വിസ്മയ കൂട്ടിലിട്ടു വളർത്തിയ പെൺകുട്ടിയല്ല, മകളുടെ ശരീരഭാഷയിൽ അസ്വസ്ഥരാകുന്ന മാതാപിതാക്കളല്ല മോഹൻലാലും സുചിത്രയും -എസ്. ശാരദക്കുട്ടി
text_fieldsവിസ്മയ, മോഹൻലാൽ, എസ്. ശാരദക്കുട്ടി
എഴുത്തുകാരി എസ്. ശാരദക്കുട്ടിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സെലിബ്രിറ്റികളുടെ മക്കൾ എപ്പോഴും കാമറക്കണ്ണുകൾക്കും പൊതുസമൂഹത്തിൻ്റെ അമിതപ്രതീക്ഷകൾക്കും മുന്നിൽ വിചാരണ ചെയ്യപ്പെടുന്നവരാണ്. എന്നാൽ മോഹൻലാലും കുടുംബവും ഇതിൽ നിന്നും എത്രമാത്രം വ്യസ്തത പുലർത്തുന്നു എന്ന് ഓർമിപ്പിക്കുന്നതാണ് ഈ കുറിപ്പ്.
മോഹൻലാലിൻ്റെ ലജ്ജാലുത്വവും സഭാകമ്പവും പോലെതന്നെ മകൾ വിസ്മയയുടെ ആദ്യ പൊതുവേദിയിലെ പരിഭ്രമങ്ങളെയും രക്ഷിതാക്കൾ കൈകാര്യം ചെയ്ത രീതി വളരെ സ്വാഭാവികവും മാതൃകാപരവുമാണ് എന്ന് ശാരദക്കുട്ടി പറയുന്നു. രക്ഷിതാക്കളുടെ മുൻവിധികളില്ലാത്ത ആ പിതൃസ്നേഹവും, കുട്ടികളുടെ ആത്മവിശ്വാസം ചോർത്തിക്കളയാത്ത സമീപനവും ഇന്നത്തെ കാലത്ത് ഓരോ മാതാപിതാക്കളും പഠിക്കേണ്ട പാഠമാണെന്നും ശാരദക്കുട്ടി കൂട്ടിച്ചേർത്തു.
കുറിപ്പിന്‍റെ പൂർണരൂപം
പൊതു വേദികളിലെ മോഹൻലാലിൻ്റെ സഭാകമ്പവും ലജ്ജാലുത്വവും നന്നായി ആസ്വദിച്ചിട്ടുണ്ട് മലയാളികൾ. ആ ലജ്ജാലുത്വം കുറച്ചു കൂടിയ അളവിൽ വളർന്ന പരിഭ്രമമായി മകളിലും കാണാം. മക്കളുടെ സഭാകമ്പങ്ങൾ ധാരാളം കണ്ടിട്ടുള്ള എനിക്ക് ആ മകളോടും അതേ വാത്സല്യമാണ് തോന്നിയത്.
മകളുടെ അഭിപ്രായങ്ങളെ ഒരിടത്തും തിരുത്തുകയോ പൊതുവേദിയിലെ അവളുടെ സംഭ്രമിച്ച ശരീരഭാഷയിൽ അസ്വസ്ഥനാകുകയോ ചെയ്യുന്നില്ല മോഹൻലാൽ എന്നത് എനിക്ക് മോഹൻലാലിനെ കൂടുതൽ പ്രിയങ്കരനാക്കുന്നുണ്ട്. അഛനധികാരമോ അമ്മയധികാരമോ മോഹൻലാലിലും സുചിത്രയിലും ലവശേലം കണ്ടില്ല എന്നത് സുന്ദരമായ കാഴ്ചയായി.
മക്കളുടെ ആത്മവിശ്വാസം കെടുത്തുന്നതും അവരെ socially awkward ആക്കുന്നതും പലപ്പോഴും രക്ഷിതാക്കളുടെ മുൻവിധികളും സങ്കൽപങ്ങളുമാണ്. സ്വന്തം മകളുടെ സഭാകമ്പത്തെ വളരെ normal ആയും natural ആയും കാണുന്നുണ്ട് മോഹൻലാൽ എന്നത് എത്ര ആശ്വാസകരമാണ്. നാട്ടുകാർ മുഴുവൻ അഛനും അമ്മാവനും കളിക്കാനുള്ളപ്പോൾ താൻ കൂടിയെന്തിന് എന്ന ആ പതിവ് മോഹൻലാൽ കൂൾനെസ്സ് നല്ല കൗതുകം പകർന്നു.
ആദ്യ ചിത്രത്തിൻ്റെ Promotion വേളയിൽ മലയാളിശീലങ്ങളുടെ oversmart മുഖംമൂടികളണിയാതെ വിസ്മയ തൻ്റെ ടെൻഷനും പരിഭ്രമവും മറച്ചുവെക്കാതെ ഓടി നടക്കുന്നു.
മോഹൻലാലിൻ്റെ മകളായതു കൊണ്ടല്ലേ ഈ വാത്സല്യം എന്നാണ് ചോദ്യമെങ്കിൽ .... സംശയിക്കേണ്ട അതുമുണ്ട്. ഇഷ്ടമുള്ളവരുടെ മക്കളേയും പ്രിയപ്പെട്ടവരേയും ഇഷ്ടമാകും എന്നൊരു logic മതി അതിന്.
വിസ്മയ കൂട്ടിലിട്ടു വളർത്തപ്പെട്ട പെൺകുട്ടിയല്ല. ആർജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളുമുണ്ടവർക്ക്. മലയാളിക്യാമറകളുടെ മുന്നിലെ ഈ സങ്കോചം അവൾക്കൊരു കവചമാകട്ടെ എന്നാണെനിക്ക് ആശംസിക്കാനുള്ളത്.
എസ്. ശാരദക്കുട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

