ടൈഗർ ഷ്റോഫിനെയല്ല, അക്രമികൾ ലക്ഷ്യമിട്ടത് മറ്റൊരു പ്രമുഖ താരത്തെ; വെടിവെപ്പ് കേസിൽ വൻ ട്വിസ്റ്റ്, വില്ലനായത് വൻ സുരക്ഷ
text_fieldsമുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെയ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ബോളിവുഡ് താരം ടൈഗർ ഷ്റോഫ് ആയിരുന്നില്ല അക്രമികളുടെ യഥാർത്ഥ ലക്ഷ്യമെന്ന് മുംബൈ ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മറ്റൊരു പ്രമുഖ ബോളിവുഡ് താരത്തെ ലക്ഷ്യമിട്ടാണ് മൂന്നംഗ സംഘം എത്തിയതെങ്കിലും, കനത്ത സുരക്ഷ കാരണം ഇവരെ സമീപിക്കാൻ കഴിയാതെ വന്നതോടെയാണ് ടൈഗർ ഷ്റോഫിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് നൽകുന്ന വിവരം. എളുപ്പത്തിൽ ലക്ഷ്യം കാണാൻ കഴിയുമെന്നു കരുതിയാണ് അക്രമികൾ ടൈഗർ ഷ്റോഫിനെ പിന്നീട് ടാർഗെറ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കോട്ടയിൽ നിന്നും പൊലീസ് പിടികൂടിയ മൂന്ന് പ്രതികളെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ മുംബൈയിലേക്ക് കൊണ്ടുവരുന്നതിനായി പ്രാദേശിക കോടതി 48 മണിക്കത്തെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് തിരിച്ചത്.
സുരക്ഷ മുൻനിർത്തി 'പ്ലാൻ ബി' (Plan B) എന്ന ബദൽ തന്ത്രമാണ് മുംബൈ പൊലീസ് ഇതിനായി നടപ്പിലാക്കിയത്. പ്രതികളെ രാത്രിയോടെ മുംബൈയിലേക്ക് നേരിട്ട് എത്തിക്കാനുള്ള ആദ്യ തീരുമാനം മാറ്റുകയും, രാത്രി മുഴുവൻ കോട്ട റെയിൽവേ കോളനി പൊലീസ് സ്റ്റേഷനിൽ സുരക്ഷിതമായി പാർപ്പിക്കുകയുമായിരുന്നു. കോട്ട റെയിൽവേ കോളനി പൊലീസ് സ്റ്റേഷന് ചുറ്റും മുംബൈ ക്രൈംബ്രാഞ്ചും രാജസ്ഥാൻ പൊലീസും ചേർന്ന് കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയിരുന്നത്.
ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെ മുംബൈയിലെ ജുഹു പ്രദേശത്തുള്ള ഫുട്ബോൾ ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിവെയ്പ്പുണ്ടായത്. സംഭവത്തിൽ നടന് നേരിട്ട് സാരമായി പരിക്കേറ്റിട്ടില്ലെങ്കിലും കാറിന്റെ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.
ട്രെയിനിൽ യാത്രാവേഗത്തിനിടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 109(1), 3(5) വകുപ്പുകളും ആയുധ നിയമത്തിലെ (Arms Act) 3, 25 വകുപ്പുകളും പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

