ബിഷ്ണോയ് സംഘത്തിന്റെ ലക്ഷ്യപ്പട്ടികയിൽ രൺബീർ കപൂറും? പ്രതികളിൽ നിന്ന് നിർണായക വിവരങ്ങൾ...
text_fieldsമുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിവെയ്പ്പ് നടത്തിയ പ്രതികൾ, നടൻ രൺബീർ കപൂറിന്റെ ലക്ഷ്യം വച്ചതായി വിവരം. രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വസതിയിലും സഘം നിരീക്ഷണം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
മുംബൈയിൽ എത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാനെ ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പൊലീസ് കാവൽ ശക്തമാണെന്ന് കണ്ടതിനെത്തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന്, ടൈഗർ ഷ്റോഫ് ഞായറാഴ്ചകളിൽ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്നും അവിടെ സുരക്ഷ കുറവാണെന്നും സമൂഹമാധ്യമ പേജുകളിൽ നിന്നും മനസ്സിലാക്കിയാണ് പ്രതികൾ അദ്ദേഹത്തെ ലക്ഷ്യമാക്കിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിൽടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിവെയ്പ്പ് നടത്തിയത് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അനീഷ് പണ്ഡിറ്റിന്റെ നിർദ്ദേശപ്രകാരമാണെന്ന് മുംബൈ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. രാജസ്ഥാനിലെ കോട്ടയിൽ നിന്നും പിടികൂടി മുംബൈയിലെത്തിച്ച റേഷൻ എന്ന സുകു, റിതിക് കുർമി എന്ന റോഷൻ, ഫൂൽ സിങ് എന്നീ മൂന്ന് പ്രതികളെയും ഒക്ടോബർ 31 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ കണ്ടെത്തേണ്ടതുണ്ടെന്നും ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. പ്രതികളുടെ രണ്ട് മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെയും ആക്രമണത്തിന് ഉപയോഗിച്ച മോട്ടോർസൈക്ലിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അഞ്ച് പേർ കൂടി പിടിയിൽആയുധവിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹരിയാനയിലും ഉത്തർപ്രദേശിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെക്കൂടി പിടികൂടിയതായി മുംബൈ പൊലീസ് ഡെപ്യൂട്ടി കമീഷണർ രാജ് തിലക് റോഷൻ അറിയിച്ചു.ആയുധങ്ങൾ ശേഖരിക്കാനായി രണ്ട് പേർ അമൃത്സറിലേക്ക് പോവുകയും, രണ്ട് സ്ത്രീകൾ ചേർന്ന് തോക്കുകൾ ട്രെയിൻ മാർഗം മുംബൈയിലെത്തിച്ച് ഷൂട്ടർമാർക്ക് കൈമാറുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മറ്റൊരാൾ മുംബൈയിൽ ഒളിത്താവളവും മറ്റ് സഹായങ്ങളും ഒരുക്കി നൽകി. കഴിഞ്ഞ ഞായറാഴ്ച ജുഹുവിലാണ് സംഭവം നടന്നത്. ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ നടൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവറും ഒരു വഴിയാത്രക്കാരനും പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉമേഷ് ചൗഹാൻ ബുധനാഴ്ച കെ.എം.എ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കേസിന്റെ അന്വേഷണം മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി-എക്സ്ടോർഷൻ സെൽ ആണ് അന്വേഷിക്കുന്നത്.

