സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ എസ്റ്റേറ്റിന്റെ വിഹിതം വേണം; കരിഷ്മയുടെ മക്കൾ കോടതിയിൽ
text_fieldsസഞ്ജയ് കപൂറും കരിഷ്മ കപൂറും കുട്ടികൾക്കൊപ്പം
ന്യൂഡൽഹി: ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന 30,000 കോടി രൂപയുടെ സ്വത്ത് തര്‍ക്കത്തില്‍ വീണ്ടും വഴിത്തിരിവ്. പിതൃസ്വത്ത് ആവശ്യപ്പെട്ട് കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനും ഡൽഹി ഹൈകോടതിയെ സമീപിച്ചതാണ് പുതിയ ട്വിസ്റ്റ്.
പിതാവിന്റെ സ്വത്തുക്കളുടെ നിയമപരമായ അവകാശികളായി തങ്ങളെ ഔദ്യോഗികമായി അംഗീകരിക്കണമെന്നും സ്വത്തിന്റെ അഞ്ചിലൊന്ന് വിഹിതം നൽകണമെന്നുമാണ് ഹരജിയിൽ ഇരുവരും ആവശ്യപ്പെട്ടത്. പിതാവ് മരിക്കുന്നതു വരെ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ബിസിനസ് യാത്രകളിൽ ഒപ്പം പോയിരുന്നുവെന്നും കുട്ടികൾ വാദിക്കുന്നു.
തങ്ങൾക്ക് സുരക്ഷിതമായ ഭാവിയും സ്വത്തുവകകളും പിതാവ് ഉറപ്പുനൽകിയിരുന്നു. മാത്രമല്ല, തങ്ങളുടെ പേരിൽ ബിസിനസ് സംരംഭങ്ങളും തുടങ്ങിയിരുന്നു. കുടുംബ ട്രസ്റ്റിന്റെ ഗുമഭോക്താക്കളായി നാമനിർദേശം ചെയ്യുകയും ചെയ്തുവെന്നും ഹരജിയിൽ വാദിക്കുന്നുണ്ട്.
സഞ്ജയ് കപൂറിന്റെ സ്വത്ത് വകകളിൽ രണ്ടാനമ്മ സമ്പൂർണ ആധിപത്യത്തിനായി ശ്രമിക്കുകയാണെന്നും സമൈറയും കിയാനും ആരോപിച്ചു. പിതാവിന്റെ സ്വത്തുക്കൾക്ക് തങ്ങളും അവകാശികളാണെന്ന് അവർ അവകാശവാദമുന്നയിക്കുകയും ചെയ്തു.
2025 ജൂലൈ 30 ന് കുടുംബയോഗത്തിനു മുന്നിൽ കാണിക്കാമെന്ന് പറഞ്ഞിരുന്ന സഞ്ജയ് കപൂറിന്റെ വിൽപത്രം രണ്ടാനമ്മയും രണ്ട് സഹായികളും ചേർന്ന് തടഞ്ഞുവെക്കുകയാണെന്നും ഇരുവരും ആരോപിച്ചു.
സഞ്ജയ് കപൂറിന്റെ വിൽപത്രം വ്യാജമാണെന്നും അതിന്റെ പകർപ്പ് നൽകിയിട്ടില്ലെന്നും കുട്ടികൾ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഒരു വിൽപത്രവുമില്ലെന്നാണ് ആദ്യം പ്രിയ പറഞ്ഞിരുന്നത്. സഞ്ജയ് കപൂറിന്റെ എല്ലാ സ്വത്തുക്കളും ആർ.കെ. ഫാമിലി ട്രസ്റ്റിന് കീഴിലാണെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ 2025 മാർച്ച് 21 എന്ന തീയതിയിലുള്ള ഒരു രേഖ അവർ പിന്നീട് ഹാജരാക്കി. അത് സഞ്ജയ് കപൂറിന്റെ വിൽപത്രമാണെന്നും അവകാശപ്പെട്ടു. ഈ വിൽപത്രമാണ് കുട്ടികൾ വ്യാജമാണെന്ന് ആരോപിക്കുന്നത്. പ്രിയയും അവരുടെ പ്രായപൂർത്തിയാകാത്ത മകനും രാജോക്രിയിലെ കുടുംബത്തിന്റെ ഫാംഹൗസിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇവർ രണ്ടുപേരുമാണ് ഹരജിയിൽ ആരോപിക്കപ്പെട്ട പ്രധാന പ്രതികൾ. മൂന്നാം പ്രതി സഞ്ജയ് കപൂറിന്റെ അമ്മയാണ്. ഇവരും പ്രിയക്കും മകനുമൊപ്പമാണ് താമസം.
സഞ്ജയ് കപൂറിന്റെ മരണ ശേഷം കിയാൻ ചിതക്ക് തീകൊളുത്തി അന്ത്യകർമങ്ങൾ നിർവഹിച്ചു. ലോധി ശ്മശാനത്തിലായിരുന്നു മരണാനന്തര ചടങ്ങുകൾ നടന്നത്. മരണശേഷം സ്വത്തുക്കൾ സമ്പൂർണമായി തട്ടിയെടുക്കാൻ പ്രിയ ശ്രമിക്കുകയാണെന്നും ഇരുവരും വാദമുയർത്തി. കോർപറേറ്റ് യോഗങ്ങളിലേക്കും മറ്റും വിളിച്ചു വരുത്തി തങ്ങളെ കൊണ്ട് നിർബന്ധിതമായി രേഖകളിൽ ഒപ്പിടിവിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
2025 ജൂണ്‍ 12ന് യു.കെയിലെ വിൻഡ്‌സറിൽ പോളോ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സഞ്ജയ് കപൂര്‍ അന്തരിച്ചത്. സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്ന സഞ്ജയ് കപൂറിന്റെ പേരിൽ വലിയൊരു ബിസിനസ് സാമ്രാജ്യമുണ്ടായിരുന്നു.
2003 ലായിരുന്നു സഞ്ജയ്-കരിഷ്മ വിവാഹം. 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. വിവാഹമോചനത്തിനു ശേഷം സഞ്ജയ് കപൂർ പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അസാരിയാസ് എന്നൊരു മകനുണ്ട്. നേരത്തെ വിവാഹമോചന സമയത്ത് കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കരിഷ്മക്കും മക്കള്‍ക്കും സഞ്ജയ് നീക്കിവെച്ചിരുന്നു.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.