‘പിറവി’ യോട് പാക്കപ്: ഇനി മടക്കമില്ലായാത്ര
text_fieldsതിരുവനന്തപുരം: ‘പിറവി’യോട് പാക്കപ് പറഞ്ഞ് മലയാള ചലച്ചിത്രത്തിന്റെ വിഖ്യാത പ്രതിഭ ഷാജി എൻ.കരുൺ. ഛായാഗ്രാഹകന്റെയും സംവിധായകന്റെയും റോളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ മലയാള സിനിമയെ ചലിപ്പിച്ച ഷാജി എൻ.കരുൺ പിറവി എന്ന് പേരിട്ട വഴുതക്കാട്ടെ വസതിയിൽ നിശ്ചലനായി കിടന്നു.
ഉയർച്ചകളിൽ എന്നും കൂടെനിന്നിരുന്ന പിറവി തിങ്കളാഴ്ച വൈകുന്നേരം മുതൽ അക്ഷരാർഥത്തിൽ ശോകമൂകമായി നിന്നു. മരണവാർത്തയറിഞ്ഞതോടെ, തലസ്ഥാനത്തിന്റെ സഹൃദയ മനസ്സ് പിറവിയിലേക്ക് ഒഴുകിയെത്തി. മന്ത്രിമാരും എം.എൽ.എമാരും രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരും അടക്കം നൂറുകണക്കിനാളുകളാണ് രാത്രി വൈകിയും വെള്ളയമ്പലത്തെ ഉദാരശിരോമണി റോഡിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
ലോകസിനിമയിലടക്കം ഖ്യാതി നേടിക്കൊടുത്ത പിറവി എന്ന സിനിമയുടെ പേര് തന്നെയാണ് വെള്ളയമ്പലത്തെ വസതിക്കും അദ്ദേഹമിട്ടത്. 1963 ൽ തിരുവനന്തപുരത്തെത്തിയ ശേഷം വാടകക്ക് താമസിച്ചിരുന്ന വീട് അദ്ദേഹം വിലകൊടുത്ത് വാങ്ങുകയായിരുന്നു. അതിനുശേഷം ഷാജി എൻ.കരുണിന്റെ എല്ലാ ഉയർച്ചകൾക്കും സാക്ഷിയായത് ഈ 'പിറവി' യായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ അന്ത്യം സംഭവിച്ചതും ഇവിടെ വെച്ചുതന്നെയായിരുന്നു. ഭാര്യ അനസൂയ വാര്യരും മക്കളായ അനിൽ, അപ്പു, മരുമകൾ നീലിമ, ചെറുമക്കളായ ഗൗതം, പാർവതി എന്നിവരും വീട്ടിലുണ്ടായിരുന്നു. മരണവിവരമറിഞ്ഞ് അമ്മ ചന്ദ്രമതിയും മറ്റു ബന്ധുക്കളുമെത്തി.
മന്ത്രി വി. ശിവൻകുട്ടി, ഭാര്യ ആർ. പാർവതി ദേവി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, വി.കെ. പ്രശാന്ത്, വി. ജോയി, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സംവിധായകൻ ശ്രീകുമാരൻ തമ്പി, കവി മധുസൂദനൻ നായർ, നടൻ ബി. ശ്രീകുമാർ, സി.പി.എം നേതാക്കളായ എം. വിജയകുമാർ, സി. ജയൻബാബു, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ, സന്ദീപാനന്ദ ഗിരി തുടങ്ങിയവർ രാത്രി വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.
ചൊവ്വാഴ്ച കലാഭവനിൽ പൊതു ദർശനത്തിനു വെച്ച ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.