ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ, എനിക്ക് ഈ ഉപദ്രവം മടുത്തു, ഞാൻ പൊലീസിനെ വിളിച്ചതാ...
text_fieldsബോളിവുഡ് നടി തനുശ്രീ ദത്തക്ക് വീട്ടിൽ വെച്ച് പീഡനം നേരിട്ടതായി പരാതി. 2018 മുതൽ താൻ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് തനുശ്രീ വിഡിയോയിലൂടെ പറഞ്ഞു. സഹായിക്കാൻ പൊലീസിനെ വിളിച്ചിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാത്രിയാണ് നടി വിഡിയോ പങ്കുവെച്ചത്. എനിക്ക് ഈ ഉപദ്രവം മടുത്തു! 2018 മുതൽ ഇത് തുടരുന്നു. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ! വൈകുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യൂ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. മീ റ്റു വിവാദത്തിൽ തന്റെ നിലപാട് തുറന്ന് പറഞ്ഞത് മുതൽ പീഡനം തുടരുകയാണെന്നും സഹായത്തിനായി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും തനുശ്രീ വെളിപ്പെടുത്തി.
എന്റെ വീട്ടിൽ വെച്ച് എന്നെ ഉപദ്രവിക്കുന്നു. ഞാൻ പൊലീസിനെ വിളിച്ചു. പൊലീസ് വന്നു. ശരിയായ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ വരാൻ അവർ എന്നോട് ആവശ്യപ്പെട്ടു. നാളെയോ മറ്റന്നാളോ ഞാൻ പോകും. എനിക്ക് സുഖമില്ല. കഴിഞ്ഞ 4-5 വർഷമായി ഞാൻ വളരെയധികം ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. എന്റെ ആരോഗ്യം മോശമായെന്ന് തനുശ്രീ ദത്ത പറഞ്ഞു. എനിക്ക് ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. വീട്ടിൽ ജോലിക്ക് നിൽക്കുന്നവർ പലപ്പോഴും വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നുണ്ടെന്നും ഇത് സാമ്പത്തികവും വൈകാരികവുമായ പീഡനത്തിലേക്ക് നയിക്കുന്നുവെന്നും നടി ആരോപിച്ചു. എന്റെ എല്ലാ ജോലികളും ഞാൻ ചെയ്യണം. എന്റെ സ്വന്തം വീട്ടിൽ ഞാൻ ബുദ്ധിമുട്ടുകയാണ്. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ തനുശ്രീ കൂട്ടിച്ചേർത്തു.
2009 ലെ ഹോൺ 'ഓകെ' പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ നാനാ പടേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 2018ൽ തനുശ്രീ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയിൽ മീ റ്റുവിന് തുടക്കമാകുന്നത്. സിനി & ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷനിൽ (CINTAA) ആദ്യം പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അവർ ആരോപിച്ചു. ഇരുവശത്തും നിയമ നടപടികൾ തുടർന്നു. എന്നാൽ 2019ൽ നാനാ പടേക്കറിനെ കോടതി വെറുതെ വിടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.