‘ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്’, മദ്യത്തിന് അടിപ്പെട്ട നാളുകളെക്കുറിച്ച് ഹൃത്വിക് റോഷന്റെ സഹോദരി സുനൈന
text_fieldsതന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളായിരുന്നു മദ്യത്തിന് അടിപ്പെട്ട നാളുകളെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ.
പിതാവ് പ്രമുഖ സംവിധായകൻ രാകേഷ് റോഷനും സഹോദരൻ സൂപ്പർതാരം ഹൃത്വിക് റോഷനും സിനിമയുടെ വെള്ളി വെളിച്ചത്തിലായിരിക്കുമ്പോഴും ഒരിക്കലും സുനൈന കാമറക്കു മുന്നിലേക്ക് വന്നിരുന്നില്ല. മദ്യപാനത്തിൽ നിന്ന് പുറത്തുകടക്കാൻ താൻ നടത്തിയ പോരാട്ടങ്ങളെ കുറിച്ചും തന്റെ ആസക്തിയെക്കുറിച്ചും പ്രമുഖ യൂട്യൂബറും മാധ്യമ പ്രവർത്തകനുമായ സിദ്ധാർത്ഥ് കാനനുമായി സുനൈന വിശദാംശങ്ങൾ പങ്കുവെക്കുന്നു.
തനിക്ക് മദ്യപാനത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതായി അവർ വെളിപ്പെടുത്തുന്നു. ‘വളരെ ബുദ്ധിമുട്ടുള്ള ഒരു സമയത്തിലൂടെ കടന്നുപോകുകയായിരുന്നു ഞാൻ. ഞാൻ വൈകാരികമായി വളരെ ദുർബലയായിരുന്നു. മതി വരുവോളം കുടിക്കുമായിരുന്നു. ആൽക്കഹോളിസം എന്നാൽ മദ്യപാനത്തിനു മേൽ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമാണിതെന്ന് ഞാൻ കരുതുന്നു.
കിടക്കയിൽ നിന്ന് വീണു സ്വയം പരിക്കേറ്റു. ഇത് പലവട്ടം ആവർത്തിച്ചു. രാവിലെ തുടങ്ങുന്ന കുടി രാത്രി വൈകുവോളം തുടരും. ദിവസവും എഴുന്നേൽക്കുമ്പോൾ ഉത്കണ്ഠ, പരിഭ്രാന്തി, നിർജലിനീകരണം എന്നിവ കൊണ്ടു മൂടും. എന്നാൽ വീണ്ടും കുടിക്കും. ഇതൊരു ആവർത്തന പ്രക്രിയയായി മാറി. ആ കാലയളവിൽ പിതാവ് രാകേഷ് റോഷനും മാതാവ് പിങ്കി റോഷനും തനിക്ക് പണം തരുന്നത് നിർത്തി. പണം മുഴുവൻ കുടിക്കാൻ ഉപയോഗിച്ചതിനാലാണ് അവർ അത്തരം സമീപനം സ്വീകരിച്ചത്.
തനിക്ക് പണം നൽകാത്തതിനാലും ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്തതിനാലും സാമ്പത്തിക വരുമാനം സ്തംഭിച്ചതായും അവർ വെളിപ്പെടുത്തി. തനിക്കു സ്വയം തോന്നിയതിനാൽ പുനരധിവാസത്തിൽ ചേരാൻ തീരുമാനിക്കുകയും അനുയോജ്യമായ ഒരു സൗകര്യം കണ്ടെത്തുകയും ചെയ്തു. പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞപ്പോൾ തന്റെ പിതാവ് രാകേഷ് റോഷന് കാൻസർ ബാധിച്ചതായി കണ്ടെത്തിയ വാർത്ത ഇടിത്തീ ആയതായും രോഗമുക്തിക്ക് മറ്റൊരു തിരിച്ചടിയാണെന്നും അവർ വെളിപ്പെടുത്തി. ആ വെളിപ്പെടുത്തൽ തന്നെ ഉറക്കമില്ലാത്ത അവസ്ഥയിലാക്കി. അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നു. ദീർഘ നാളത്തെ പോരാട്ടത്തിലൂടെയാണ് താൻ രോഗമുക്തി നേടിയതെന്നും സുനൈന റോഷൻ അഭിമുഖത്തിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.