'ജാമിഅയിലെ സമരം ചരിത്രപരമായ തിരുത്ത്; മുസ്ലിം സ്ത്രീകൾ മുന്നിലെത്തുമ്പോൾ ഇടത് മനസ്സ് പതറുന്നു': ഷഹബാസ് അമൻ
text_fieldsകോഴിക്കോട്: നീണ്ട രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ജാമിഅ മില്ലിയ്യ ഇസ്ലാമിയയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കാൻ വിദ്യാർഥി കൂട്ടായ്മ നേടിയെടുത്ത വിജയത്തിൽ നിർണായകമായ രാഷ്ട്രീയ നിരീക്ഷണങ്ങളുമായി പ്രശസ്ത ഗായകനും സാംസ്കാരിക പ്രവർത്തകനുമായ ഷഹബാസ് അമൻ. ജാമിഅയിലെ വിദ്യാർഥി ഐക്യം ചരിത്രപരമായ ഒരു തിരുത്താണെന്നും, പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലിം കർതൃത്വത്തിനൊപ്പം നിൽക്കാൻ മടി കാണിക്കുന്ന വ്യവസ്ഥാപിത 'ഇടതുപക്ഷ മനസ്സിന്റെ' പതർച്ചകളെയാണ് സംഘപരിവാർ രാജ്യത്ത് മുതലെടുത്തതെന്നും ഷഹബാസ് അമൻ തുറന്നടിച്ചു. 'വരിക്കാരാവാതെ വായിക്കുക' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിശദമായ കുറിപ്പിലാണ് ഷഹബാസ് അമൻ ജാമിഅ സമരത്തെയും ഇന്ത്യൻ കാമ്പസ് രാഷ്ട്രീയത്തിലെ സങ്കീർണതകളെയും വിശകലനം ചെയ്തത്.
'മുസ്ലിം വനിതകൾ സമരമുഖത്തെത്തുമ്പോൾ പതറുന്ന ഇടതുപക്ഷം'
ഏതൊരു സാമൂഹിക വിപ്ലവത്തിന്റെയും നട്ടെല്ല് പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ കൂടെ ഉറച്ചുനിൽക്കുന്ന ധീരതയാണെന്ന് ഷഹബാസ് അമൻ ചൂണ്ടിക്കാട്ടുന്നു. 'ശരീരം മൂടിപ്പുതച്ച മുസ്ലിം വനിതകൾ സമരങ്ങളുടെ മുൻനിരയിൽ ഉണ്ടാകുന്നത് കഴിഞ്ഞ കുറച്ചുകാലമായി വിപ്ലവപാർട്ടികളുടെ 'സാമൂഹ്യ ധീരതയെ' നിരന്തരം വെല്ലുവിളിക്കുന്ന ഒരു 'രാഷ്ട്രീയ തലവേദന'യായിരുന്നു. തങ്ങളുടെ പാർട്ടിയുടെ ഭാഗമായിക്കൊണ്ടല്ലാതെ അവർ തെരുവിൽ ഇറങ്ങുമ്പോഴും ഹിന്ദു തീവ്രവാദത്തിനെതിരെ പ്ലക്കാർഡുകൾ ഉയർത്തുമ്പോഴും കേരളീയ ഇടതുപക്ഷമടക്കം പതറുന്നത് കാണാം.
'ശ്ശെടാ' എന്ന് അവർ ഒന്ന് സ്തബ്ധരാവുകയും ഇവരെ എങ്ങനെ കൂടെക്കൂട്ടും എന്ന് ഭയക്കുകയും ചെയ്യുന്ന ആ ഗ്യാപ്പിലാണ് സംഘികൾ പണി ഒപ്പിക്കുന്നത്! മതചിഹ്നങ്ങൾ അണിയുന്ന മുസ്ലിംകളെ പൊതുസമൂഹം മടുപ്പോടെയും ഭയത്തോടെയും കാണുമ്പോൾ ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുന്നത് പോലെ സംഘപരിവാർ നേട്ടമുണ്ടാക്കുന്നു. ഷഹീൻ ബാഗിലും നമ്മൾ കണ്ടത് ഇതാണ്'. ഉമർ ഖാലിദും ഷർജീൽ ഇമാമും മാത്രമല്ല, കേരളത്തിൽ മുസ്ലിം പേരും പശ്ചാത്തലവുമുള്ള സഖാക്കളായ നദീറും അലനും താഹയും അടക്കം പലരും ഇത്തരത്തിൽ ഇടതുപക്ഷത്തിന്റെ സംശയദൃഷ്ടിയുടെയും പതർച്ചയുടെയും ദുരന്ത ഇരകളാണെന്ന് അദ്ദേഹം കുറിച്ചു. രാഷ്ട്രീയ ഇടത്തിന് മുസ്ലിംകൾക്കൊപ്പം നിൽക്കാൻ പറ്റാതെ വന്നപ്പോഴൊക്കെ കനത്ത വില നൽകേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പുതിയ തലമുറ മാറ്റിയെഴുതിയ ചരിത്രം; അഭിനന്ദനം
എന്നാൽ പഴയ തലമുറയുടെ ആ മുൻവിധികളെയും തെറ്റുകളെയും പുതിയ തലമുറ തിരുത്തിക്കുറിക്കുകയാണെന്ന് ഷഹബാസ് അമൻ വിലയിരുത്തുന്നു.
"നായകന്മാരേക്കാൾ മുന്നിര ഇടതു സമരനായികമാർ വിശാല രാഷ്ട്രീയ ഹൃദയത്തോടും തുറന്ന ചിന്തയോടും കൂടിയാണ് നിലകൊണ്ടത്. സമാന്തരമായി കൊക്രോച്ച് പാർട്ടിയുടെ വരവ് വൻ പൊളിയായിരുന്നു! വലത് വിംഗിൽ നിന്നും മുസ്ലിം ഫ്രറ്റേണിറ്റിയിൽ നിന്നുമൊക്കെയുള്ള ഉശിരുറ്റ പെൺപുലികളും കൂടി ചേർന്നപ്പോൾ പ്രത്യാശ ഇരട്ടിച്ചു. ഇപ്പോൾ എല്ലാം ഒറ്റക്കെട്ടാണ്, അല്ലെങ്കിൽ ആവണം!"
— ഷഹബാസ് അമൻ വ്യക്തമാക്കുന്നു.
ജാമിഅയ്ക്ക് വേണ്ടി ഒന്നിച്ച് നിന്ന മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിച്ച അദ്ദേഹം, ഈ ഐക്യം സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട്, ജെ.എൻ.യു അടക്കമുള്ള മറ്റ് കാമ്പസുകളിലേക്കും പടരണമെന്നും ഈ പോക്ക് പോയാൽ എല്ലാറ്റിലും വിജയം ഉറപ്പാണെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

