അമിതാഭ് ബച്ചൻ അങ്ങനെ ചെയ്തത് വലിയ കാര്യം, പക്ഷെ അദ്ദേഹത്തിന് 4.5 കോടിയുടെ കാർ സമ്മാനിച്ചതിന് അമ്മ തല്ലി -വിധു വിനോദ് ചോപ്ര
text_fields'പരിന്ദ', '1942 എ ലവ് സ്റ്റോറി', '12th ഫെയിൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിർമാതാവും സംവിധായകനുമാണ് വിധു വിനോദ് ചോപ്ര. അമിതാഭ് ബച്ചൻ, സെയ്ഫ് അലി ഖാൻ, സഞ്ജയ് ദത്ത്, വിദ്യാ ബാലൻ, ബൊമൻ ഇറാനി എന്നിവർ അഭിനയിച്ച 'ഏകലവ്യ: ദി റോയ; ഗാർഡ്' എന്ന ചിത്രം സംവിധാനം ചെയ്തതും വിധു വിനോദ് ചോപ്രയാണ്. എന്നാൽ ഈ ചിത്രം ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല. ചിത്രത്തെക്കുറിച്ചും അമിതാഭ് ബച്ചന് 4.5 കോടി രൂപ വിലയുള്ള ആഡംബര കാർ സമ്മാനിച്ചതിനെക്കുറിച്ചുമുള്ള രസകരമായ കഥ ചോപ്ര ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.
ചോപ്രയോടൊപ്പം ജോലി ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അദ്ദേഹം തന്നെ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ അമിതാഭ് ബച്ചൻ വളരെ കുറച്ച് ലഗേജുമായാണ് ഷൂട്ടിന് വന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇത്ര കുറഞ്ഞ ലഗേജ് എന്ന് ചോദ്യത്തിന്, "ഒരു ആഴ്ചയിൽ കൂടുതൽ എനിക്ക് നിങ്ങളെ സഹിക്കാൻ കഴിയില്ലെന്ന് ജയ പറഞ്ഞു" എന്നായിരുന്നു ബച്ചന്‍റെ മറുപടി. അവരുടെ പ്രവചനം സത്യമായെന്നും ഒരു ആഴ്ച കഴിഞ്ഞപ്പോൾ തങ്ങൾ വഴക്കുണ്ടാക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അമിതാഭ് ബച്ചൻ സിനിമ പൂർത്തിയാക്കിയെന്നും വിധു വിനോദ് ചോപ്ര കൂട്ടിച്ചേർത്തു.
'അമിതാഭിന് കാർ സമ്മാനമായി നൽകുമ്പോൾ അമ്മയെയും കൂടെ കൊണ്ടുപോയി. അമ്മയാണ് താക്കോൽ കൊടുത്തത്. അവർ തിരിച്ചു വന്നു, എന്റെ കാറിൽ കയറി, അത് ഒരു നീല മാരുതി വാനായിരുന്നു. ആ സമയത്ത് ഡ്രൈവർ ഇല്ലാത്തതിനാൽ ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. നീ അദ്ദേഹത്തിന് വണ്ടി കൊടുത്തോ എന്ന അമ്മ ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ട് നിനക്ക് കാർ വാങ്ങിക്കൂടാ എന്ന് ചേദിച്ചു. ബച്ചന് നൽകിയ കാറിന്‍റെ വില അറിഞ്ഞപ്പോൾ മണ്ടൻ എന്ന് വിളിച്ച് അമ്മ എന്നെ തല്ലി' -അദ്ദേഹം പറഞ്ഞു.
അമിതാഭ് ബച്ചൻ തന്നെ സഹിച്ചതിനാലാണ് അദ്ദേഹത്തിന് 4.5 കോടി രൂപയുടെ ഒരു കാർ സമ്മാനമായി നൽകിയതെന്ന് വിധു വിനോദ് ചോപ്ര പറഞ്ഞു. അദ്ദേഹത്തിന്റെ പദവിയുള്ള ഒരു താരം തന്നെ സഹിച്ചത് വലിയ കാര്യമാണെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. ദി ലാലന്റോപ്പിന് നൽകിയ അഭിമുഖത്തിലാണ് അമിതാഭ് ബച്ചന് കാർ സമ്മാനിച്ചതിന്റെ കാരണം ചോപ്ര വെളിപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.