വൈറൽ പനി വന്നപ്പോൾ വൈറലായി, ഇനി എപ്പോഴും വിറക്കാം എന്ന് കരുതുന്നു; വിശാൽ
text_fieldsമദഗജരാജ എന്ന തമിഴ് സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ കടുത്ത പനിയെ തുടർന്ന് വേദിയിലെത്തിയ തമിഴ് നടൻ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ ഒരുപാട് ചർച്ചയായിരുന്നു. സ്പീച്ചിനായി മൈക്ക് കയ്യിലെടുക്കുമ്പോൾ വിറക്കുകയും നാക്ക് കുഴയുകയും ചെയ്ത വിശാലിനെ സങ്കടത്തോടെയാണ് ആരാധകർ നോക്കിയത്.
എന്നാൽ ആ വീഡിയോ തനിക്ക് നല്ലത് മാത്രമാണ് ഉണ്ടാക്കിയതെന്നും ഒരു പനി വന്നപ്പോൾ ആരൊക്കെയാണ് നമ്മളെ ശരിക്കും സ്നേഹിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചെന്നു വിശാൽ പറയുന്നു. ഒരു വൈറൽ പനി കാരണം താൻ വൈറൽ ആയെന്നും ഇനി ഉള്ള പരിപാടികൾ വിറച്ചാണ് തുടങ്ങാൻ പോകുന്നതെന്നും എന്നാൽ മാത്രമേ വൈറൽ ആകുകയുള്ളുവെന്നും വിശാൽ തമാശയായി പറഞ്ഞു.
'ഒരു വൈറൽ പനി കാരണം വൈറൽ ആയ നടനാണ് ഞാൻ. ആ വീഡിയോ കാരണം എനിക്ക് നല്ലത് മാത്രമാണുണ്ടായത്. എന്റെ എതിരാളികൾ പോലും എനിക്ക് സുഖമാണോ എന്ന് അന്വേഷിച്ചു. നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചാൽ അതിന് ഉത്തരം ലഭിക്കുന്നത് ചിലപ്പോൾ കുറേ കഴിഞ്ഞാവും, പക്ഷെ ഈ ഒരു വീഡിയോയിലൂടെ ആരൊക്കെയാണ് നമ്മളെ ശരിക്കും സ്നേഹിക്കുന്നതെന്ന് എനിക്ക് മനസിലായി.
12 വർഷം കഴിഞ്ഞു വരുന്ന ഒരു സിനിമയായിരുന്നു അത്, ആ സമയത്താണ് എനിക്ക് പനി വന്നത്. കടുത്ത പനി ആയിരുന്നു, വിറവലുണ്ടായി, ഡോക്ടർ പോകാൻ പാടില്ലെന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ സുന്ദർ സാറിന്റെ മുഖമാണ് മുന്നിൽ തെളിഞ്ഞത്. ഒരു മണിക്കൂർ അല്ലേ പിരിപാടി, പോയി വരാം എന്ന് പറഞ്ഞ് ഇറങ്ങിയതാണ്, പക്ഷെ വൈറലായി. ഇനി എല്ലാ പരിപാടിയും വിറച്ചുകൊണ്ട് പങ്കെടുക്കാൻ പോകുകയാണ്, കാരണം എന്നാൽ അല്ലേ വൈറൽ ആകുകയുള്ളൂ,' വിശാൽ പറഞ്ഞു.
ബോക്സ് ഓഫീസിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ 12 വർഷത്തിന് ശേഷം റിലീസ് ചെയ്ത മദഗജരാജക്ക് സാധിച്ചു. സുന്ദർ സി സംവിധാനം ചെയ്ത ചിത്രത്തിൽ വരലക്ഷമി ശരത്കുമാറും അഞ്ജലിയുമാണ് നായികമാരായിട്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.