപ്പെടുന്നത്
നേരത്തെ ഷോർട്സ് സ്റ്റോറികൾ എഴുതുമായിരുന്നു. അത് കണ്ട് സിനിമയിലുള്ളവർ തന്നെയാണ് തിരക്കഥകൾ എഴുതിക്കൂടെ എന്ന് ചോദിച്ചത്. പിന്നീട് തിരക്കഥയിൽ എത്തുകയായിരുന്നു.
ഇഷ്ടപ്പെട്ട എഴുത്തുകാരൻ
ഇഷ്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ തന്നെയാണ്. അദ്ദേഹത്തിൻ്റെ നോവലുകൾ ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട്. എം.ടിയുടെ എല്ലാ കൃതികളും വായിച്ചിട്ടില്ല. കഥാപാത്രങ്ങളെ ചിത്രീകരണത്തോടെ കാണാൻ കഴിയുമെങ്കിൽ മാത്രമേ ഞാൻ ഒരു കൃതി തുടർന്ന് വായിക്കാറുള്ളൂ. ഇല്ലെങ്കിൽ എത്ര വലിയ നോവലാണെങ്കിലും ഞാൻ വായിച്ചു കമ്പ്ലീറ്റ് ചെയ്യാറില്ല. മറ്റൊന്ന് എൻ്റെ കൂടെ എപ്പോഴും ഉണ്ടാകാറുള്ളത് എം.ടിയുടെയും ലോഹിതദാസിൻ്റെയും തിരക്കഥകളാണ്. അത് ഞാൻ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അവർ ചെയ്തത് പോലുള്ള സിനിമകൾ ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹം. എന്നാൽ ഗുരുസ്ഥാനീയനായി കാണുന്നത് ലോഹി സാറിനെയാണ്. എം.ടി. സാറിന്റെ കഥകളെ കമഴ്‌സലൈസ് ചെയ്ത സിനിമാക്കാരനാണ് ലോഹിതദാസ്. അതുകൊണ്ടാണ് 'വീണ്ടും ചില വീട്ടുകാര്യങ്ങളും' 'ഹിസ് ഹൈനസ് അബ്ദുല്ല'യുമൊക്കെ നമുക്ക് ഫീൽ ചെയ്യുന്നത്. എം.ടിയുടേത് വേറൊരു ക്ലാസ്സ് റൈറ്റിങ് ആണ്. ലോഹി സാറിന് ശേഷം അത്തരമൊരു എഴുത്തുകാരൻ സച്ചിയാണ്. ലോഹി സാറും സച്ചിയുമാണ് എഴുത്തിൽ എനിക്ക് ഗുരുക്കൻമാർ.
കുടുംബചിത്രങ്ങൾ
കുടുംബ ചിത്രങ്ങ ഇനിയും തിരിച്ചുവരും. രണ്ടു സിനിമ ഹിറ്റായാൽ ആളുകൾ കുറെ നാളത്തേക്ക് അതിൻ്റെ പിന്നാലെ പോകും. മാളികപ്പുറം ഫാമിലിക്ക് പ്രാധാന്യം നൽകി അങ്ങനെ ഒരു ശ്രമം നടത്തിയ സിനിമയായിരുന്നു. അത് വർക്കൗട്ട് ആയി.
തിയറ്റർ സിനിമ
ഇന്നത്തെ സിനിമകൾ രണ്ടാഴ്ച തീയറ്ററുകളിൽ ഓടിയാൽ അത് വിജയിച്ചു എന്നാണ് കണക്കാക്കുന്നത്. വാണിജ്യ ചേരുവകൾ ആഡ് ചെയ്താൽ മാത്രമേ അത് നടക്കുകയുള്ളൂ. ഇനി ഫാമിലി ഓറിയന്റഡ് കഥകൾ വിജയ ചേരുവകളോടെ തിയറ്ററുകളിൽ എത്തിച്ചാൽ ജനം തിയറ്ററുകളിൽ എത്തും. 'ദൃശ്യം' അതിനൊരു ഉദാഹരണമാണ്. അതൊരു ഫാമിലി സിനിമയായിരുന്നു. അതിൽ കുറച്ചുകൂടി എലമെന്റുകൾ ആഡ് ചെയ്തതുകൊണ്ടാണ് വിജയമായി തീർന്നത്. എന്നാൽ 'സൂക്ഷ്മദർശിനി' വിജയിച്ചത് ബേസിൽ ജോസഫ് എന്ന ആർട്ടിസ്റ്റിനോട് പ്രേക്ഷകർക്കുള്ള വളരെ വലിയ ഇഷ്ടം കൊണ്ടും നസ്രിയയുടെ സാന്നിധ്യംകൊണ്ടുമായിരുന്നു.
തിരക്കഥാകൃത്തുക്കൾ നേരിടുന്ന പ്രതിസന്ധി
പുതിയതായി വരുന്നവരുടെ പ്രശ്നം നല്ല ഒരു കഥ കിട്ടുക, ഒരു പ്രൊഡ്യൂസർ-സംവിധായകൻ-അഭിനേതാക്കൾ ഇവരെയൊക്കെ കിട്ടുക എന്നുള്ളതാണ്. ഒരിക്കൽ കയറി പറ്റിയാൽ ബന്ധങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാൻ സാധിക്കും. വിജയങ്ങളുടെ തുടർച്ചയും പ്രധാനമാണ്. ബ്ലോക്ക് ബസ്റ്ററുകൾ അടിക്കുക എന്നത് ബോണസ് ആണ്. സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുക എന്നതാണ് പ്രധാനം.
കഥകൾ വരുന്ന വഴികൾ മാളികപ്പുറത്തിന്റെ കഥ ബാംഗ്ലൂരിൽ എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവങ്ങളിൽ ചിലതാണ്. അത് പിന്നെ സിനിമയുടെ വേർഷനിലേക്ക് ഞാൻ മാറ്റിയെടുത്തു. 'പത്താംവളവ്' മലപ്പുറത്ത് നടന്ന ഒരു സംഭവമാണ്. 'ആനന്ദ് ശ്രീബാല' കൊല്ലത്ത് നടന്ന ഒരു സംഭവമാണ്. 'സുമതിവളവ്' ഫിക് ഷനാണ്. കുറച്ച് കേട്ട സംഭവങ്ങളും മുത്തശ്ശി കഥകളും കൂട്ടിച്ചേർത്തിട്ടുണ്ട്.
അനുഭവങ്ങൾ
ഞാനിപ്പോഴും എക്സ്പീരിയൻസിൽ നിന്നേ കഥകളുണ്ടാക്കാറുള്ളൂ. ഇമാജിനേഷൻ കുറവാണ്. മറ്റുള്ളവരുടെ അനുഭവമാണെങ്കിലും അവരിൽ നിന്ന് അതിന്റെ വിശദാംശങ്ങൾ കലക്ട് ചെയ്യും.
പുസ്തക വായന
എന്റെ വായനകൾ സെലക്ടീവ് അല്ല. റാണ്ടം ആയിട്ട് വായിക്കുന്ന സ്വഭാവമാണ്. കയ്യിൽ കിട്ടുന്ന പുസ്തകങ്ങൾ ഇഷ്ടമാണെങ്കിൽ വായിക്കും. അല്ലെങ്കിൽ യാത്ര പോകുമ്പോൾ പുസ്തകോത്സവങ്ങൾ ഒക്കെയുണ്ടെങ്കിൽ കയറി പുസ്തകങ്ങൾ വാങ്ങും. ഇഷ്ടപ്പെട്ടാൽ വീണ്ടും വീണ്ടും വായിക്കും. എം.ടിയുടെ തിരക്കഥകൾ പല തവണ വായിച്ചിട്ടുണ്ട്. അതുപോലെ പത്മരാജന്റെ തിരക്കഥകളും. അതൊക്കെ വായിക്കുമ്പോൾ തിരക്കഥ എങ്ങനെയെല്ലാം എഴുതാം എന്ന് എനിക്ക് കിട്ടുന്ന ഒരനുഭവമുണ്ട്. പത്മരാജൻ സാറിൻ്റെ തിരക്കഥകളുടെ ഭംഗി അത് നമുക്ക് ആ സിനിമ കാണിച്ചുതരും എന്നുള്ളതാണ്. അതേസമയം ആടുജീവിതം പോലുള്ള കഥകൾ സിനിമയാകുന്നത് അപൂർവമായി സംഭവിക്കുന്നതാണ്. എന്നാലും വായിച്ച ഒരു കൃതി സിനിമയായി കണ്ടപ്പോൾ സന്തോഷം തോന്നി.
ആദ്യ ആഗ്രഹം അഭിനയം
ആദ്യം അഭിനയിക്കാനാണ് സിനിമയിലെത്തുന്നത്. പിന്നീടാണ് തിരക്കഥാരചനയിലേക്ക് തിരിയുന്നത്. മുഴുസമയം ലൊക്കേഷനിലുണ്ടാകുമ്പോൾ അഭിനയിക്കുക ഒരു രസമാണ്. അങ്ങനെയാണ് ഇപ്പോഴും അഭിനയിക്കുന്നത്. ഇപ്പോൾ തിരക്കഥ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. എന്നാൽ അഭിനയിക്കാൻ തമിഴിൽ നിന്ന് ഒന്ന് രണ്ട് ഓഫർ വന്നിട്ടുണ്ട്.
സുമതി വളവ്
90കളുടെ പശ്ചാതലത്തിൽ പറയുന്ന ഒരു കോമഡി കഥയാണ്. ആർടിസ്റ്റുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. 'രാക്ഷസ'ൻ്റെ കാമറാമാനാണ് കാമറ. 'വെള്ള'ത്തിൻ്റെ പ്രൊഡ്യൂസറാണ് ഇതും നിർമിക്കുന്നത്. 95 ദിവസത്തെ ഷൂട്ടാണ് പ്ലാൻ ചെയ്തത്. തിരുവനന്തപുരത്തെ സുമതി വളവ് എന്ന സംഭവത്തെ ആശ്രയിക്കുന്നില്ല. ആ പേര് മാത്രമേ എടുത്തിട്ടുള്ളൂ. ഇതൊരു പുതിയ കഥയാണ്. അതിൽ റിയൽ സംഭവങ്ങൾ ചേർത്തിട്ടുണ്ട്. മുൻധാരണ ഉണ്ടായിക്കോട്ടെ എന്ന് കരുതിയാണ് ആ പേരിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.