ഇമ്രാൻ ഹാഷ്മിയുടെ വീട് കണ്ടെത്താനായില്ല; അക്രമികൾ ശ്രദ്ധ തിരിച്ചത് ടൈഗർ ഷ്റോഫിലേക്ക്, വെളിപ്പെടുത്തലുമായി മുംബൈ പൊലീസ്
text_fieldsബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ആമിർ ഖാനും പ്രമുഖ നടൻ ഇമ്രാൻ ഹാഷ്മിയും ഗാങ്സ്റ്റർ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം. ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഇമ്രാൻ ഹാഷ്മിയുടെ വസതി സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്താനും നിരീക്ഷണം നടത്താനും ക്വട്ടേഷൻ സംഘത്തിന് നിർദേശം ലഭിച്ചിരുന്നു. എന്നാൽ തിരച്ചിൽ നടത്തിയിട്ടും നടന്റെ വീട് കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊരാൾ എപ്പോഴും സൽമാൻ ഖാൻ തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ്, നടൻ ആമിർ ഖാന്റെ വീടും ഇവർ നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തി. എന്നാൽ ആമിർ ഖാൻ ദക്ഷിണ മുംബൈയിലെ പുതിയ വസതിയിലേക്ക് താമസം മാറിയ കാര്യം അറിയാതിരുന്നതിനാൽ അക്രമികൾക്ക് അദ്ദേഹത്തിന്റെ വീട് കണ്ടെത്താനായില്ല.
ഇമ്രാൻ ഹാഷ്മിയുടെയും ആമിർ ഖാന്റെയും വസതികൾ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പ്രതികൾ ശ്രദ്ധ ടൈഗർ ഷ്റോഫിലേക്ക് തിരിച്ചത്. സോഷ്യൽ മീഡിയ റീലുകളിലൂടെയാണ് ഞായറാഴ്ചകളിൽ ജൂഹൂവിൽ നടക്കുന്ന ഫുട്ബോൾ മത്സരങ്ങളിൽ ടൈഗർ ഷ്റോഫ് സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന വിവരം ഇവർക്ക് ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്ത നാല് പ്രതികളെ ഈസ്പ്ലനേഡ് കോടതിയിൽ ഹാജരാക്കുകയും ഒക്ടോബർ 28 വരെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. രാധാ വർമ്മ, ബബിതാ റാവു, കുനാൽ ജാമിൻസിംഗ്, സുമിത് സരോളിയ എന്നിവരാണ് ഒടുവിൽ പിടിയിലായത്. ഷൂട്ടർമാർക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയത് ഇവരാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ബിഷ്ണോയി ഗ്യാങ്ങിന്റെ പ്രമുഖ നേതാവും ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമായ അനിൽ പണ്ഡിറ്റുമായി കേസിലെ പ്രതിയായ ജാംസിംഗിന് നേരിട്ട് ബന്ധമുണ്ടായിരുന്നു. ഒക്ടോബർ 17ന് ജാംസിംഗ് നൽകിയ പിസ്റ്റൾ, രാധാ വർമ്മയും ബബിതാ റാവുവും ചേർന്ന് ദാദറിൽ വെച്ച് റെഹാൻ അൻസാരി എന്ന ഷൂട്ടർക്ക് കൈമാറുകയായിരുന്നു. ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത ശേഷം ആയുധം ഉടനടി തിരികെ നൽകാനായിരുന്നു ഇവർക്ക് ലഭിച്ച നിർദേശം.
ഒക്ടോബർ 18-നായിരുന്നു മുംബൈയെ നടുക്കിയ വെടിവെപ്പ് നടന്നത്. ടൈഗർ ഷ്രോഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന ഒരു ബ്ലോഗർക്കും വെടിയേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ് പൊലീസ് പിടിയിലായിട്ടുള്ളത്.

